ഡെത് വാലി
പൂർവ-മധ്യ കാലിഫോർണിയയിലെ ഇന്യോ (Inyo) കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ആഴമേറിയ ഒരു താഴ്വരയാണ് ഡെത് വാലി. ഈ താഴ്വരയുടെ ചെറിയൊരു ഭാഗം നെവാഡ പ്രദേശത്തേക്കും വ്യാപിച്ചിരിക്കുന്നു. പാനാമിന്റ്-അമാർഗോസ (Panamint and Amargosa) മലനിരകൾക്കിടയിലാണ് ഡെത് വാലിയുടെ സ്ഥാനം. 1425 ച. കി. മീ. ഓളം വിസ്തൃതി ഇതിനുണ്ട്. കാലിഫോർണിയായിലെ മറ്റെല്ലാ തടങ്ങളെയും പോലെ ഡെത് വാലിയുടെയും അക്ഷം സിയെറ-നവാദ മലനിരകളുടെ അക്ഷത്തിന് ഏകദേശം സമാന്തരമായാണ് വരുന്നത്. പരമാവധി നീളം: 225 കി. മീ.; വീതി: 6-25 കി. മീ.. സമുദ്രനിരപ്പിൽ നിന്ന് 86 മീ. താഴ്ചയിലുള്ള ഇവിടത്തെ 'ബാഡ് വാട്ടർ' പ്രദേശം പശ്ചിമാർധഗോളത്തിലെ തന്നെ ഏറ്റവും താഴ്ച്ചയുള്ള പ്രദേശമാകുന്നു. 1849-ൽ താഴ്വരയിലെ പ്രതികൂല പരിസ്ഥിതിയെ അതിജീവിച്ച ഒരു സംഘം സാഹസികരാണ് ഈ പ്രദേശത്തെ ഡെത് വാലി എന്ന് വിശേഷിപ്പിച്ചത്. 1849-ലെ സ്വർണ വേട്ടയുടെ സമയത്ത് കാലിഫോണിയായിലേക്കുള്ള എളുപ്പമാർഗ്ഗം അന്വേഷിച്ചു വന്നവരായിരുന്നു ഇവർ. നിരവധി പേരുടെ മരണത്തിനും യാതനകൾക്കും ഒടുവിലാണ് പടിഞ്ഞാറേക്കുള്ള യാത്രയിൽ ഇവർ വിജയം കണ്ടെത്തിയത്. 1850 ജനു.-യിൽ ഇവർ പാനാമിന്റ് നിരയുടെ കുത്തനെയുള്ള ചരിവുകൾ വഴി ഈ പ്രദേശം മുറിച്ചു കടന്നു. തങ്ങൾ അനുഭവിച്ച യാതനകളുടെ സ്മരണാർഥമാണ് ഈ പ്രദേശത്തിന് 'ഡെത് വാലി' എന്ന പേര് നൽകിയത്. 1933-ൽ നിലവിൽ വന്ന 'ഡെത് വാലി നാഷണൽ മോണുമെന്റി'ന്റെ ഭാഗമാണ് ഇപ്പോൾ ഡെത് വാലി. വേനൽക്കാലത്ത് യു.എസ്സിലെ ഏറ്റവും വരതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നായി മാറുന്ന ഡെത്‌വാലിയിൽ നവംബർ-മേയ് കാലയളവിൽ ഭേദപ്പെട്ട കാലാവസ്ഥയനുഭവപ്പെടുന്നു. 9.4°-യാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില. വാർഷിക വർഷപാതം അഞ്ചു സെ.മീ.-ലും താഴെയാണ്. താഴ്വരയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും മഞ്ഞുകാലത്തെ നേരിയ സൂര്യപ്രകാശവും ഈ പ്രദേശത്തെ കാലിഫോർണിയയിലെ ഒരു പ്രധാന മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പാനാമിന്റ് നിരകളിലെ 3365 മീ. ഉയരമുള്ള ടെലസ്കോപ് കൊടുമുടിയാണ് ഇവിടത്തെ പ്രധാന ആകർഷണകേന്ദ്രം. ടെലസ്കോപ് കൊടുമുടിയിൽ നിന്നും ഡെത് വാലി പ്രദേശം മുഴുവൻ ദൃശ്യമാണ്. കാലിഫോർണിയയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ വിറ്റ്നി പർവതം (Mt.Whitney; 4571 മീ.) ഡെത് വാലിയിൽ നിന്ന് ഉദ്ദേശം 130 കി.മീ. അകലെ സ്ഥിതിചെയ്യുന്നു. നവംബർ മുതൽ മേയ് വരെ ഇവിടെ വിനോദസഞ്ചാരികൾക്ക് പ്രവേശനം ലഭ്യമാണ്. ഡെത് വാലിയിലെ ഉപ്പുതടങ്ങളൊഴികെയുള്ള പ്രദേശങ്ങളിൽ സസ്യങ്ങൾ വളരുന്നു. ഉപ്പുതടങ്ങളുടെ പാർശ്വങ്ങളിൽ കളസസ്യങ്ങൾ (Pickle weed) കാണാം. മെസ്കിറ്റ് (Mesquite), ഡെത് വാലിസേജ് (Death Valley Sage), ഡെസർട്ട് ഹോളി (Desert Holly), കള്ളിച്ചെടികൾ, കുറ്റിച്ചെടികൾ എന്നിവയാണ് ഇവിടത്തെ പ്രധാന സസ്യങ്ങൾ. പലതരം ജന്തുക്കളും ഈ താഴ്വരയിലുണ്ട്. ഒരിനം ചെന്നായ (Coyote), മുയൽ, ഒരിനം വിഷപ്പാമ്പ് (Rattle Snake), കാട്ടുപൂച്ച, അണ്ണാൻ, പല്ലി വർഗത്തിൽപ്പെട്ട ജന്തുക്കൾ മുതലായവ മുഖ്യ ജീവജാലങ്ങളാണ്. 14 ഇനം പക്ഷികളെ ഡെത് വാലിയിൽ കത്തിണ്ടെത്തിയിട്ടുണ്ട്. 'ഡെസേർട്ട് സാർഡൈൻ' എന്ന ഒരിനം ചെറുമത്സ്യം മരുഭൂമിയിലെ ചില ജലാശയങ്ങളിൽ കാണപ്പെടുന്നുണ്ട്. ഉദ്ദേശം 209 കി. മീ. നീളവും 10-23 കി. മീ. വീതിയുമുള്ള ആഴമേറിയ ഒരു തടമായ ഡെത് വാലിയെ 'ഗ്രാബെൻ' (graben) എന്ന ഭ്രംശതാഴ്വര വിഭാഗത്തിൽപ്പെടുത്താം. ഡെത് വാലിയുടെ ഇരുവശങ്ങളിലും കാണപ്പെടുന്ന ചെങ്കുത്തായ ഭൂഭാഗങ്ങൾ നയനമനോഹരമാണ്. താഴ്വരയുടെ വടക്കേയറ്റത്ത് 'യൂബെഹിബ് (Ubehebe) ക്രേറ്റർ' എന്ന അഗ്നിപർവതമുഖം സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിന് താഴെയാണെങ്കിലും ഒരിക്കലും ഈ പ്രദേശത്ത് കടൽ കയറിയിട്ടില്ല. ഹിമയുഗത്തിൽ സിയെറ-നെവാഡയിലെ മഞ്ഞുരുകൽ ഓവെൻസ് താഴ്വര മുതൽ ഡെത് വാലി വരെയുള്ള തടാകശൃംഖലയിൽ നീരൊഴുക്കിനും അന്ന് ഇവിടെ അനുഭവപ്പെട്ടിരുന്ന ഈർപ്പഭരിതമായ കാലാവസ്ഥ താഴ്വരയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തടാകങ്ങൾ രൂപം കൊള്ളുന്നതിനും കാരണമായി. ക്രമേണ കാലാവസ്ഥ ഊഷരമാവുകയും ഊഷരതയുടെ വർധനവിനാനുപാതികമായി തടാകവിസ്തൃതി കുറയുകയും ഒടുവിൽ ജലാശയം തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. തടാകവിസ്തൃതിയും ജലത്തിന്റെ അളവും കുറഞ്ഞതോടെ തടാകജലത്തിലെ ലവണാംശത്തിന്റെ പരിമാണം വർധിക്കുകയും ക്രമേണ അത് തടാകത്തട്ടിൽ അടിയുകയും ചെയ്തു. ഡെത് വാലിയുടെ ചില ഭാഗങ്ങളിൽ കാറ്റിന്റെ അപരദന പ്രക്രിയമൂലം രൂപീകൃതമായിട്ടുള്ള ചില ഭൂരൂപങ്ങൾ കാണാം. താഴ്വരയുടെ ഏതാണ്ട് മധ്യഭാഗത്ത്, ഏകദേശം 155 ച. കി. മീ. വിസ്തൃതിയിലായി മണൽ കൂനകൾ സ്ഥിതിചെയ്യുന്നു. താഴ്വരയിലെ പല ഭാഗങ്ങളിലും ശുദ്ധജലം ലഭ്യമാണ്. ചിലയിടങ്ങളിൽ ഉപ്പുരസമുള്ള ജലമാണുള്ളത്. താഴ്വരയിലെ ഒരു നീരുറവയിൽ നിന്നും ലഭിക്കുന്ന ജലം ഇവിടെ പ്രവർത്തിക്കുന്ന ഒരു ഹോട്ടലിനും ഈന്തപ്പഴത്തോട്ടത്തിനും ആവശ്യമായ ശുദ്ധജലം പ്രദാനം ചെയ്യുന്നു. മനുഷ്യവാസമില്ലാതിരുന്ന ഈ താഴ്വരയിലേക്ക് മനുഷ്യരെ ആകർഷിച്ചത് ഇവിടത്തെ ബോറാക്സ് നിക്ഷേപങ്ങളായിരുന്നു. 1873-ൽ ഇവിടെ ബോറാക്സ് നിക്ഷേപങ്ങൾ കണ്ടെത്തി. 1880-കളുടെ തുടക്കത്തിൽ ബൊറാക്സ് ഖനനം ആരംഭിച്ചതോടെയാണ് ഈ പ്രദേശത്ത് മനുഷ്യവാസവും വികസനവും ആരംഭിച്ചത്. ധാതുപര്യവേക്ഷകർ ഡെത് വാലിപ്രദേശത്തു നിന്നും ചെമ്പ്, വെള്ളി, ഈയം, സ്വർണം തുടങ്ങിയ ധാതുക്കൾ കൂടി കണ്ടെത്തിയതോടെ ഇവിടെ ധാരാളം ഖനനനഗരങ്ങൾ നിലവിൽവന്നു. ബുൾഫ്രോഗ് (Bullfrog), ഗ്രീൻ വാട്ടർ (Green water), റയോലൈറ്റ് (Rhyolite), സ്കിഡൂ (Skidoo) എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയായിരുന്നു. കാലക്രമേണ ധാതുനിക്ഷേപങ്ങളുടെ ഉറവകൾ തീർന്നതോടെ ഖനനനഗരങ്ങൾ ക്ഷയിക്കുകയും അവശിഷ്ടങ്ങളുടെ ശ്മശാനങ്ങളായി തീരുകയും ചെയ്തു. 1933-ൽ ഡെത് വാലിയും അനുബന്ധ പ്രദേശങ്ങളും ഉൾപ്പെടുത്തി 'ഡെത് വാലി നാഷണൽ മോണുമെന്റ്' രൂപീകരിച്ചു. 7917 ച. കി. മീ. വിസ്തൃതിയുള്ള ഈ സംരക്ഷിതപ്രദേശം 'നാഷണൽ പാർക്ക് സർവെ'യാണ് രൂപം നൽകിയത്. ഒ. മധ്യത്തിലാരംഭിക്കുന്ന വിനോദസഞ്ചാരം ന. പകുതിയിൽ അവസാനിക്കുന്നു. ഈ സമയത്ത് വിനോദസഞ്ചാരികൾക്ക് ഇവിടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. വേണ്ടത്ര മഴയും അനുയോജ്യമായ താപനിലയും അനുഭവപ്പെടുന്ന മഞ്ഞുമാസങ്ങളിൽ ഈ താഴ്വര മനോഹരങ്ങളായ പൂക്കൾകൊണ്ടുമൂടുക പതിവാണ്. ഡെത് വാലിയിലെ അപൂർവമായ ഈ മനോഹാരിത ആസ്വദിക്കാൻ സ്വദേശത്തുനിന്നും വിദേശത്തുനിന്നും നിരവധി വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്. ഹിമനദികളുടെ അപരദനംമൂലം മിനുസപ്പെട്ട ചെങ്കുത്തായ ശിലകൾ, വർഷങ്ങളോളം മ്യൂൾ സംഘങ്ങൾ ബോറാക്സ് ചുമന്നു കൊണ്ടുപോയിരുന്ന വളഞ്ഞുപുളഞ്ഞപാതകൾ എന്നിവ ഡെത് വാലിയിൽ എത്തുന്ന വിനോദസഞ്ചാരികളെ വിസ്മയപ്പെടുത്തുവാൻ പര്യാപ്തമാണ്. കാലാവസ്ഥ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia