ഡയോണിയ
ഒരു കീടഭോജിസസ്യമാണ് ഡയോണിയ.ഡ്രോസെറേസി(Droseraceae)കുടുംബത്തിൽപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം ഡയോണിയ മസ്സിപ്പുല (Dionaea muscipula) എന്നാണ്. ഡയോണിയയ്ക്ക് ഒരു സ്പീഷീസ് മാത്രമേയുള്ളൂ. വീനസ് ഫ്ളൈട്രാപ്പ് എന്നാണിതു പൊതുവേ അറിയപ്പെടുന്നത്. ഇവ യു എസ്സിൽ ധാരാളമായി വളരുന്നുണ്ട്. ഡയോണിയ അതിന്റെ ഇലകൾ ഉപയോഗിച്ചാണ് പ്രാണികളെ കുടുക്കിലാക്കുന്നത്. ഇലയുടെ അരികിൽ ഗ്രാഹികൾ അഥവാ സ്പർശകങ്ങൾ കാണപ്പെടുന്നു. പർണദളം രണ്ടു പാളികളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു പ്രാണി എത്തിപ്പെട്ടാലുടനെ തന്നെ മറ്റേഭാഗം വളരെ വേഗത്തിൽ പ്രാണിയുടെ മുകളിലേക്ക് മടങ്ങുകയും ഇരയെ കുടുക്കുകയും ദഹിപ്പിച്ച് ആഹാരമാക്കുകയും ചെയ്യുന്നു. ഇലയുടെ മധ്യസിര (midrib) ഒരു വിജാഗരിപോലെ പ്രവർത്തിക്കുന്നതിനാലാണ് ഇലയ്ക്ക് മടങ്ങാൻ കഴിയുന്നത്. ഇലഞെട്ട് പരന്ന് ചിറകുപോലെയുള്ളതാണ്. ഇതിന്റെ ചുവടുഭാഗത്തുള്ള സസ്യകലകളിൽ അന്നജം ശേഖരിക്കപ്പെട്ടിരിക്കുന്നതിനാൽ ഈ ഭാഗം തടിച്ചിരിക്കും.ഇലകളിലുള്ള രോമങ്ങളും ഗ്രന്ഥികളും പ്രാണികളെ ആകർഷിച്ചു പിടിച്ച് ദഹിപ്പിക്കാൻ സഹായിക്കുന്നു. ഇലകളിൽ മകുടത്തോടു കൂടിയ (capitate) ഗ്രന്ഥിരോമങ്ങളുണ്ട്. ഇവ കീടങ്ങളെ ദഹിപ്പിക്കുന്നതിനനുയോജ്യമായ പ്രോട്ടിയോലൈററിക എൻസൈമുകളെ ഉത്പ്പാദിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ഇലയുടെ കക്ഷ്യങ്ങളിൽ നിന്ന് സൈമോസ് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾക്ക് ചിരസ്ഥായിയായ അഞ്ചുബാഹ്യദളങ്ങളും അഞ്ചുദളങ്ങളുമുണ്ടായിരിക്കും.10-20 കേസരങ്ങൾ രണ്ടു നിരകളിലായി ദളങ്ങളിൽ ഒട്ടിച്ചേർന്ന നിലയിലാണ് കാണപ്പെടുന്നത്. അണ്ഡാശയത്തിൽ നിരവധി അണ്ഡങ്ങൾ ഉണ്ടായിരിക്കും. ഫലം അനേകം വിത്തുകളുള്ള കാപ്സ്യൂളാണ്. ഒരു അലങ്കാരസസ്യമായി പുന്തോട്ടങ്ങളിൽ ഇവയെ നട്ടുവളർത്താറുണ്ട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia