ചൊവ്വ
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ[10] ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഇതിനു കൊടുത്തിരിക്കുന്നത്. നേരിയ അന്തരീക്ഷ 1965-ൽ മാരിനർ 4 ചൊവ്വയെ സമീപിക്കുന്നതുവരെ ഗ്രഹോപരിതലത്തിൽ ദ്രവജലം സ്ഥിതിചെയ്യുന്നതിനെ കുറിച്ച് പല ഊഹങ്ങളും നിലനിന്നിരുന്നു. സമയംചെല്ലുംതോറും ഉപരിതലത്തിലെ ഇരുണ്ട ഭാഗങ്ങളിലും തെളിഞ്ഞഭാഗങ്ങളിലും, പ്രത്യേകിച്ച് ധ്രുവങ്ങളോട് അടുത്തുള്ള മേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാരണമായിരുന്നു അവ, അത്തരം ഇരുണ്ടതും തെളിഞ്ഞതുമായ ഭാഗങ്ങൾ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ഇരുണ്ട് നീളത്തിൽ കിടക്കുന്നവ ജലസേചനം നടത്തുന്നതിനുള്ള കനാലുകളാണെന്നും തെറ്റിദ്ധരിക്കപ്പെട്ടു. സൗരയൂഥത്തിൽ ഭൂമി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദ്രവജലം ഉണ്ടാകാൻ സാധ്യതയുള്ളതും അതുവഴി ജീവൻ ഉണ്ടാകാൻ സാധ്യതയേറിയതുമായ ഗ്രഹമാണെങ്കിലും ഇരുണ്ട് നീളത്തിൽ കാണപ്പെടുന്ന അത്തരം ഭാഗങ്ങൾ മായക്കാഴ്ചകളിൽ പെട്ടതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.[13] ചില സംരംഭങ്ങൾ വഴി ലഭിച്ച ഭൂമിശാസ്ത്ര വിവരങ്ങൾ മുൻപ് ഒരു കാലത്ത് വലിയ അളവിൽ ജലം ഉപരിതലത്തിൽ ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്, കൂടാതെ ചെറിയ ഉറവകൾ പോലെയുള്ളവ കഴിഞ്ഞ സമീപകാലങ്ങളിൽ ഒഴുകിയിട്ടുമുണ്ടാകാം എന്നും ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.[14] 2005 ൽ റഡാർ വഴി ലഭിച്ച വിവരങ്ങൾ ധ്രുവങ്ങളിലും അതിനു സമീപ അക്ഷാംശങ്ങളിലും വലിയതോതിൽ ജലം ഹിമരൂപത്തിൽ സ്ഥിതിചെയ്യുന്നുണ്ട് എന്ന കാര്യം വെളിപ്പെടുത്തിയിതന്നു,[15][16][17] 2008 ജൂലൈ 31 ന് ഫീനിക്സ് മാർസ് ലാൻഡർ ചൊവ്വയിലെ മണ്ണിനടിയിൽ നിന്ന് ഹിമത്തിന്റെ സാമ്പിളുകൾ കണ്ടെത്തുകയുമുണ്ടായി.[18] ഫോബോസ്, ഡീമോസ് എന്നീ ചെറുതും അനിയതരൂപത്തിലുള്ളതുമായ രണ്ട് ഉപഗ്രഹങ്ങളാണ് ചൊവ്വയ്ക്കുള്ളത്. 5261 യൂറേക്ക എന്ന ട്രോജൻ ഛിന്നഗ്രഹത്തെപ്പോലെ ഇവയും ചൊവ്വ സ്വന്തം ആകർഷണപരിധിയിൽ പിടിച്ചെടുത്ത ക്ഷുദ്രഗ്രഹങ്ങളാകാം. നിലവിൽ പ്രവർത്തനനിരതമായ അഞ്ച് ബഹിരാകാശപേടകങ്ങൾ ചൊവ്വയെ വലം വയ്ക്കുന്നുണ്ട്: നാസയുടെ മാർസ് ഒഡീസ്സി, മാർസ് റികണൈസൻസ് ഓർബിറ്റർ, മാവെൻ ബഹിരാകാശപേടകം എന്നിവയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മാർസ് എക്സ്പ്രസ്സും, ഇന്ത്യയുടെ പ്രഥമ ചൊവ്വാദൌത്യമായ മാർസ് ഓർബിറ്റർ മിഷൻ എന്നിവയാണവ. സ്പിരിറ്റ്, ഓപ്പർച്യുനിറ്റി, ക്യൂരിയോസിറ്റി എന്നീ 3 പര്യവേഷണവാഹനങ്ങളുൾപ്പെടെ വിജയിച്ചതും അല്ലാത്തതുമായ ഏതാനും മനുഷ്യനിർമ്മിത വസ്തുക്കളും ചൊവ്വോപരിതലത്തിലുണ്ട്. -2.91 വരെ ദൃശ്യകാന്തിമാനത്തോടെ ആകാശത്തിൽ പ്രത്യക്ഷപ്പെടുന്ന ചൊവ്വയെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നതാണ്.[5] സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവ മാത്രമാണ് തിളക്കത്തിൽ ചൊവ്വയുടെ മുന്നിലുള്ളവ, എങ്കിലും കൂടുതൽ സമയവും വ്യാഴം ചൊവ്വയേക്കാൾ തിളക്കത്തോടെ ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. ഭൂമിയോട് അടുത്തുവരുന്ന അവസരങ്ങളിലെ ശരാശരി അകലം 7.8 കോടി കിലോമീറ്റർ ആണെങ്കിലും വെറും 5.57 കോടി കിലോമീറ്റർ അകലത്തിൽവരെ ചൊവ്വ വരാറുണ്ട്, ഈ രീതിയിൽ 2003 ൽ ഈ ഗ്രഹം ഭൂമിയോട് ഏറ്റവും കുറഞ്ഞ അകലത്തിൽ വന്നിരുന്നു.[5] ഭൗതികഗുണങ്ങൾഏതാണ്ട് ഭൂമിയുടേതിന്റെ പകുതി വ്യാസമാണ് ചൊവ്വയ്ക്കുള്ളത്. ഭൂമിയുടെ വ്യാപ്തത്തിന്റെ 15 ശതമാനവും ഭൗമപിണ്ഡത്തിന്റെ 11 ശതമാനവുമുള്ള ചൊവ്വയുടെ സാന്ദ്രതയും ഭൂമിയേക്കാൾ കുറവാണ്. ചൊവ്വയുടെ മൊത്തം ഉപരിതലവിസ്തീർണ്ണം ഭൂമിയിലെ മൊത്തം ഭൂഖണ്ഡങ്ങളുടെ വിസ്തീർണ്ണത്തിൽ നിന്ന് അല്പം കുറവുമാത്രമാണുള്ളത്.[5] ചൊവ്വയ്ക്ക് ബുധനേക്കാൾ ഭാരവും വലിപ്പവുമുണ്ടെങ്കിലും ബുധനാണ് കൂടുതൽ സാന്ദ്രതയുള്ളത്. ഇക്കാരണത്താൽ ഈ രണ്ട് ഗ്രഹങ്ങളിലേയും ഉപരിതലത്തിലെ ഗുരുത്വബലം ഏതാണ്ട് സമമാണ്, ഒരു ശതമാനത്തിലും കുറഞ്ഞ അളവിൽ ചൊവ്വയുടേത് ബുധന്റേതിനേക്കാൾ അല്പം കൂടുതലാണെന്ന് മാത്രം. വലിപ്പം, പിണ്ഡം, ഉപരിതല ഗുരുത്വബലം എന്നിവയുടെ കാര്യത്തിൽ ചൊവ്വ ഭൂമിക്കും ചന്ദ്രനും മധ്യേയാണ്. ചന്ദ്രന്റെ വ്യാസം ചൊവ്വയുടേതിന്റെ പകുതിയാണ് അതേസമയം ഭൂമിയുടേത് ഏതാണ്ട് ഇരട്ടിയും. ഭൂമി ചൊവ്വയേക്കാൾ ഏതാണ്ട് ഒൻപതിരട്ടി പിണ്ഡമുള്ളതാണ്, ചന്ദ്രനാണെങ്കിൽ ചൊവ്വയുടെ പിണ്ഡത്തിന്റെ ഏതാണ്ട് ഒൻപതിലൊന്ന് പിണ്ഡമുള്ളതും. ചൊവ്വോപരിതലം ചുമപ്പ്-ഓറഞ്ച് നിറത്തിൽ കാണപ്പെടാൻ കാരണം ഹെമറ്റൈറ്റ് എന്നു വിളിക്കപ്പെടുന്ന ഇരുമ്പ് ഓക്സൈഡിന്റെ സാന്നിധ്യമുള്ളതിനാലാണ്.[20] ഭൂമിശാസ്ത്രംചൊവ്വോപരിതലം പ്രധാനമായും ബസാൾട്ട് അടങ്ങിയതാണെന്നാണ് നിരീക്ഷണങ്ങളിൽ നിന്നും ഉപരിതലത്തിലെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. സിലിക്കയാണ് ബസാൾട്ടിനേക്കാൾ കൂടുതലുള്ളതെന്ന് മറ്റുചില തെളിവുകൾ സൂചിപ്പിക്കുന്നുമുണ്ട്. ഉപരിതലത്തിന്റെ പല ഭാഗങ്ങളും ഇരുമ്പ് ഓക്സൈഡിന്റെ (Fe2O3) നേർത്ത പൊടിയാൽ പൊതിയപ്പെട്ടാണിരിക്കുന്നത്.[21][22] നിലവിൽ വ്യക്തമായ ഘടനയോടെയുള്ള കാന്തികക്ഷേത്രത്തിന്റെ അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും[23] പുറംതോടിന്റെ ഭാഗങ്ങൾ കാന്തീകരിക്കപ്പെട്ടാണിരിക്കുന്നതെന്ന് നിരീക്ഷണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്, അതിനാൽ തന്നെ സ്ഥാനചലനം സംഭവിച്ചുകൊണ്ടിരുന്ന ഒരു ദ്വിധ്രുവകാന്തം മുൻപ് നിലവിലുണ്ടായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. ഇത്തരത്തിൽ പുരാതനമായി കാന്തീകരിക്കപ്പെട്ട ഉപരിതലത്തിന്റെ ഭാഗങ്ങൾ ഭൂമിയിലെ സമുദ്രാടിത്തറ ഉളവാക്കുന്ന തരത്തിലുള്ള കാന്തികപ്രഭാവങ്ങൾ പ്രകടിപ്പിക്കുന്നതരത്തിലുള്ളതാണ്. 