തിരുമലനായ്ക്കൻ
![]() പതിനേഴാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ മധുര ഭരിച്ചിരുന്ന പ്രമുഖ നായ്ക്ക ഭരണാധികാരിയായിരുന്നു തിരുമല നായ്ക്കൻ. തമിഴ്നാടിന്റെ ചരിത്രത്തിൽ 15-ാം നൂറ്റാണ്ടിനുശേഷം അധികാരത്തിൽ വന്ന ഭരണാധികാരികളാണ് നായ്ക്കന്മാർ. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഇവർ അധികാരം ഉറപ്പിച്ചു. വേലൂർ, തഞ്ചാവൂർ, മധുര എന്നിവ നായ്ക്കന്മാരുടെ മൂന്ന് അധികാരകേന്ദ്രങ്ങളായിരുന്നു. ഇന്ന് മധുര-മീനാക്ഷി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന തിരുമലനായ്ക്കർ മഹൽ ഇദ്ദേഹത്തിന്റെ വാസ്തുശില്പ പ്രതിപത്തിക്ക് ഉദാഹരണമാണ്. 1625 മുതൽ 1659 വരെ ആയിരുന്നു ഇദ്ദേഹം അധികാരത്തിൽ ഇരുന്നത്. സമർഥനായ സൈന്യാധിപനായിരുന്ന തിരുമല നിരവധി പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കി. 1634-ൽ തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് അവിടം കീഴടക്കി. വേണാട്ടിലെ പ്രശസ്ത പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ തിരുമലനായ്ക്കന്റെ സൈന്യം പരാജയപ്പെടുത്തി. തുടർന്ന് രാമനാഥപുരം പ്രദേശവും കീഴിലാക്കി. പോർച്ചുഗീസുകാരുമായി തിരുമലനായ്ക്കൻ മികച്ച ബന്ധം പുലർത്തിയിരുന്നു. എന്നാൽ ഡച്ചുകാരുമായി ഇദ്ദേഹം ശത്രുതയിലായിരുന്നു. അസാമാന്യ ബലവാനും യുദ്ധവീരനും ആയിരുന്ന തിരുമല മൃദുല മനസ്കനുമായിരുന്നു. നീലകണ്ഠ ദീക്ഷിതർ എന്ന സംസ്കൃത പണ്ഡിതനെ പ്രോത്സാഹിപ്പിക്കാൻ ഇദ്ദേഹം തയ്യാറായത് ഈ മൃദുലത മൂലമെന്ന് പറയപ്പെടുന്നു. ലങ്കാവതരണം, നളചരിത നാടകം, നീലകണ്ഠവിജയം എന്നീ കൃതികൾ നായ്ക്കരുടെ പ്രോത്സാഹനത്തിൽ രചിക്കപ്പെട്ടു. മധുര മീനാക്ഷി ക്ഷേത്രം ഉൾപ്പെടെ പ്രദേശത്തുണ്ടായിരുന്ന നിരവധി ക്ഷേത്രങ്ങൾ പുനരുദ്ധരിച്ചു. തിരുമലനായ്ക്കൻ സമീപത്തുണ്ടായിരുന്ന മറ്റു രാജാക്കന്മാരുടെ സൈനികശേഷിയേയും അധികാരങ്ങളേയും നിയന്ത്രിച്ചിരുന്നു. അതിനാൽ കന്തീരവൻ എന്ന രാജാവ് ഇദ്ദേഹത്തിന്റെ എതിർപ്പിനു പാത്രമായി. കന്തീരവന്റെ ഒരു ആശ്രിതന് രാജ്യം വീണ്ടെടുത്തു കൊടുക്കാനുള്ള ശ്രമത്തെ ഒരിക്കൽ തിരുമലനായ്ക്കൻ തടഞ്ഞു. അതിനു പകരമായി കന്തീരവൻ മധുരയിലേക്ക് സൈന്യത്തെ അയയ്ക്കുകയും അവിടെയുള്ള നിരവധി ആളുകളുടെ മൂക്ക് അറുത്തെടുത്ത് മാലകോർത്ത് മൈസൂറിൽ എത്തിച്ചു. ഇതിനു പ്രതികാരമായി നായ്ക്കൻ അതുപോലെ തന്നെ മൈസൂരിലെ പലരുടെയും മൂക്ക് മുറിച്ച് മധുരയിലേക്ക് കടത്തി. നായ്ക്കർ ഉദാരമതിയായിരുന്നെങ്കിലും ഇത്തരം ഹീനകൃത്യങ്ങൾ മൂലം പാശ്ചാത്യ കമ്പനികൾക്കും മിഷണറിമാർക്കും നായ്ക്കനോട് കടുത്ത അമർഷമായിരുന്നു. റോബർട്ട് ഡി. നൊബിലി എന്ന റോമൻ കത്തോലിക്കാ മിഷണറി മധുരയിൽ വസിച്ച് തമിഴ് ഭാഷയുടെ വികാസത്തിനായി പ്രവർത്തിച്ചിരുന്നു. ഇത് തിരുമലനായ്ക്കന്റെ കാലഘട്ടത്തിലായിരുന്നു. അദ്ദേഹം തമിഴരെപ്പോലെ വസ്ത്രധാരണരീതി അവലംബിച്ചു. കൂടാതെ 'റോമാപുരി അയ്യർ' എന്ന പേരും സ്വയമേ സ്വീകരിച്ചു. വീരമാമുനിവർ എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത പണ്ഡിതനായ ഇദ്ദേഹം തമിഴിലെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. കൂടാതെ തമിഴ് ഗ്രന്ഥങ്ങൾ പാശ്ചാത്യ ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. തമിഴിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയതും ഈ വീരമാമുനിവർ ആണ്. അവലംബം
|
Portal di Ensiklopedia Dunia