തണ്ണീർമുക്കം തിരുരക്തദേവാലയം
ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കത്തോലിക്കാ ദേവാലയമാണ് തണ്ണീർമുക്കം തിരുരക്ത ദേവാലയം. ചരിത്രംവേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെ തീരത്ത്, തണ്ണീർമുക്കംകരയിൽ നിലകൊള്ളുന്ന തിരുരക്ത ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് 1926 മുതലാണ്. ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്ന അൻപതോളം കൃസ്‌ത്യൻ കുടുംബങ്ങൾ ആത്മീയ ആവശ്യങ്ങൾക്ക് കുടവെച്ചൂർ പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. ഒരു കിലോമീറ്ററിലേറെ വീതിയുള്ള വേമ്പനാട്ട്‌കായൽ കടന്ന് കുടവെച്ചൂർ പള്ളിയിൽ പോകൂക ഏറെ ക്ലേശകരമായിരുന്നു. തന്നെയുമല്ല അപകടകരവുമായിരുന്നു. ഈക്കാരണത്താൽ തണ്ണീർമുക്കത്തെ പൂർവ്വീകർ ഇവിടെ ഒരു ദേവാലയം വേണമെന്ന് തീവ്രമായി ആഗ്രഹിച്ചു. ചിട്ടികൾ, ചാത്തസംഘം തുടങ്ങിയ പരിപാടികളിലൂടെ പണം സ്വരൂപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അക്കാലത്തു നടത്തി. 1926- ൽ മോൺ: ജോസഫ് പഞ്ഞിക്കാരൻ അച്ചൻ തണ്ണീർമുക്കത്തുള്ള വെച്ചൂർ പള്ളിവക കണ്ടപ്പിള്ളി പുരയിടത്തിൽ സുവിശേഷപ്രചരണത്തിനായി വന്നു തമസിച്ചിരുന്നു. ഇവിടെയുള്ള ക്രൈസ്‌തവ വിശ്വാസികൾ ആത്മീയ കാര്യങ്ങൾ സാധിക്കുന്നതിനുവേണ്ടി നേരിടുന്ന വിഷമതകൾ മനസ്സിലാക്കിയ അച്ചൻ തണ്ണീർമുക്കം കരയിൽ തിരുരക്തത്തിന്റെ നാമത്തിൽ ഒരു ദേവാലയം നിർമ്മിക്കുന്നതിന് 4000 രൂപാ സഹായം വാഗ്‌ദാനം ചെയ്‌തു. അക്കാലത്ത് കുടവെച്ചൂർ പള്ളി വികാരിയായിരുന്ന പുത്തനങ്ങാടി ഇത്താക്കച്ചൻ തണ്ണീർമുക്കത്ത് ഒരു ദേവാലയം സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങുകയും വെച്ചൂർ പള്ളിവക തൈക്കൂട്ടത്തിൽ പുരയിടവും അതിനേടു ചെർന്നുള്ള അരേശ്ശേരിൽ പുരയിടവും ചേർത്ത് ഒരേക്കർ 32 സെന്റ് പുരയിടത്തിൽ ഒരു ദേവാലയം നിർമ്മിക്കുന്നതിനു തീരുമാനിക്കുകയും ചെയ്‌തു. 1927 ഒക്‌ടോബർ 12-ാം തീയതി എറണാകുളംഅരമനക്കച്ചേരിയിൽ നിന്നും തണ്ണീർമുക്കത്ത് ഒരു ദേവലയം നിർമ്മിക്കുന്നതിനുള്ള അനുവാദം ലഭിച്ചു.1928 ജൂലൈ 11-ാം തീയതി ദേവാലയ നിർമ്മാണത്തിന് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ സർക്കാരിനു സമർപ്പിക്കുകയും ആ വർഷം തന്നെ 382-ാം നമ്പരായി സർക്കാരിൽ നിന്നും അനുമതി ലഭിക്കുകയും ചെയ്‌തു. സർക്കാർ ഉത്തരവു ലഭിച്ചതിനെതുടർന്ന് താൽക്കാലികമായി ഒരു കെട്ടിടം നിർമ്മിക്കുകയും 1928 ഒക്‌ടോബർ 7 ന് ഞായറാഴ്‌ച ആദ്യമായി ഇവിടെ ദിവ്യബലി അർപ്പിക്കുകയും ചെയ്‌തു. ഒരു നല്ല ദേവാലയം ഇവിടെ നിർമ്മിക്കണം എന്ന് ഈ നാട്ടിലെ ജനങ്ങൾ തീവ്രമായി ആഗ്രഹിക്കുകയും ഇതിനായി കെട്ടുതെങ്ങു പിരിവ്, വീതപ്പിരിവ്, പിടിയരിപ്പിരിവ് തുടങ്ങിയ സമ്പാദ്യപദ്ധതികളിലൂടെ പണം സ്വരൂപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അതോടൊപ്പംതന്നെ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ അച്ചൻ വാഗ്‌ദാനം ചെയ്‌ത തുക സ്ഥലവാസികളായ പുന്നക്കൽ ചെറിയാൻ ചാക്കോ, പുന്നേക്കാട്ടുകരിയിൽ ഔസേപ്പ് ഫ്രഞ്ചു, കുമരശ്ശേരിൽ ഉലഹന്നാൻ തോമ, അയ്യ്യംമ്മാക്കിൽ തൊമ്മൻ, നടുവിലവീട്ടിൽ ഉലഹന്നാൻ തൊമ്മൻ എന്നിവർ ചേർന്ന് കച്ചീട്ടെഴുതിക്കൊടുത്തു വാങ്ങി. മാതൃദേവാലയമായ കുടവെച്ചൂർ പള്ളിയിൽ നിന്നും ആവശ്യമായ സഹായങ്ങളും അക്കാലത്തു ലഭിച്ചിരുന്നു. ഈ സഹായങ്ങളെല്ലാം ഉപയോഗപ്പെടുത്തി ഈനാട്ടിലെ ജനങ്ങളുടെയെല്ലാം ആത്മാർത്ഥമായ സഹകരണത്തോടെ വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറെ തീരത്ത് കുടവെച്ചൂർ പള്ളിക്കഭിമുഖമായി മനോഹരമായ ഒരു ദേവാലയം പണിതുയർത്തി. 1931 ജൂലൈമാസത്തിൽ പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പു കർമ്മം അന്നത്തെ വികാരി ജനറാളായിരുന്ന റൈറ്റ് റവ. ജോർജ് വെല്യാറമ്പത്തു നിർവ്വഹിച്ചു. വെച്ചൂർപള്ളിയുടെ കുരിശുപള്ളിയായി പരിഗണിക്കപ്പെട്ടിരുന്ന ഈ ദേവാലയത്തിൽ അക്കാലത്ത് ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിരുന്നത് കുടവെച്ചൂർ പള്ളിയിൽ നിന്നുമുള്ള അസിസ്റ്റന്റ് വികാരിമാരായിരുന്നു. 1937 ആഗസ്റ്റ് 18-ാം തീയതിയാണ് തണ്ണീർമുക്കം തിരുരക്ത ദേവാലയം ഒരിടവകപള്ളിയായി ഉയർത്തപ്പെട്ടത്. ഇടവക ദേവാലയമായി ഉയർത്തപ്പെട്ടുവെങ്കിലും ഇവിടെ സെമിത്തേരി സ്ഥാപിച്ചിരുന്നില്ല. ആയതിനാൽ അക്കാലങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നത് കുടവെച്ചൂർ പള്ളിയുടെ സെമിത്തേരിയിലായിരുന്നു. സെമിത്തേരി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചില എതിർപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും 1948-ൽ കമ്മട്ടിൽ മത്തായിയച്ചന്റെ പരിശ്രമഫലമായി ഒരു സെമിത്തേരി നിർമ്മിക്കുന്നതിനും കഴിഞ്ഞു. നിലവിലുണ്ടായിരുന്ന ദേവാലയം ഇടവകജനങ്ങളുടെ ആവശ്യത്തിന് മതിയാകാതെ വന്നതിനാൽ ഫാ: മാത്യുമുട്ടംതോട്ടിലിന്റെ നേതൃത്വത്തിൽ പുതിയൊരു ദേവാലയം നിർമ്മിക്കുകയും 1984 മെയ് 4-ാം തീയതി മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് പ്രതിഷ്‌ഠാകർമ്മം നിർവ്വഹിക്കുകയും ചെയ്‌തു. തുരുരക്തത്തിന്റെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശന തിരുന്നാളാണ് പ്രധാന തിരുന്നാളായി ആഘോഷിക്കുന്നത്. കേരള കത്തോലിക്കാ സഭയിലെ പ്രമുഖ ചിന്തകനും പ്രഭാഷകനും താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന കാലം ചെയ്‌ത ബിഷ്‌പ്പ് സെബാസ്റ്റ്യൻ മങ്കുഴിക്കരി തണ്ണീർമുക്കം ഇടവകാംഗമായിരുന്നു * തണ്ണീർമുക്കം തിരുരക്തദേവാലയം[1] അവലംബം
|
Portal di Ensiklopedia Dunia