ടാൽക്
ഒരിനം അമ്ല മഗ്നീഷ്യം സിലിക്കേറ്റ് ധാതവം. മോവിന്റെ കാഠിന്യമാപകത്തിൽ ഏറ്റവും താഴെയാണ് ടാൽക്കിന്റെ സ്ഥാനം (കാഠിന്യാങ്കം: 1). ശുദ്ധാവസ്ഥയിൽ വളരെ മൃദുവാണ്. വെള്ള, പച്ചകലർന്ന വെള്ള, ചാരം, തവിട്ട് എന്നീ നിറങ്ങളിൽ പാളികളായോ സിരകളായോ പിണ്ഡാവസ്ഥയിലോ പ്രകൃതിയിൽ കാണപ്പെടുന്നു. മഗ്നീഷ്യം സിലിക്കേറ്റിനോ അത്യുൽസിലിക ശിലകൾക്കോ പരിവർത്തനം സംഭവിച്ചതിന്റെ പരിണതഫലമാണ് ടാൽക്. അശുദ്ധ ഡോളിമിറ്റിക് മാർബിളിന് രാസപരിണാമം സംഭവിച്ചും ടാൽക് രൂപം കൊള്ളാറുണ്ട്. സെർപെന്റീൻ, കാൽസൈറ്റ്, ഡോളൊമൈറ്റ്, മഗ്നെസൈറ്റ് എന്നിവയാണ് പ്രധാന സഹവർത്തിത ധാതവങ്ങൾ. അഭ്രപാളിയോടു സാദൃശ്യമുള്ള ടാൽക് ഘടനയിൽ വൈദ്യുത നിഷ്ക്രിയ മഗ്നീഷ്യം സിലിക്കേറ്റു പാളികളെ ദുർബലമായ വ്യൂത്പന്ന രാസബന്ധത്താൽ ബന്ധിച്ചിരിക്കുന്നു. തത്ഫലമായി ടാൽക്കിന് കുറഞ്ഞ കാഠിന്യവും സുവ്യക്തമായ ആധാരവിദളനവും ലഭ്യമാകുന്നു. ആ. ഘ: 2.7 - 2.8; ചൂർണാഭ: വെള്ള; രാസസംഘടനം : Mg3 SiO4 O10 (OH)2 ആഗ്നേയശിലകളിൽ, പ്രത്യേകിച്ചും പെരിഡോട്ടൈറ്റ്, പൈറോക്സിനൈറ്റ് എന്നിവയിലാണ് ടാൽക്കിന്റെ പ്രധാന ഉപസ്ഥിതി. സിലിക്കേറ്റ് ധാതവങ്ങളുടെ രാസപരിവർത്തനമാണ് ഇവിടെ ടാൽക്കിന്റെ രൂപീകരണത്തിനു നിദാനം. മഗ്നീഷ്യം ഉപസ്ഥിതശിലകൾക്ക് ജലവുമായുള്ള രാസപ്രവർത്തനത്തിന്റെ ഫലമായും, പൈറോക്സീൻ, ആംഫിബോൾ, ഒലിവീൻ എന്നീ ധാതവങ്ങളുടെ പരിവർത്തനംമൂലവും ടാൽക് രൂപപ്പെടാം. ട്രെമൊളൈറ്റിനൊപ്പം കാണപ്പെടുന്ന ടാൽക് ട്രെമൊളൈറ്റിന്റെ തന്നെ ഒരു ഉത്പന്നമാണ്. ടാൽക്, ക്ലോറൈറ്റ്, ട്രെമൊളൈറ്റ് എന്നീ ധാതുക്കൾ അടങ്ങിയ ശിലയെയാണ് വ്യാവസായികമായി ടാൽക് എന്നു വിവക്ഷിക്കുന്നത്. പോട്സ് റ്റോണും, സ്റ്റിയറ്റൈയ്റ്റുമാണ് പിണ്ഡാവസ്ഥയിലുള്ള മുഖ്യ ടാൽക്കിനങ്ങൾ. പ്രധാനമായും ടാൽക് അടങ്ങിയതും താരതമ്യേന ശുദ്ധവും സുസംഹതവും പിണ്ഡാകാരവുമായ ശിലാപദാർഥത്തെ സൂചിപ്പിക്കേണ്ടി വരുമ്പോഴാണ് സ്റ്റിയറ്റൈയ്റ്റ് എന്ന സംജ്ഞ ഉപയോഗിക്കുന്നത്. ന്യൂയോർക്ക്, കാലിഫോർണിയ, ഉത്തര കരോളിന എന്നിവയാണ് ലോകത്തെ പ്രധാന ടാൽക് ഉത്പാദകരാജ്യങ്ങൾ. യു.എസ്., ഫ്രാൻസ്, ഇറ്റലി, ആസ്റ്റ്രിയ, ജപ്പാൻ എന്നിവിടങ്ങളിലും ഗണ്യമായ തോതിൽ ടാൽക് നിക്ഷേപമുണ്ട്. സിറാമിക് വ്യവസായത്തിലെ ഒരു സുപ്രധാന അസംസ്കൃത വസ്തുവാണ് ടാൽക്. സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമ്മാണത്തിനു പുറമേ പെയിന്റ്, പേപ്പർ, റബർ എന്നീ വ്യവസായങ്ങളിലും ഈ ധാതവം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അവലംബം
അധിക വായനയ്ക്ക്പുറം കണ്ണികൾ
|
Portal di Ensiklopedia Dunia