1999 ൽ പ്രസിദ്ധീകരിക്കപ്പെട്ടതും 2005 ൽ പുനഃപരിശോധിക്കപ്പെട്ടതുമായ ഈ സിദ്ധാന്തമാണ് 400 കോടി വർഷം മുൻപ് ഗ്രഹത്തിന്റെ ആന്തരിക ഡൈനാമോ പ്രവർത്തനം നിർത്തുകയും കാന്തികക്ഷേത്രം ഇല്ലാതാവുകയും ചെയ്തതിനുള്ള വിശദീകരണം നൽകുന്നത്.[24] 1480 കിലോമീറ്റർ വ്യാസാർദ്ധത്തോടെ പ്രധാനമായും ഇരുമ്പും 14 മുതൽ 17 ശതമാനം വരെ സൾഫറും അടങ്ങിയ അകക്കാമ്പാണ് ഗ്രഹത്തിനുള്ളതെന്ന് നിലവിലെ മാതൃകകൾ കാട്ടിത്തരുന്നു. ഈ ഇരുമ്പ് സൾഫൈഡിനാലുള്ള അകക്കാമ്പ് ഭാഗികമായി ദ്രാവകാവസ്ഥയിലാണ്, ഭൂമിയുടെ അകക്കാമ്പിൽ അടങ്ങിയിരിക്കുന്ന ലഘുമൂലക സാന്ദ്രതയുടെ ഇരട്ടിയാണ് ഇതിന്റെ കാമ്പിലെ ലഘുമൂലക സാന്ദ്രത. നിലവിൽ സജീവമല്ലെങ്കിലും കാമ്പിനെ പൊതിഞ്ഞ് സിലിക്കേറ്റുകളാൽ നിമ്മിതമായതും ടെക്റ്റോണിക്, അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ പ്രഭവസ്ഥാനവുമായിരുന്ന മാന്റിൽ സ്ഥിതിചെയ്യുന്നു. പുറംതോടിന്റെ ശരാശരി കനം 50 കിലോമീറ്ററാണ്, പരമാവധി കനം 125 കിലോമീറ്റർ വരെയെത്തുന്നു.[25] ഭൂമിയുടേയും ചൊവ്വയുടേയും വലിപ്പങ്ങൾ കണക്കിലെടുത്താൽ ശരാശരി 40 കിലോമീറ്റർ കനം വരുന്ന ഭൂമിയുടെ പുറംതോട് ചൊവ്വയുടേതിന്റെ വെറും മൂന്നിലൊന്നുമാത്രം കനമുള്ളതായി കണക്കാക്കാം. സൗരയൂഥ രൂപീകരണവേളയിൽ സൂര്യനെ ചുറ്റിക്കൊണ്ടിരുന്ന പ്രാഗ് ഗ്രഹീയ ഡിസ്കിൽനിന്നാണ് ചൊവ്വ രൂപംകൊണ്ടിരിക്കുന്നത്. സൗരയൂഥത്തിലെ അതിന്റെ സ്ഥാനത്തിന്റെ പ്രത്യേകതയാൽ കുറഞ്ഞ തിളനിലയുള്ള ക്ലോറിൻ, ഫോസ്ഫറസ്, സൾഫർ തുടങ്ങിയ മൂലകങ്ങൾ ഭൂമിയിലുള്ളതിനേക്കാൾ കൂടുതൽ ചൊവ്വയിലുണ്ടായിരുന്നിരിക്കാം; പ്രായം കുറഞ്ഞ സൂര്യന്റെ ശക്തമായ സൗരക്കാറ്റുകളാൽ ഗ്രഹത്തിന്റെ സൂര്യനോട് അഭിമുഖമായിരിക്കുന്ന ഭാഗങ്ങളിൽ നിന്ന് ഇത്തരം മൂലകങ്ങൾ നഷ്ടപ്പെട്ടതുമാവാം.[26] ഭൂമി, ശുക്രൻ എന്നിവയിൽ നിന്ന് വ്യത്യസ്തമായി പ്രാഗ്-വ്യാഴത്തിന്റെ ഗുരുത്വബലം ചൊവ്വയുടെ രൂപീകരണസമയത്ത് അതിന് കൂടുതൽ പദാർത്ഥങ്ങൾ ലഭ്യമാകുന്നതിനെ കുറക്കുകയും അതുവഴി വലിപ്പത്തിൽ കുറവുവരാൻ കാരണമായിത്തീരുകയും ചെയ്തിരിക്കാം. ആദ്യകാല സൗരയൂഥത്തിൽ നിലവിലുണ്ടായിരുന്ന വാതകപടലങ്ങൾ ശൈശവാവസ്ഥയിലുണ്ടായിരുന്ന ഗ്രഹത്തിന്റെ പരിക്രമണപാതയിൽ കൂടുതൽ വികേന്ദ്രത വരുത്തി, ഗ്രഹേതര ചെറുപദാർത്ഥ ഖണ്ഡങ്ങളുമായുള്ള കൂട്ടിയിടിയിൽ നിലവിൽ കാണുന്ന ജലം ലഭ്യമാകുവാൻ കാരണമാകുകയുമുണ്ടായി. രൂപീകരണം പൂർത്തിയായതിനുശേഷം ഏതാനും കൂട്ടിയിടികൾക്കും ഈ ഗ്രഹം വിധേയമായിട്ടുണ്ട്. ഗ്രഹോപരിതല വിതരണത്തിന്റെ ഏതാണ്ട് 60 ശതമാനവും ഇപ്പോഴും മുൻപ് അത്തരം കൂട്ടിയിടികൾ നടന്നിരുന്നു എന്നതിനെ അനുകൂലിക്കുന്ന തരത്തിലുള്ളതാണ്.[27][28][29] ചൊവ്വയുടെ ഉത്തരാർദ്ധഗോളത്തിൽ 10600 കിലോമീറ്റർ വിലങ്ങനെയും 8500 കിലോമീറ്റർ നെടുങ്ങനെയും വിസ്താരമുള്ള ഒരു തടം നിലവിലുണ്ട്, ചന്ദ്രന്റെ ദക്ഷിണാർദ്ധഗോളത്തിലെ പോൾ-അയ്ത്കെൻ തടത്തെക്കാളും നാലിരട്ടിയിൽ കൂടുതൽ വലിപ്പമുള്ളതും സൗരയൂഥത്തിൽ ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിയ തടവുമായ ഇത് ഒരു കൂട്ടിയിടിയുടെ ഫലമായുണ്ടായതാണെന്ന് അനുമാനിക്കുന്നു.[11][12] ഏതാണ്ട് പ്ലൂട്ടോയുടെ വലിപ്പത്തിലുള്ള വസ്തുവുമായി 400 കോടി വർഷങ്ങൾക്ക് മുൻപ് ചൊവ്വ കൂട്ടിയിടിക്ക് വിധേയമായിട്ടുണ്ട് എന്നാണ് ഇതിനു വിശദീകരണമായി ചൂണ്ടിക്കാട്ടുന്നത്. ആ കൂട്ടിയിടിയിൽ ചൊവ്വയുടെ ഉത്തരോപരിതലം രണ്ട് വശങ്ങളിലായി തെന്നിമാറിയിരിക്കണം, ഇത് ഗ്രഹത്തിന്റെ 40 ശതമാനം വരെ വരുന്ന ബൊറീലിസ് തടത്തിന്റെ സൃഷ്ടിക്ക് വഴിതെളിച്ചു.[30][31] ഗ്രഹത്തിന്റെ ഭൂമിശാസ്ത്ര ചരിത്രത്തെ ഏതാനും യുഗങ്ങളായി തിരിക്കാം, അവയിൽ പ്രധാനപ്പെട്ട മൂന്നെണ്ണം ഇവയാണ്:[32][33]
നിലവിൽ ചില ഭൂമിശാസ്ത്ര പ്രവർത്തനങ്ങൾ ചൊവ്വയിൽ നടക്കുന്നുണ്ട്. 20 കോടി വർഷങ്ങൾ വരെ പഴക്കമുള്ള ലാവാ പ്രവാഹങ്ങൾ അതബാസ്ക താഴ്വരയിൽ നിലവിലുണ്ട്. സെർബെറസ് ഫോസെ എന്ന് വിളിക്കപ്പെടുന്ന ഭ്രംശതാഴ്വരയിൽ 2 കോടി വർഷം മുൻപുമുതൽ ജലം ഒഴുകുന്നുണ്ട്, ഇത് അടുത്തുകാലത്ത് സംഭവിച്ച് അഗ്നിപർവ്വത രൂപീകരണങ്ങളെ സൂചിപ്പിക്കുന്നതാണ്.[35] 2008 ഫെബ്രുവരി 19 ൽ മാർസ് റീകണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങളിൽ 700 മീറ്റർ ഉയരെ നിന്നുമുള്ള ഒരു ഹിമപാതവും പതിഞ്ഞിരുന്നു.[36] മണ്ണ്ചൊവ്വയിലെ മണ്ണ് ക്ഷാരസ്വഭാവമുള്ളതാണെന്നും ജീവനുള്ളവയ്ക്ക് വളരാൻ ആവശ്യമുള്ള ധാതുക്കളായ മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയവ അടങ്ങിയതാണെന്നും 2008 ജൂണിൽ ഫീനിക്സ് ലാൻഡർ അയച്ചുതന്ന വിവരങ്ങളിൽനിന്നും മനസ്സിലാക്കാൻ സാധിച്ചു. ശാസ്ത്രജ്ഞർ ചൊവ്വയിലെ ഉത്തരധ്രുവത്തിനു സമീപമുള്ള മണ്ണിനേയും ഭൂമിയിലെ അടുക്കളതോട്ടങ്ങളിലെ മണ്ണിനേയും താരതമ്യം ചെയ്യുകയും അസ്പരാഗസ് പോലെയുള്ള സസ്യങ്ങൾക്ക് വളരാൻ യോജിച്ചതാണെന്ന നിഗമനത്തിലെത്തുകയും ചെയ്തു.[37] കൂടാതെ 2008 ആഗസ്റ്റിൽ ഫീനിക്സ് ലാൻഡർ ചൊവ്വയിലെ മണ്ണിന്റെ പി. എച്ച്. മൂല്യം കണക്കാക്കുന്നതിനായി ഭൂമിയിൽ നിന്നുള്ള ജലവും ചൊവ്വയിലെ മണ്ണും ചേർത്ത് ലളിതമായ രാസപരീക്ഷണങ്ങൾ നടത്തിയിരുന്നു, ഇതിൽ പെർക്ലോറേറ്റിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാക്കുകയും പല ശാസ്ത്രജ്ഞരും സിദ്ധാന്തിച്ചിരുന്നതുപോലെ 8.3 പി.എച്ച്. മൂല്യത്തോടെ ചൊവ്വയുടെ ഉപരിതലം ക്ഷാരസ്വഭാവമുള്ളതാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പെർക്ലോറേറ്റിന്റെ സാന്നിധ്യം ശരിയായി ഉറപ്പിക്കാൻ കഴിയുകയാണെങ്കിൽ ചൊവ്വയിലെ മണ്ണ് മുൻപ് വിചാരിച്ചിരുന്നതിലും കൂടുതൽ ആശയുളവാക്കുന്ന തരത്തിലുള്ളതാക്കും.[38] ഭൂമിയിൽ നിന്നും പോകുമ്പോൾ പേടകം വഴിയോ ഉപകരണങ്ങൾ, സാമ്പിളുകൾ തുടങ്ങിയവ വഴിയോ അല്ല ഈ പെർക്ലോറേറ്റ് സാന്നിധ്യം അവിടെ ഉണ്ടായത് എന്നുകൂടി വ്യക്തമായി ഉറപ്പിക്കേണ്ടത് ആവശ്യമാണ്.[39] ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ താർസിസ് തോലസ് എന്ന ഇരുണ്ട ഭാഗം കാണാം. ഇത്തരം ഭാഗങ്ങൾ ചൊവ്വോപരിതലത്തിൽ സാധാരണയാണെന്നു മാത്രമല്ല ഗർത്തങ്ങൾ, ഭ്രംശമേഖലകൾ, താഴ്‌വരകൾ എന്നിവയുടെ ചെരിവുകളിൽ പുതിയവ രൂപം കൊള്ളുകയും ചെയ്യുന്നു. തുടക്കത്തിൽ അവ ഇരുണ്ട നിറത്തിലാണ് കാണപ്പെടുക; കാലം കഴിയുന്തോറും മങ്ങിവരുകയും ചെയ്യും. ചിലപ്പോൾ ചെറിയ വലിപ്പത്തിൽ ആരംഭിക്കുകയും ആയിക്കണക്കിന് മീറ്ററുകൾ വരെ വ്യാപിക്കുകയും ചെയ്യും. വലിയ ഉരുളൻ ശിലാരൂപങ്ങൾക്കും അതുപോലയുള്ള മറ്റ് വസ്തുക്കൾക്ക് ചുറ്റിലുമായി അവ നീങ്ങുന്നതായും കാണപ്പെട്ടിട്ടുണ്ട്. ഹിമപാതങ്ങൾ അല്ലെങ്കിൽ ശക്തിയേറിയ മണൽക്കാറ്റുകൾ തുടങ്ങിയവ കാരണമായി ഉപരിതലത്തിലെ വസ്തുക്കൾ മാറ്റപ്പെടുമ്പോൾ വെളിവാകുന്ന അടിയിലെ ഇരുണ്ട മണ്ണാണിവയെന്നാണ് സ്വതേ സ്വീകാര്യമായ വിശദീകരണം.[40] കൂടാതെ ജലം, ജീവവസ്തുക്കളുടെ വളർച്ച തുടങ്ങിയവ കാരണമായും ഇത് സംഭവിക്കുമെന്നുള്ള നിഗമനങ്ങളും മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്.[41] ജലവിജ്ഞാനംലഘുവായ അന്തരീക്ഷമർദ്ദമായതിനാൽ തന്നെ ചൊവ്വയുടെ ഉപരിതലത്തിൽ, ഏറ്റവും താഴ്ന്ന ഭാഗങ്ങളിൽ കുറഞ്ഞ നേരത്തേക്കല്ലാതെ, ദ്രവജലത്തിന് നിലനിൽക്കാനാകില്ല.[42][43] എങ്കിലും ജലം ഹിമരൂപത്തിൽ നിലവിലുണ്ട്, രണ്ട് ധ്രുവങ്ങളിലുമുള്ള ഹിമങ്ങൾ പ്രധാനമായും ജലത്തിന്റേതാണെന്നാണ് അറിവ്.[44][45] ദക്ഷിണ ധ്രുവത്തിലെ ജലഹിമം ഉരുക്കുകയാണെങ്കിൽ ഗ്രഹോപരിതലം മുഴുവൻ 11 മീറ്റർ ആഴത്തോടെ മൂടുവാനാവശ്യമായ ജലം ലഭിക്കുമെന്ന് നാസ 2007 മാർച്ചിൽ വെളിപ്പെടുത്തുകയുണ്ടായി.[46] കൂടാതെ ധ്രുവങ്ങൾ മുതൽ 60° വരെയുള്ള അക്ഷാംശങ്ങളിലെ ഗ്രഹത്തിന്റെ പുറംതോട് പെർമാഫോസ്റ്റുമാണ്.[44] ചൊവ്വയുടെ കട്ടികൂടിയ ക്രയോസ്ഫിയറിന്റെ കീഴെയായി വലിയ അളവിൽ ജലഹിമം നിലവിലുണ്ട് എന്നാണ് അനുമാനിക്കപ്പെടുന്നത്. രണ്ട് ധ്രുവങ്ങളിലും,[15][47] മധ്യ അക്ഷാംശങ്ങളിലും[16] വലിയ അളവിൽ ജലഹിമം നിലവിലുണ്ടെന്നാണ് മാർസ് എക്സ്പ്രസ്സ്, മാർസ് റീകണൈസൻസ് എന്നിവയിലെ റഡാറുകൾ നൽകിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2008 ജൂലൈ 31 ന് ഫീനിക്സ് മാർസ് ലാൻഡർ പേടകം ചൊവ്വയിലെ അത്ര ആഴത്തിലല്ലാത്ത മണ്ണിൽ നിന്നും ജലഹിമത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.[18] ചൊവ്വയുടെ ഭൂതകാല ചരിത്രത്തിൽ മാരിനെറിസ് താഴവരകൾ രൂപപ്പെട്ടപ്പോൾ ദ്രവ്യജലത്തിന്റെ വലിയൊരു ഒഴുക്ക് സൃഷ്ടിക്കപ്പെട്ടതായി അനുമാനിക്കപ്പെടുന്നു. ഇതിലും ചെറിയ മറ്റൊരു ഒഴുക്ക് 50 ലക്ഷം വർഷങ്ങൾക്കുമുൻപ് സെർബെറസ് ഫോസ്സെ തുറക്കപ്പെട്ടപ്പോഴും സംഭവിച്ചിരുന്നിരിക്കാം, ഇത് ഇലൈസിയം പ്ലനിറ്റിയയിൽ ഇപ്പോഴും കാണപ്പെടുന്ന തണുത്തുറഞ്ഞ ഹിമജലത്തിന്റെ കടലിന്റെ രൂപപ്പെടലിനു കാരണമായി.[48] എങ്കിലും ഈ മേഖലയുടെ രൂപവിജ്ഞാനപ്രകാരം ശക്തമായ ഹിമപ്രവാഹങ്ങൾക്ക് സമാനമായ രീതിയിൽ ലാവ പ്രവാഹങ്ങൾ ഒഴുകി ചേർന്നതരത്തിലുള്ളതാണ്,[49] ശേഷം അതബാസ്ക താഴ്വരകളിലെ ശക്തമായ ജലപ്രവാഹങ്ങൾ ഇതിനു മീതെ ഒഴുകിയതുമാകാം.[50] മേഖലയിലെ ഡെസിമീറ്റർ തലത്തിലെ പ്രതലസ്വഭാവം, ഗൂസെവ് സമതലങ്ങളോട് സമാനമായ താപീയ ആക്കം, അഗ്നിപർവ്വത ജലധാര സ്തൂപികകളുടെ സാന്നിദ്ധ്യം തുടങ്ങിയവയെല്ലാം ലാവപ്രവാഹ അനുമാനത്തെ പിൻതാങ്ങുന്നുണ്ട്.[50] കൂടാതെ പത്തോളം സെന്റീമീറ്റർ ആഴത്തിൽ പദാർത്ഥങ്ങളിൽ ജലത്തിന്റെ അംശം വെറും നാല് ശതമാനം മാത്രമാണ്,[51] അതിനാൽ തന്നെ സാധാരണഗതിയിൽ ജലീകരണം സംഭവിച്ച ധാതുക്കളാണ് അവിടെയുള്ളതെന്ന് അനുമാനിക്കാവുന്നതാണ്,[52] കൂടാതെ ഇത് നിലവിലെ ഉപരിതലത്തിൽ കാണപ്പെടുന്ന ജലഹിമത്തിന്റെ സ്വഭാവത്തോട് ഒത്തുപോകുന്നുമില്ല. മാർസ് ഗ്ലോബൽ സർവേയറിലെ ഉയർന്ന റസല്യൂഷനുള്ള മാർസ് ഓർബിറ്റർ ക്യാമറ പകർത്തിയ ചിത്രങ്ങൾ ചൊവ്വോപരിതലത്തിന്റെ ജലത്തിന്റെ ചരിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ നൽകുന്നതിൽ സഹായിച്ചിട്ടുണ്ട്. വലിയ ജലപാതം സംഭവിച്ച വഴികൾ അതിനോടനുബന്ധിച്ചുള്ള ധാരാളം കൈവഴികൾ എന്നിവയെല്ലാം ചൊവ്വയിൽ കാണപ്പെടുന്നുവെങ്കിലും ചെറിയ തരത്തിൽ ജലപ്രവാഹം നടന്നതായി കാണിക്കുന്ന തെളിവുകളൊന്നും ഗ്രഹത്തിൽ കാണപ്പെടുന്നില്ല. കാലാവസ്ഥാമാറ്റങ്ങൾ ആ അടയാളങ്ങളെ മായ്ച്ചുകളഞ്ഞതാവാം, അങ്ങനെയെങ്കിൽ അത്തരത്തിലുള്ള നദീതടതാഴവരകൾ വളരെ പഴക്കമുള്ള സവിശേഷതകളായിരിക്കും. ഇത്തരത്തിൽ മാർസ് ഗ്ലോബൽ സർവേയർ, മാർസ് റീകണൈസൻസ് ഓർബിറ്റർ പോലെയുള്ള പേടകങ്ങളിൽ നിന്നുള്ള ഉയർന്ന റെസെല്യൂഷൻ ചിത്രങ്ങൾ ഗർത്തങ്ങൾ, ഭൂമിയിലെ നീർച്ചാലുകൾക്ക് സമാനമായ ഗിരികന്ദര ഭിത്തികൾ തുടങ്ങിയ അനേകം സവിശേഷതകൾ വെളിപ്പെടുത്തിതന്നിട്ടുണ്ട്. ഈ നീർച്ചാലുകൾ ദക്ഷിണാർദ്ധഗോളത്തിലെ ഉന്നതഭൂമേഖലകളായും മദ്ധ്യരേഖയോട് തിരിഞ്ഞുനിൽക്കുന്ന രീതിയിലുമാണ് കാണപ്പെടുന്നത്; ഇവയെല്ലാം ധ്രുവത്തിന് 30° അടുത്ത അക്ഷാംശങ്ങളിലുമാണ് കാണപ്പെടുന്നത്.[53] കൂടാതെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഇത്തരം നീർച്ചാലുകൾക്ക് കാലാവസ്ഥാമാറ്റങ്ങൾ കാരണമായി നാശം സംഭവിച്ചില്ലെന്നും മീതെ ഗർത്തങ്ങൾ രൂപപ്പെടുക സംഭവിച്ചില്ലെന്നുമാണ്, ഇത് അവ താരതമ്യേന പ്രായം കുറഞ്ഞ സവിശേഷതകളാണെന്ന് വ്യക്തമാക്കുന്നു. ആറ് വർഷത്തിന്റെ ഇടവേളയിലെടുത്ത ഗ്രഹോപരിതലത്തിന്റെ രണ്ട് ചിത്രങ്ങളിൽ ഊറൽ വഴി അവക്ഷിപ്തപ്പെട്ട ഒരു നീർച്ചാൽ കാണപ്പെടുന്നുണ്ട്. ഉയർന്ന അളവിൽ ദ്രവജലം അടങ്ങിയ പദാർത്ഥങ്ങൾ മാത്രമേ ഈ രീതിയിലുള്ള പാറ്റേണും നിറവും സൃഷ്ടിക്കുകയുള്ളൂ എന്നാണ് നാസയിലെ ചൊവ്വ പര്യവേഷണം പദ്ധതിയിൽ നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞനായ മൈക്കൽ മിയെറിന്റെ അഭിപ്രായം. എന്നാൽ ഈ ജലം വർഷപാതം വഴിയോ ഭൂഗർഭത്തിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്നും വന്നതാണോ എന്നുള്ളത് ഒരു ചോദ്യമായി നിലനിൽക്കുന്നു.[54] ഉറഞ്ഞ കാർബൺഡൈഓക്സൈഡ് കാരണമായും ചൊവ്വോപരിതലത്തിലെ ധൂളികളുടെ സ്ഥാനചലനം വഴിയും ഈ അടിയലുകൾ സൃഷ്ടിക്കപ്പെടാം എന്നുള്ള അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്.[55][56] ജലത്തിന്റെ സാന്നിദ്ധ്യത്തിൽ ഉണ്ടാകുന്ന ഹെമറ്റൈറ്റ്, ഗൗഥൈറ്റ് തുടങ്ങിയവ പോലെയുള്ള ധാതുക്കളുടെ സാന്നിദ്ധ്യവും മുൻപ് ഗ്രഹോപരിതലത്തിൽ ദ്രവജലം നിലനിന്നിരുന്നു എന്ന വാദത്തെ സാധൂകരിക്കുന്നവയാണ്.[57] 30 സെന്റീമീറ്റർ വരെ വ്യക്തതയോടെ മാർസ് റീകണ്ണിസെൻസ് ഓർബിറ്റർ ശേഖരിച്ച വിവരങ്ങൾ ഗ്രഹോപരിതലത്തിൽ ഒരിക്കൽ ദ്രവജലം നിറഞ്ഞ തടങ്ങൾ നിലനിന്നിരുന്നു എന്നും ജലം ഒഴുകിയിരുന്നു എന്നുമുള്ള വാദങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ളതായിരുന്നു.[58] എങ്കിലും 2004 ൽ ഓപ്പർച്യുനിറ്റിയുടെ സമീപത്തുണ്ടായിരുന്ന "എൽ കാപ്പിറ്റാൻ" എന്ന പാറയിൽ ജറോസൈറ്റ് ധാതുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അമ്ലജലത്തിന്റെ സാന്നിദ്ധ്യത്തിൽ മാത്രം രൂപപ്പെടുന്നതാണ് ജറോസൈറ്റ്, ഇതിന്റെ സാന്നിദ്ധ്യം ഒരിക്കൾ ജലം ചൊവ്വയിൽ നിലനിന്നിരുന്നു എന്നതിന് തെളിവാണ്.[59] ധ്രുവാവരണങ്ങൾചൊവ്വയുടെ രണ്ട് ധ്രുവങ്ങൾക്കും സ്ഥിരമായ ഹിമാവരണങ്ങളുണ്ട്. ഹേമന്തകാലത്ത് അവ സ്ഥിരമായി ഇരുട്ടിലാവുന്നു, ഈ അവസരത്തിൽ തണുപ്പ് വളരെയേറെ വർദ്ധിക്കുകയും അന്തരീക്ഷത്തിന്റെ 25 മുതൽ 30 ശതമാനം വരെ ഭാഗം തണുത്തുറഞ്ഞ് കട്ടിയുള്ള കാർബൺഡൈഓക്സൈഡിന്റെ പലകകൾ രൂപപ്പെടുകയും ചെയ്യും.[60] വീണ്ടും സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിലാകുമ്പോൾ ഈ തണുത്തുറഞ്ഞ കാർബൺഡൈഓക്സൈഡ് വാതകാവസ്ഥയിലേക്ക് മാറാൻ തുടങ്ങും, ഇത് ധ്രുവമേഖലയിൽ മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കുന്ന ശക്തിയേറിയ കാറ്റുകൾക്ക് കാരണമാകുന്നു. കാലികമായ ഇത്തരം പ്രക്രിയകൾ വലിയ അളവിലുള്ള ധൂളികളും ജലബാഷ്പങ്ങളും വഹിക്കുന്നുണ്ട്, ഇത് ഭൂമിയിലെ പോലെ തുഷാരവും വലിയ സിറസ് മേഘങ്ങളും സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ഹിമജലത്തിന്റെ മേഘങ്ങളുടെ ചിത്രങ്ങൾ 2004 ഓപ്പർച്യുനിറ്റി പകർത്തിയിട്ടുണ്ട്.[61] ധ്രുവാവരണങ്ങളുടെ മുഖ്യഘടകം ഹിമജലമാണ്. ഉത്തരഭാഗത്തെ ഹേമന്തകാലത്ത് മാത്രം ഉത്തരധ്രുവത്തിൽ ഒരു മീറ്റർ കനമുള്ള തണുത്തുറഞ്ഞ കാർബൺഡൈഓക്സൈഡിന്റെ പാളി രൂപപ്പെടുമ്പോൾ ദക്ഷിണ ധ്രുവത്തിന് സ്ഥിരമായ എട്ട് മീറ്റർ കനത്തിലുള്ള കാർബൺഡൈഓക്സൈഡിന്റെ പാളിയുണ്ട്.[62] ഉത്തരഭാഗത്തെ ഗ്രീഷ്മകാലത്ത് ഉത്തരധ്രുവത്തിന്റെ ആവരണത്തിന് ഏകദേശം 1,000 കിലോമീറ്റർ വ്യാസമുണ്ടാകും,[63] ഈ അവസരത്തിൽ ഏതാണ്ട് 16 ലക്ഷം ഘനകിലോമീറ്റർ ഹിമം അതിലുണ്ടായിരിക്കും, ഇവ ഒരേ വിതാനത്തിൽ നിരത്തുകയാണെങ്കിൽ തന്നെ ആവരണത്തിന് രണ്ട് കിലോമീറ്റർ കട്ടിയുണ്ടാകും.[64] (ഇതിനെ ഗ്രീൻലാൻഡിലെ 28.5 ലക്ഷം ഘനകിലോമീറ്റർ വരുന്ന ഹിമപാളിയോട് താരതമ്യപ്പെടുത്താവുന്നതാണ്.) ദക്ഷിണ ധ്രുവാവരണത്തിന് 350 കിലോമീറ്റർ വ്യാസവും 3 കിലോമീറ്റർ കട്ടിയുമുണ്ട്.[65] ദക്ഷിണധ്രുവത്തിലേയും അതിന് സമീപത്തുമുള്ള ഹിമപാളികളിലേയും ആകെ ഹിമത്തിന്റെ അളവ് ഏതാണ്ട് 16 ലക്ഷം ഘനകിലോമീറ്ററാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[66] രണ്ട് ധ്രുവാവരണങ്ങളിലും സർപ്പിളാകൃതിയിലുള്ള പിരികൾ കാണപ്പെടുന്നു, ഇത് വ്യത്യസ്തമായ സൗരതപീകരണവും കൂടെ സംഭവിക്കുന്ന ഹിമത്തിന്റെ ഉത്പാദനം, ബാഷ്പജലത്തിനെ സാന്ദ്രീകരണം എന്നിവയുമൊക്കെ മൂലമാണെന്ന് അനുമാനിക്കപ്പെടുന്നു.[67][68] ദക്ഷിണധ്രുവത്തിൽ കാലികമായി സംഭവിക്കുന്ന ധ്രുവാവരണത്തിന്റെ രൂപപ്പെടലും ബാഷ്പീകരണവും സർപ്പിളാകൃതിയിലുള്ള ചാലുകൾ സൃഷ്ടിക്കപ്പെടാൻ കാരണമാകുന്നു. ഇവയ്ക്ക് ഒരു മീറ്റർ വരെ കട്ടിയുണ്ടാവും. ബാഷ്പീകരിച്ച കാർബൺഡൈഓക്സൈഡും ജലവും അവയ്ക്കകത്ത് സമ്മർദ്ദം ചെലുത്തുകയും തണുത്ത ദ്രവങ്ങളുടേയും ഇരുണ്ട നിറത്തിലുള്ള ബസാർട്ട് മണലിന്റേയും ചെളിയുടേയും മിശ്രിതത്തിന്റെ ഗെയ്സറുകൾ (geyser) ഉണ്ടാകുകയും ചെയ്യുന്നു.[69][70][71][72] ഈ പ്രക്രിയകൾക്ക് വേഗം കൂടുതലാണ്, ബഹിരാകാശനിരീക്ഷണത്തിൽ ഏതാനും ദിവസങ്ങൾക്കിടയിലോ, ആഴ്ചകൾക്കിടയിലോ, മാസങ്ങൾക്കിടയിലോ ഇവ സംഭവിക്കുന്നതായി കാണപ്പെടുന്നു. ഭൂമിശാസ്ത്രംചന്ദ്രോപരിതലത്തിന്റെ മാപ്പിങ്ങിന്റെ പേരിൽ അറിയപ്പെട്ട ജോഹൻ ഹെയ്റിച്ച് മഡ്ലെർ (Johann Heinrich Mädler) വിൽഹെം ബിയർ എന്നിവരാണ് ആദ്യമായി ചൊവ്വയുടെ മാപ്പിങ്ങ് നടത്തിയത്. ചൊവ്വോപരിതലത്തിന്റെ സവിശേഷതകളിൽ ഭൂരിഭാഗവും സ്ഥിരമാണെന്ന് സമർത്ഥിച്ചുകൊണ്ടാണ് ആവർ ആരംഭിച്ചത്, കൂടാതെ ഗ്രഹത്തിന്റെ ഭ്രമണകാലം കൂടുതൽ കൃത്യതയോടെ കണക്കാക്കുകയും ചെയ്തു. 1840 ൽ കഴിഞ്ഞ പത്തുവർഷത്തെ നിരീക്ഷണങ്ങൾ ക്രോഡീകരിച്ച് മഡ്ലെർ ചൊവ്വയുടെ ആദ്യത്തെ മാപ്പ് തയ്യാറാക്കി. അതിലെ ഒരോ ഭാഗത്തിനും പ്രത്യേകം പേരുകൾ നൽകുന്നതിനുപകരം അവർ അക്ഷരങ്ങൾ ഉപയോഗിച്ചു സൂചിപ്പിക്കുകയാണ് ചെയ്തത്; അതിലെ മെറിഡിയൻ ബേയ് ന് അതിൽ "a" എന്നായിരുന്നു നൽകിയിരുന്നത്.[73] നിലവിൽ ചൊവ്വയിലെ സവിശേഷഭാഗങ്ങളുടെ പേരുകൾ വ്യത്യസ്തയിടങ്ങളിൽ നിന്നും നൽകപ്പെട്ടവയാണ്. വലിയ ആൽബിഡോ സവിശേഷതകൾക്കെല്ലാം പഴയ പേരുകൾ തന്നെ നിലനിൽക്കുന്നുവെങ്കിലും പുതിയ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് സവിശേഷതയുടെ സഹജഗുണം വ്യക്തമാക്കുന്ന രീതിയിൽ പുതുക്കപ്പെടാറുണ്ട്. ഉദാഹരണത്തിന്, നിക്സ് ഒളിമ്പിക്ക (ഒളിമ്പസിലെ മഞ്ഞുകൾ) എന്നത് ഒളിമ്പസ് മോൺസ് (ഒളിമ്പസ് പർവ്വതം) ആയിമാറി.[74] ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ കാണപ്പെടുന്നതിനനുസരിച്ച് ചൊവ്വോപരിതലത്തെ രണ്ട് വ്യത്യസ്ത തരത്തിലുള്ളവയായി തിരിച്ചിരിക്കുന്നു, ആൽബിഡോയിലെ വ്യത്യാസം അനുസരിച്ചാണിത്. മണലും പൊടിയും നിറഞ്ഞതും ചുവന്ന അയൺ ഓക്സൈഡിനാൽ സമ്പുഷ്ടമായ തെളിഞ്ഞഭാഗങ്ങൾ മുൻകാലങ്ങളിൽ ചൊവ്വയിൽ കരഭാഗങ്ങളെന്നായിരുന്നു കരുതിയിരുന്നത്, അറേബിയ ടെറ, ആമസോണിസ് പ്ലാൻഷിയ എന്നിങ്ങനെയായിരുന്നു അവയ്ക്ക് പേരുകൾ നൽകിയിരുന്നത്. ഇരുണ്ട ഭാഗങ്ങൾ കടലുകൾ എന്നും കരുതി, മാരെ എരിത്രയിനം, മാരെ സിറെനം, അറോറെ സീനസ് എന്നിങ്ങനെ ഇത്തരം ഭാഗങ്ങളെ വിളിക്കുകയും ചെയ്തു. ഭൂമിയിൽ നിന്നും നിരീക്ഷിക്കുമ്പോൾ കാണപ്പെടുന്ന ഏറ്റവും വലിയ ഇരുണ്ട ഭാഗമാണ് സിർറ്റിസ് മേജർ.[75] ഉത്തര ധ്രുവത്തിലെ സ്ഥിര ധ്രുവാവരണത്തിനെ പ്ലാനം ബോറിയം എന്നും ദക്ഷിണ ധ്രുവാവരണത്തെ പ്ലാനം ഓസ്ടെയ്ൽ എന്നും വിളിക്കപ്പെട്ടു. ഗ്രഹത്തിന്റെ ഭ്രമണത്തെ അടിസ്ഥാനമാക്കി മധ്യരേഖ കണക്കാക്കപ്പെട്ടിരിക്കുന്നു, ഭൂമിയിലെ പോലെ ചൊവ്വയുടേയും പ്രധാന രേഖാംശവും ഒരു പ്രത്യേക സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് കണക്കാക്കിയിരിക്കുന്നത്; മഡ്ലറും ബിയറും 1830 ൽ തയ്യാറാക്കിയ ആദ്യത്തെ മാപ്പിൽ ഒരു രേഖ തിരഞ്ഞെടുക്കുകയായിരുന്നു. 1972 ൽ മാരിനർ 9 പേടകം വളരെയധികം ചിത്രങ്ങൾ അയച്ചുതന്നതിനു ശേഷം, ആദ്യത്തെ രേഖാംശത്തിനോട് യോജിക്കുന്ന രീതിയിൽ ഒരു ചെറിയ ഗർത്തത്തെ (പിന്നീടതിന് എയ്റി-0 എന്ന് നാമകരണം ചെയ്യപ്പെട്ടു) അടിസ്ഥാനമാക്കി രേഖാംശം 0.0° കണക്കാക്കുകയുണ്ടായി.[76] ചൊവ്വയിൽ സമുദ്രങ്ങളില്ലാത്തതിനാൽ തന്നെ 'സമുദ്രനിരപ്പ്' എന്ന സങ്കൽപ്പം ഗ്രഹത്തിന് ബാധകമല്ല, എന്നിരുന്നാലും ഒരു പൂജ്യം ഉന്നതിയെപ്പറ്റിയുള്ള ധാരണ ആവശ്യമാണ്. അന്തരീക്ഷമർദ്ദം 610.5 പാസ്കൽ (6.105 mbar) ആയിട്ടുള്ള നിരപ്പിനെ പൂജ്യം ഉന്നതിയായി കണക്കാക്കിയിരിക്കുന്നു.[77] ഇത് ജലത്തിന്റെ ത്രൈമുഖബിന്ദു (triple point) മേഖലയാണ്, ഭൂമിയിൽ സമുദ്രനിരപ്പിലെ അന്തരീക്ഷമർദ്ദത്തിന്റെ 0.6 ശതമാനമാണ് ഈ നിരപ്പിലെ മർദ്ദം.[78] ഉൽക്കാപതന ഉപരിതലവർണ്ണനചൊവ്വോപരിതലത്തിന്റെ ശ്രദ്ധേയമായ കാര്യമാണ് അതിന്റെ രണ്ട് തരത്തിലുള്ള വിഭജനം: ലാവാ പ്രവാഹങ്ങൾ വഴി നിരപ്പായതാണ് ഉത്തരാർദ്ധത്തിലെ ഭാഗങ്ങളെങ്കിൽ അതിനു വിഭിന്നമായി ഉൽക്കാപതന ഗർത്തങ്ങളും കുഴികളും ഉള്ളതാണ് ദക്ഷിണാർദ്ധഭാഗം. 1980 ൽ മുന്നോട്ട് വയ്ക്കപ്പെട്ടതും 2008 ലെ ഗവേഷണത്തിൽ സ്വീകരിച്ച സിദ്ധാന്തം പ്രകാരം, 400 കോടി വർഷങ്ങൾക്കുമുൻപ് ചന്ദ്രന്റെ പത്തിലൊന്നുമുതൽ മൂന്നിൽ രണ്ട് വരെ വലിപ്പമുണ്ടായിരിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു വസ്തുവുമായി ഗ്രഹം കൂട്ടിയിടിക്കുകയുണ്ടായി. ഇതിന്റെ പ്രാമാണ്യം ഉറപ്പാണെങ്കിൽ, ഈ കൂട്ടിയിടിയുടെ ഫലമായി 10,600 കിലോമീറ്റർ നീളമുള്ളതും 8,500 കിലോമീറ്റർ വീതിയുള്ളതുമായ, ഏതാണ്ട് യൂറോപ്പ്, ഏഷ്യ ഓസ്ട്രേലിയ എന്നിവ കൂടിച്ചേർന്നാലുള്ളത്ര വലിപ്പമുള്ള, ഗർത്തം സൃഷ്ടിച്ചുണ്ടാകണം, അങ്ങനെയെങ്കിൽ അത് വലിപ്പത്തിൽ ചന്ദ്രനിലെ എയ്ത്കൻ തടത്തിനേക്കാൾ കൂടുതലും സൗരയൂഥത്തിലെ ഏറ്റവും വലുതുമായിരിക്കും.[11][12] വളരെയധികം ഉൽക്കാപതന ഗർത്തങ്ങൾ ചൊവ്വയിലുണ്ട്: 5 കിലോമീറ്റർ മുതൽ മുകളിലോട്ട് വ്യാസമുള്ള ഏതാണ്ട് 43,000 ഗർത്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[79] ഇതിൽ ഏറ്റവും വലിയതായി കണക്കാക്കിയിട്ടുള്ളത് ഹെല്ലാസ് ഗർത്തമാണ്, ഭൂമിയിൽ നിന്നും വീക്ഷിക്കുമ്പോൾ ദൃശ്യമാകുന്ന തെളിഞ്ഞ ഒരു ആൽബിഡോ സവിശേഷ ഭാഗമാണിത്.[80] പിണ്ഡത്തിൽ ഭൂമിയേക്കാൾ ചെറുതായതിനാൽ തന്നെ ഗ്രഹവുമായി കൂട്ടിയിടിക്കുന്ന വസ്തുക്കൾ എണ്ണം ഭൂമിയുടേതിന്റെ പകുതിയായിരിക്കാനാണ് സാധ്യത. എന്നിരുന്നാലും ഛിന്നഗ്രഹവലയത്തിന്റെ സമീപത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് ആ ഭാഗത്ത് നിന്നുള്ള വസ്തുക്കളുമായി കൂട്ടിയിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇതുകൂടാതെ വ്യാഴത്തിന്റെ പരിക്രമണവലയത്തിൽ വരുന്ന ഹ്രസ്വകാല വാൽനക്ഷത്രങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും കൂടുതലാണ്.[81] ഇങ്ങനയൊക്കെയാണെങ്കിലും ഉൽക്കാപതനങ്ങൾക്കെതിരെ അന്തരീക്ഷത്തിന്റെ സംരക്ഷണമുള്ളതിനാൽ ചന്ദ്രനെ അപേക്ഷിച്ച് ചൊവ്വയിൽ കുറച്ചേ ഗർത്തങ്ങൾ കാണപ്പെടുന്നുള്ളൂ. ഉൽക്കാപതനത്തെ തുടർന്ന് ആ ഉപരിതലഭാഗത്തിന് നനവ് വരുന്നതായി ചില ഗർത്തങ്ങളുടെ രൂപഘടന സൂചന നൽകുന്നുണ്ട്.[82] ടെക്റ്റോണിക് മേഖലകൾഷീൽഡ് അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസിന് 27 കിലോ മീറ്റർ ഉയരമുണ്ട്, ഇതാണ് സൗരയൂഥത്തിൽ അറിയുന്നതിൽ വച്ച് ഏറ്റവും വലിയ പർവ്വതം.[83] ഉയർന്ന താർസിസ് മേഖലയിലാണ് ഈ നിർജ്ജീവമായ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്, ആ മേഖലയിൽ തന്നെ ഏതാനും വലിയ മറ്റ് അഗ്നിപർവ്വതങ്ങളുമുണ്ട്. 8.8 കിലോമീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയേക്കാൾ മൂന്നിരട്ടി ഉയരമുണ്ട് ഒളിമ്പസ് മോൺസിന്.[84] വലിയ മലയിടുക്കായ വാലെസ് മറൈനെറിസിന് (മാരിനറ് വാലീസ് എന്നതിന്റെ ലത്തീൻ രൂപം, പഴയ മാപ്പുകളിൽ അഗതഡെയ്മൺ എന്നാണറിയപ്പെട്ടിരുന്നത്) 4,000 കിലോമീറ്റർ നീളവും 7 കിലോമീറ്റർ താഴ്ചയുമുണ്ട്. യൂറോപ്പിന്റെ നീളത്തിനു തുല്യമാണിതിന്റെ നീളം, ഗ്രഹത്തിന്റെ ചുറ്റളവിന്റെ അഞ്ചിലൊന്ന് വരും ഈ നീളം. താരതമ്യത്തിന്, ഭൂമിയിലെ ഗ്രാന്റ് കാന്യണിന് വെറും 446 കിലോമീറ്റർ നീളവും 2 കിലോമീറ്റർ താഴ്ചയും മാത്രമാണുള്ളതെന്ന വസ്തുത കണക്കിലെടുത്താൽ മതിയാകും. താർസിസ് മേഖലയിലെ ഗ്രഹത്തിന്റെ പുറംതോട് വീർക്കുകയും പിന്നീട് ഇടിയുകയും ചെയ്താണ് വാലെസ് മറൈനെറിസ് രൂപപ്പെട്ടിരിക്കുന്നത്. മറ്റൊരു വലിയ മലയിടുക്കാണ് മആദിം വാലിസ് (ചൊവ്വയുടെ ഹീബ്രു പദമാണ് മആദിം). 700 കിലോമീറ്റർ നീളവും 20 കിലോമീറ്റർ വീതിയും 2 കിലോമീറ്റർ വരെ താഴ്ചയുമുള്ള ഇതും ഗ്രാന്റ് കാന്യണിനേക്കാൾ വളരെ നീളം കൂടിയതാണ്. ഭൂതകാലത്ത് ഇതിനകത്ത് ജലം നിറഞ്ഞിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു.[85] മറ്റ് സവിശേഷതകൾനാസയുടെ മാർസ് ഒഡീസ്സി ഓർബിറ്ററിലെ തെർമൽ എമിഷൻ ഇമേജിങ്ങ് സിസ്റ്റത്തിൽ (THEMIS) നിന്നുള്ള ചിത്രങ്ങളിൽ ആർഷിയ മോൺസ് അഗ്നിപർവ്വതത്തിന്റെ പാർശ്വഭാഗങ്ങളിൽ അതിനകത്തേക്കായി ഏഴ് ഗുഹാമുഖങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[86] ഈ ഗുഹകൾക്കെല്ലാം അവ കണ്ടെത്തിയവരുടെ ഇഷ്ടവ്യക്തികളുടെ നാമങ്ങളാണ് നൽകിയിരിക്കുന്നത്, അവയെ മൊത്തത്തിൽ "ഏഴ് സഹോദരിമാർ" എന്നും വിളിക്കുന്നു.[87] 100 മീറ്റർ മുതൽ 252 മീറ്റർ വരെയാണ് ഈ ഗുഹാമുഖങ്ങളുടെ വീതി, 73 മീറ്റർ മുതൽ 96 മീറ്റർ വരെ ആഴം ഇവയ്ക്കുണ്ടായിരിക്കാം. കൂടുതൽ ഗുഹകളുടേയും അടിഭാഗത്ത് പ്രകാശം എത്താത്തതിനാൽ അവയ്ക്ക് ഉദ്ദേശിക്കുന്നതിനേക്കാൾ കൂടുതൽ ആഴം ഉണ്ടായിരിക്കാനും, ഉപരിതലത്തിനു കീഴെ കൂടുതൽ വീതിയുണ്ടായിരിക്കാനും സാധ്യതയുണ്ട്. "ദേന" മാത്രം ഇതിൽ വ്യത്യസ്തമാണ്, അതിന്റെ അടിഭാഗം കാണാൻ സാധിക്കുന്നുണ്ട്, ആഴം ഏതാണ്ട് 130 മീറ്റർ ഉണ്ടെന്നും കണക്കാക്കിയിട്ടുണ്ട്. ഈ ഗുഹകളുടെ അന്തർഭാഗങ്ങൾ ഗ്രഹോപരിതലത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങൾ, സൗരജ്വാലകൾ, ഉന്നതോർജ്ജ കണികളുടെ കൂട്ടിയിടികൾ തുടങ്ങിയവയിൽ നിന്നും മുക്തമായിരിക്കാനും സാധ്യതയുണ്ട്.[88] അന്തരീക്ഷം400 കോടി വർഷങ്ങൾക്കുമുൻപ് ചൊവ്വയ്ക്ക് അതിന്റെ കാന്തമണ്ഡലം നഷ്ടമായി,[89] അതുകൊണ്ട് തന്നെ ചൊവ്വയുടെ അയണോസ്ഫിയറുമായി സൗരക്കാറ്റുകൾ നേരിട്ട് പ്രതിപ്രവർത്തിക്കുന്നു, ഇത് സ്വാഭാവിക രീതിയിൽ ആറ്റങ്ങൾ കൊഴിഞ്ഞു പോയാൽ സംഭവിക്കുന്നതിനെക്കാൾ കൂടുതൽ വേഗത്തിൽ അന്തരീക്ഷത്തിന്റെ കട്ടി കുറക്കുകയുണ്ടായി. അന്തരീക്ഷത്തിലെ അയണീകരിക്കപ്പെട്ട കണികകൾ ഗ്രഹത്തിനു പിന്നിൽ വാലുപോലെ ബഹിരാകാശത്തേക്ക് നീണ്ടുകിടക്കുന്നതായി മാർസ് ഗ്ലോബൽ സർവേയർ, മാർസ് എക്പ്രസ്സ് എന്നീ പര്യവേഷണപേടകങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[89][90] ഭൂമിയുടേതുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ ചൊവ്വയുടെ അന്തരീക്ഷം വളരെ നേരിയതാണ്. അന്തരീക്ഷമർദ്ദം ഒളിമ്പസ് മോൺസിൽ 30 പാസ്കൽ മുതൽ ഹെല്ലാസ് പ്ലാനിറ്റിയയിൽ 1,155 പാസ്കൽ വരെയുമാണ്, ശരാശരി മർദ്ദം 600 പാസ്കലാണ്.[91] ചൊവ്വയിലെ ഉപരിതല മർദ്ദം ഭൂമിയിൽ ഉപരിതലത്തിൽ നിന്നും 35 കിലോമീറ്റർ[92] ഉയരെ അനുഭവപ്പെടുന്ന മർദ്ദത്തോട് തുല്യമായതാണ്. ഇത് ഭൂമിയിലെ ഉപരിതല മർദ്ദത്തിന്റെ ഒരു ശതമാനത്തേക്കാൾ കുറഞ്ഞതാണ്, 101.3 കിലോപാസ്കലാണ് ഭൂമിയിലെ ഉപരിതലമർദ്ദം. പ്രധാന അന്തരീക്ഷഭാഗത്തിന്റെ ഉയരം ഏതാണ്ട് 10.8 കിലോമീറ്ററാണ്,[93] ഇത് ഭൂമിയുടെ അന്തരീക്ഷ ഉയരത്തിനേക്കാൾ (6 കിലോമീറ്റർ) ഉയർന്നതാണ്, ചൊവ്വയിലെ ഉപരിതല ആകർഷണബലം ഭൂമിയുടേതിന്റെ 38% മാത്രമേ വരുന്നുള്ളൂ എന്നതിനാലാണിത്, കുറഞ്ഞ താപനിലയും ശരാശരി 50 ശതമാനം തന്മാത്രാ ഭാരവും കാരണം അങ്ങനെ സംഭവിക്കുന്നു. 95 ശതമാനമുള്ള കാർബൺഡൈഓക്സൈഡ്, 3 ശതമാനമുള്ള നൈട്രജൻ, 1.6 ശതമാനമുള്ള ആർഗൺ എന്നിവ ചൊവ്വയുടെ അന്തരീക്ഷത്തിലുണ്ട്, കൂടാതെ ജലവും ഓക്സിജനും അടങ്ങിയിരിക്കുന്നതിന്റെ ലക്ഷണങ്ങളുണ്ട്.[5] ഏകദേശം 1.5 മൈക്രോമീറ്റർ വലിപ്പത്തിലുള്ള ധൂളികൾ ഉൾക്കൊള്ളുന്ന അന്തരീക്ഷം കുറച്ച് പൊടി നിറഞ്ഞതാണ്, ഇത് ഗ്രഹോപരിതലത്തിൽ നിന്നും നോക്കുമ്പോൾ ആകാശം കപിലവർണ്ണത്തിൽ കാണപ്പെടുന്നതിന് കാരണമാകുന്നു.[94] 30 ppb എന്ന നിരക്കിൽ ചൊവ്വയുടെ അന്തരീക്ഷത്തിൽ മീഥെയ്ൻ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.[9][95] നേരിയ പുകച്ചുരുളുകൾ പോലെ ഇവ കാണപ്പെടുന്നുണ്ട്, ഇത് അവ പ്രത്യേക ഭാഗങ്ങളിൽ നിന്നും പുറത്തുവരുന്നതാണെന്ന് സൂചിപ്പിക്കുന്നു. ഉത്തരഭാഗത്തെ മധ്യവേനലിൽ പ്രവഹിച്ച പുകച്ചുരുളുകളിൽ 19,000 ടൺ മീഥെയ്ൻ അടങ്ങിയിരുന്നു, സ്രോതസ്സിൽ നിന്നും സെക്കന്റിൽ 0.6 കിലോഗ്രാം എന്ന നിരക്കിലാണിത് വരുന്നതെന്ന് കണക്കാക്കിയിട്ടുണ്ട്.[96][97] രണ്ട് സ്രോതസ്സുകളുണ്ടായിരിക്കാമെന്നാണ് അവയുടെ രൂപത്തിൽ നിന്നും മനസ്സിലാകുന്നത്, ആദ്യത്തേത് 30° ഉത്തര അക്ഷാശംത്തിനും, 260° പശ്ചിമ രേഖാംശത്തിന് സമീപത്തായും രണ്ടാമത്തേത് 0° ക്കും, 310° പശ്ചിമരേഖാംശത്തിനും സമീപമായും ആണെന്ന് കരുതപ്പെടുന്നു.[96] ഈ രീതിയിൽ ചൊവ്വയിൽ പ്രതിവർഷം 270 ടൺ മീഥെയ്ൻ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.[96][98] ഇത്തരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന മീഥെയൻ വിഘടിക്കുന്നതിന് 6 ഭൗമമാസങ്ങൾ മുതൽ 4 ഭൗമവർഷങ്ങൾ വരെ എടുക്കാം എന്ന് കണക്കാക്കുന്നു.[96][99] വാതകത്തിന്റെ സജീവമായ സ്രോതസ്സ് ഗ്രഹത്തിൽ നിലനിൽക്കുന്നു എന്നാണ് ഈ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. അഗ്നിപർവ്വത പ്രവർത്തനങ്ങൾ, വാൽനക്ഷത്രങ്ങളുടെ പതനം, മീഥെയ്ൻ ഉല്പാദിപ്പിക്കുന്ന സൂക്ഷ്മജൈവാണുക്കൾ തുടങ്ങിയവയാണ് സാധ്യതയുള്ള സ്രോതസ്സുകൾ. ജലം, കാർബൺഡൈഓക്സൈഡ്, ധാതു ഒലീവൈൻ ഉൾപ്പെടുന്ന അജൈവപ്രക്രിയയായ സെർപ്പെന്റൈനൈസേഷൻ[ഖ] വഴിയും മീഥെയ്ൻ ഉല്പാദിപ്പിക്കപ്പെടാം, ധാതു ഒലീവൈൻ ചൊവ്വയിൽ നിലവിലുണ്ട് എന്നും അറിവുള്ള കാര്യമാണ്.[100] കാലാവസ്ഥസമാന ഭ്രമണകാലം കാരണമായി സൗരയൂഥത്തിൽ ചൊവ്വയാണ് ഭൂമിയോട് ഏറ്റവും കൂടുതൽ സദൃശമായിരിക്കുന്നത്. എങ്കിലും ചൊവ്വയിലെ ഋതുക്കളുടെ ദൈർഘ്യം ഭൂമിയിലേതിന്റെ ഇരട്ടി വരും, സൂര്യനിൽ നിന്നുള്ള ദൂരക്കൂടുതലുള്ളതിനാൽ ഒരു ചൊവ്വാവർഷം ഏകദേശം രണ്ട് ഭൗമവർഷത്തിന് തുല്യമായി വരും. ഊഷ്മാവ് ശിശിരകാലത്ത് ധ്രുവങ്ങളിൽ -87 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ഗ്രീഷ്മകാലത്ത് -5 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യുന്നു.[42] കട്ടി കുറഞ്ഞ അന്തരീക്ഷമായതിനാൽ കൂടുതൽ സൗരതാപത്തെ സംഭരിക്കാൻ സാധ്യമാവാത്തതും, കുറഞ്ഞ അന്തരീക്ഷമർദ്ദം, ചൊവ്വയിലെ മണ്ണിന്റെ കുറഞ്ഞ താപീയ ആക്കം തുടങ്ങിയവ കാരണമായാണ് ഊഷ്മാവിൽ ഇത്ര വലിയ വ്യതിയാനം ഉണ്ടാകുന്നത്.[101] സൂര്യനിൽ നിന്നും ഭൂമിയേക്കാൾ 1.52 ഇരട്ടി അകലത്തിലുമാണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്, അതു കാരണം സൂര്യപ്രകാശത്തിന്റെ 43 ശതമാനം മാത്രമേ ഗ്രഹത്തിന് ലഭ്യമാകുന്നുള്ളൂ.[102] ഭൂമിക്ക് സമാനമായ പരിക്രമണപഥമാണ് ചൊവ്വയുടേതെങ്കിൽ അച്ചുതണ്ടിന്റെ ചെരിവും സമാനമായതിനാൽ ചൊവ്വയിലെ ഋതുക്കളും ഭൂമിയേടേതിന് സമാനമാകുമായിരുന്നു. എന്നിരുന്നാലും താരതമ്യേന വലിയ ഉത്കേന്ദ്രതയുള്ള ചൊവ്വയുടെ പരിക്രമണപഥം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചൊവ്വ ഉപസൗരത്തിലായിരിക്കുമ്പോൾ ദക്ഷിണ ധ്രുവത്തിൽ വേനൽ കാലമായിരിക്കും ഉത്തരധ്രുവത്തിൽ ശിശിരകാലവും, അപസൗരത്തിലായിരിക്കുമ്പോൾ ദക്ഷിണധ്രുവത്തിൽ ശിശിരകാലവും ഉത്തര ധ്രുവത്തിൽ വേനൽ കാലവുമായിരിക്കും. തത്ഫലമായി ദക്ഷിണധ്രുവത്തിലെ കാലാവസ്ഥ കൂടുതൽ കടുത്തതും ഉത്തരധ്രുവത്തിലേത് വീര്യം കുറഞ്ഞതുമായിത്തീരുന്നു. വേനൽ കാലത്ത് ദക്ഷിണ ധ്രുവത്തിൽ താപനില 30 ഡിഗ്രിവരെയെത്തുന്നു ഇത് സമാന ഉത്തരധ്രുവ കാലാവസ്ഥയിലേതിനേക്കാൾ ചൂട് കൂടുതലാണ്.[103] ചൊവ്വയിലാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ മണൽക്കാറ്റുകൾ വീശുന്നത്. ചെറിയ മേഖലയിൽ മാത്രം വീശുന്നതുമുതൽ ഗ്രഹം മുഴുവൻ വീശിയടിക്കുന്ന ഭീമൻ മണൽക്കാറ്റുകൾ വരെ ഉണ്ടാകുന്നു. ഗ്രഹം സൂര്യനോട് അടുത്തിരിക്കുന്ന അവസ്ഥയിലാണ് കാറ്റ് വീശുന്നത് കൂടുതലായി കാണുന്നത്, ആ അവസരങ്ങളിൽ ആഗോളതാപനില വർദ്ധിക്കുന്നതായും കാണപ്പെടുന്നു.[104] പരിക്രമണവും ഭ്രമണവുംസൂര്യനിൽ നിന്നും ശരാശരി 23 കോടി കിലോമീറ്റർ അകലെയാണ് ചൊവ്വ പരിക്രമണം ചെയ്യുന്നത്, പരിക്രമണ കാലം 687 ഭൗമദിനങ്ങൾക്ക് തുല്യമാണ്. ചൊവ്വയിലെ ഒരു സൗരദിനം ഭൂമിയിലേതിനേക്കാൾ അല്പം മാത്രം നീളമുള്ളതാണ്: 24 മണിക്കൂറും 39 മിനുട്ടും, 35.244 സെക്കന്റുകളും. ഒരു ചൊവ്വ വർഷം 1.8809 ഭൗമ വർഷത്തിനു തുല്യമാണ്, അതായത് 1 വർഷവും 320 ദിവസവും 18.2 മണിക്കൂറും.[5] 25.19 ഡിഗ്രിയാണ് ചൊവ്വയുടെ അച്ചുതണ്ടിന്റെ ചെരിവ്, ഇത് ഏതാണ്ട് ഭൂമിയുടെ അച്ചുതണ്ട് ചെരിവിനോട് സമാനമാണ്.[5] അതുകൊണ്ടു തന്നെ വർഷത്തിന്റെ നീളം കൂടുതലായതിനാൽ ദൈർഘ്യം കൂടുതലുണ്ടെങ്കിലും ചൊവ്വയിലെ ഋതുക്കൾ ഭൂമിയിലുള്ളതു പോലെയാണ്. നിലവിൽ ദീനെബാണ് (Deneb) ചൊവ്വയുടെ ഉത്തരധ്രുവ നക്ഷത്രം.[105] ചൊവ്വ ഏപ്രിൽ 2009 ന്[106] ഉപസൗരത്തിലും മാർച്ച് 2010 ന്[106] അപസൗരത്തിലുമായിരുന്നു. സൗരയൂഥത്തിലെ ബുധനൊഴികെയുള്ള മറ്റ് ആറ് ഗ്രഹങ്ങളേക്കാളും അല്പം കൂടിയ 0.09 ഉത്കേന്ദ്രതയോടുകൂടിയ പരിക്രമണപാതയാണ് ചൊവ്വയുടേത്. മുൻപ് ചൊവ്വയ്ക്കും കൂടുതൽ വൃത്താകാരമായ ഭ്രമണപഥമായിരുന്നുവെന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. 13.5 ലക്ഷം വർഷങ്ങൾക്കു മുൻപ് പാതയുടെ ഉത്കേന്ദ്രത 0.002 മാത്രമായിരുന്നു, ഇത് ഇന്നത്തെ ഭൂമിയുടെ പാതയുടേതിനേക്കാൾ കുറവാണ്.[107] ചൊവ്വയുടെ ഉത്കേന്ദ്രത ചക്രം 96,000 ഭൗമവർഷങ്ങൾക്ക് തുല്യമാണെങ്കിൽ ഭൂമിയുടേത് 100,000 വർഷമാണ്.[108] എങ്കിലും ചൊവ്വയ്ക്ക് 22 ലക്ഷം ഭൗമവർഷങ്ങൾക്ക് തുല്യമായ ഉത്കേന്ദ്രത ചക്രം കൂടിയുണ്ട്, ഇത് ഗ്രാഫുകളിൽ 96,000 വർഷ ഇടവേളയോടുകൂടിയ ചക്രങ്ങളെ കവച്ചുവയ്ക്കുന്നു. കഴിഞ്ഞ 35,000 വർഷങ്ങളായി ചൊവ്വപഥത്തിന്റെ ഉത്കേന്ദ്രത മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ആകർഷണബലങ്ങളാൽ വർദ്ധിച്ചുവരികയാണ്. അടുത്ത 25,000 വർഷത്തേക്കു കൂടി ഭൂമിയുമായി അടുത്തുവരുന്ന ദൂരത്തിൽ കുറവ് സംഭവിച്ചുകൊണ്ടിരിക്കും.[109]
ഉപഗ്രഹങ്ങൾഫോബോസ്, ഡീമോസ് എന്നിങ്ങനെ രണ്ട് സ്വാഭാവിക ഉപഗ്രഹങ്ങളാണ് ചൊവ്വയ്ക്കുള്ളത്. ഈ ഉപഗ്രഹങ്ങളുടെ ഉല്പത്തിയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയില്ലെങ്കിലും ചൊവ്വ ആകർഷണവലയത്തിൽ പെടുത്തിയ ക്ഷുദ്രഗ്രഹങ്ങളായിരിക്കാമെന്നാണ് അവയുടെ ഘടന സൂചിപ്പിക്കുന്നത്.[110] 1877 ൽ അസഫ് ഹാളാണ് (Asaph Hall) രണ്ട് ഉപഗ്രഹങ്ങളേയും കണ്ടെത്തിയത്, ഗ്രീക്ക് ഐതിഹ്യത്തിലെ യുദ്ധ ദേവനായ എയ്റീസിനെ പടക്കളത്തിൽ അനുഗമിക്കുന്ന മക്കളായ ഫോബോസ്, ഡീമോസ് എന്നീ കഥാപാത്രങ്ങളുടെ നാമങ്ങളാണ് ഗ്രഹത്തിന് നൽകിയത്. റോമക്കാർക്ക് എയ്റീസ് എന്നാൽ ചൊവ്വാ ഗ്രഹമാണ്.[111][112] ഭൂമിയിലെ നിന്നും ചന്ദ്രനെ വീക്ഷിക്കുമ്പോഴുണ്ടാകുന്ന അനുഭവത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് ചൊവ്വോപരിതലത്തിൽ നിന്നും ഫോബോസും ഡീമോസും കാണപ്പെടുന്നത്. ഫോബോസ് പടിഞ്ഞാറുദിക്കുകയും കിഴക്കസ്തമിക്കുകയും ചെയ്യുന്നു, 11 മണിക്കൂറിനുശേഷം വീണ്ടും ഉദിക്കുന്നു, ഡീമോസിന്റെ പരിക്രമണമാണെങ്കിൽ ചൊവ്വയുടെ ഭ്രമണത്തിൽ നിന്നും അല്പം മാത്രം വ്യത്യാസമുള്ളതാണ്, വളരെ പതുക്കെയാണ് ഇത് കിഴക്കു നിന്നും ഉദിക്കുന്നത്. 30 മണിക്കൂർ മാത്രമാണ് പരിക്രമണദൈർഘ്യമെങ്കിലും ചൊവ്വയുടെ ഭ്രമണത്തിന് അല്പം മാത്രം കുറഞ്ഞ രീതിയിൽ പരിക്രമണം ചെയ്യുന്ന ഡീമോസ് പടിഞ്ഞാറ് അസ്തമിക്കാൻ 2.7 ദിവസമെടുക്കുന്നു, വീണ്ടുമുദിക്കാൻ ഇതുപോലെ കൂടുതൽ സമയമെടുക്കുന്നു.[113] ഫോബോസിന്റെ പരിക്രമണം സ്ഥിരപരിക്രമണ ഉയരത്തിനു താഴെയായതിനാൽ ചൊവ്വയുടെ വലിവുബലങ്ങൾ പതുക്കെ ഈ പരിക്രമണ ഉയരം കുറച്ചുകൊണ്ടു വരുന്നുണ്ട്. 5 കോടി വർഷങ്ങൾ കഴിഞ്ഞാൽ ഉപഗ്രഹം ചൊവ്വയിൽ പതിക്കുകയോ ചിന്നിച്ചിതറി ഗ്രഹത്തിനു ചുറ്റും വളയം രൂപപ്പെടുത്തുകയോ ചെയ്യുന്നതാണ്.[113] ഇതുവരെ രണ്ട് ഉപഗ്രഹങ്ങളുടേയും ഉല്പത്തി നന്നായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അവയുടെ കുറഞ്ഞ ആൽബിഡോയും കാർബണിക കോണ്ഡ്രൈറ്റടങ്ങിയ ഘടനയും ക്ഷുദ്രഗ്രഹങ്ങളോട് സാമ്യം ജനിപ്പിക്കുന്നതിനാൽ ആകർഷണ വലയത്തിൽപ്പെട്ട ക്ഷുദ്രഗ്രഹങ്ങളാണവ എന്ന സിദ്ധാന്തത്തിന് ബലം പകരുന്നു. ഫോബോസിന്റെ അസ്ഥിര പരിക്രമണം അതിനെ അടുത്ത കാലത്ത് പിടിച്ചെടുത്താകാൻ സാധ്യത നൽകുന്നു. രണ്ടിനും വൃത്താകാരമായ പരിക്രമണപഥങ്ങളാണുള്ളത് അതും മധ്യരേഖയോട് ചേർന്നുള്ളതും, ഇത് പിടിച്ചെടുത്ത വസ്തുക്കളുടെ കാര്യത്തിൽ അസാധാരണമാണ്. ചൊവ്വയുടെ രൂപീകരണത്തിലെ അക്രീഷൻ വഴിയുള്ള രൂപപ്പെടലിനും സാധ്യതയുണ്ടെങ്കിലും അവയുടെ പദാർത്ഥഘടന ചൊവ്വയിൽ നിന്നുള്ളതിനേക്കാൾ ക്ഷുദ്രഗ്രഹങ്ങളുടേതാകാനുള്ള സാധ്യതയാണ് കൂടുതൽ പ്രകടിപ്പിക്കുന്നത്. മറ്റ് വസ്തുക്കളുമായുള്ള കൂട്ടിയിടിയിലൂടെ രൂപപ്പെടാനുള്ള സാധ്യതയാണ് മൂന്നാമതായുള്ളത്.[114] ജീവൻഉപരിതലത്തിൽ ദ്രവജലമുള്ള ഗ്രഹങ്ങൾക്ക് മാത്രമേ ജീവന് വികസിക്കുവാനും നിലനിൽക്കുവാനുമുള്ള ചുറ്റുപാട് പ്രദാനം ചെയ്യാൻ സാധിക്കൂ എന്നാണ് നിലവിലെ അറിവ്. നിലവിൽ സൂര്യന് ചുറ്റുമുള്ള ആവാസയോഗ്യ മേഖല ശുക്രന് ശേഷവും ചൊവ്വയുടെ സെമി-മേജർ അക്ഷം വരെയുമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.[115] ഉപസൗരത്തിലായിരിക്കുമ്പോൾ ചൊവ്വ ഈ മേഖലയ്ക്കകത്ത് പ്രവേശിക്കുന്നുണ്ടെങ്കിലും നേരിയതും മർദ്ദം കുറഞ്ഞതുമായ അന്തരീക്ഷം ദ്രവജലത്തെ വലിയ അളവിൽ കൂടുതൽ സമയത്തേക്ക് നിലനിൽക്കുന്നതിന് സഹായിക്കുന്നില്ല. ഭൂതകാലത്ത് ജലമൊഴുകിയിരുന്നു എന്ന വിവരം ഗ്രഹത്തിന് ജീവനെ നിലനിർത്താനാൻ സാധിക്കും എന്നതിനുള്ള സാധ്യത നൽകുന്നു. ഗ്രഹോപരിതലത്തിൽ ഏതെങ്കിലും തരത്തിൽ ജലം നിലനിൽക്കുന്നുണ്ടെങ്കിൽ തന്നെ ജീവനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ അവയിൽ ലവണത്വവും അമ്ലത്വവും കൂടുതലായിരിക്കുമെന്നാണ് സമീപകാലത്ത് ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നത്.[116] കാന്തമണ്ഡലത്തിന്റെ അഭാവവും നേരിയ അന്തരീക്ഷവും നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു: വളരെ കുറഞ്ഞ താപകൈമാറ്റം മാത്രമാണ് ഗ്രഹോപരിതലത്തിൽ നടക്കുന്നത്, സൗരക്കാറ്റിൽ നിന്നുള്ള കുട്ടിയിടികളിൽ നിന്നും വളരെ തുച്ഛമായ പരിരക്ഷയേ ഉള്ളൂ, കുറഞ്ഞ അന്തരീക്ഷമർദ്ദം ജലത്തെ ദ്രവരൂപത്തിൽ സ്ഥിതിചെയ്യുന്നതിന് സഹായിക്കുന്നില്ല (പകരം ജലം വാതകാവസ്ഥിയിൽ സ്ഥിതി ചെയ്യുന്നു), കൂടാതെ ചൊവ്വ ഭൂമിശാസ്ത്രപരമായി സജീവവുമല്ല; അഗ്നിപർവ്വത പ്രവർത്തനങ്ങൾ നിലച്ചതുമൂലം ഗ്രഹാന്തർഭാഗവും ഉപരിതലവും തമ്മിലുള്ള ധാതുകൈമാറ്റവും നടക്കുന്നില്ല.[117] ഭൂതകാലത്ത് ഗ്രഹം കൂടുതൽ ആവാസയോഗ്യമായിരുന്നു എന്നാണ് തെളിവുകൾ നൽകുന്ന സൂചന, എന്നാലും എപ്പോഴെങ്കിലും ജൈവരൂപങ്ങൾ ഗ്രഹത്തിൽ നിലനിന്നിരുന്നു എന്നതിനെപ്പറ്റി വ്യക്തതയുമില്ല. 1970 കളുടെ മധ്യത്തിൽ വിക്ഷേപിച്ച വൈക്കിങ്ങ് പേടകങ്ങൾ അവ ഇറങ്ങുന്ന സ്ഥലങ്ങളിലെ മണ്ണിൽ സൂക്ഷ്മജൈവരൂപങ്ങളുണ്ടോ എന്നറിയുന്നതിനുള്ള ഉപകരണങ്ങൾ വഹിച്ചിരുന്നു, ജലത്തിന്റേയും പോഷണങ്ങളുടെയും സാന്നിദ്ധ്യത്തിൽ ക്ഷണികമായ കാർബൺഡൈഓക്സൈഡിന്റെ വർദ്ധനവ് പോലെയുള്ള ആശാവഹമായ ഫലങ്ങളും അവ നൽകുകയുണ്ടായി. എങ്കിലും ഇത് ജീവന്റെ സാധ്യതയാണെന്നുള്ള കാര്യത്തിൽ വലിയ തർക്കങ്ങൾ നടക്കുകയും ചെയ്തു. വളരെ പ്രതികൂല ചുറ്റുപാടിൽ കഴിയുന്ന ജീവികളേ കുറിച്ചുള്ള ആധുനിക അറിവുകളുടെ അടിസ്ഥാനത്തിൽ 30 വർഷം പഴക്കമുള്ള വൈക്കിങ്ങിലെ വിവരങ്ങൾ വീണ്ടും വിശകലനം ചെയ്തപ്പോൾ, അത്തരത്തിലുള്ള ജീവന്റെ രൂപങ്ങളെ കൃത്യതയോടെ കണ്ടെത്താൻ മാത്രമുള്ളതായിരുന്നില്ല അതിലെ ഉപകരണങ്ങൾ എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. കണ്ടെത്തൽ പ്രക്രിയയിൽ ചിലപ്പോൾ ജീവൻ നശിപ്പിക്കപ്പെട്ടുമിരുന്നിരിക്കാം.[118] മണ്ണ് കൂടുതൽ ക്ഷാരസ്വഭാവത്തിലുള്ളതാണെന്നും മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയടങ്ങിയതാണെന്നും ഫീനിക്സ് മാർസ് ലാൻഡർ നടത്തിയ പരീക്ഷണങ്ങൾ കാണിച്ചു തന്നു.[119] മണ്ണിലെ പോഷണങ്ങൾ ജീവനെ പിന്തുണക്കുന്ന തരത്തിലുള്ളതാവാമെങ്കിലും വലിയ അളവിൽ വരുന്ന അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നുള്ള സംരക്ഷണം അവയ്ക്ക് ലഭ്യമായിരിക്കേണ്ടതുണ്ട്.[120] ജോൺസൺ സ്പേസ് സെന്റർ ലാബിൽ പരിശോധനയിൽ ALH84001 എന്ന ചൊവ്വയിൽ നിന്നുള്ള ഉൽക്കാശിലയിൽ കൗതുകമുണർത്തുന്ന രൂപം കണ്ടെത്തിയിട്ടുണ്ട്. ഉൽക്കാപതനഫലമായി ബഹിരാകാശത്തേക്ക് തെറിച്ച ഭാഗത്ത് ഭൂതകാലത്തെ സൂക്ഷ്മജീവിയുടെ ശരീരം ഫോസിലായിത്തീർന്നതാവാം, 1.5 കോടി വർഷങ്ങളുടെ സഞ്ചാരത്തിനു ശേഷം അത് ഭൂമിയിലെത്തുകയും ചെയ്തു. ഈ രൂപത്തിന്റെ അജൈവപരമായ ഉല്പത്തിയും വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്.[121] അടുത്ത കാലത്ത് ചൊവ്വ പര്യവേഷണ പേടകങ്ങൾ കണ്ടെത്തിയ മീഥേയ്നിന്റേയും ഫോർമാൽഡിഹൈഡിന്റേയും സാന്നിദ്ധ്യം ജീവൻ നിലനിൽക്കുന്നുവെന്നതിന്റെ ലക്ഷണമാണെന്ന വാദവുമുയർന്നിട്ടുണ്ട്, ചൊവ്വാന്തരീക്ഷത്തിൽ ഈ രാസസംയുക്തങ്ങൾ എളുപ്പം വിഘടിക്കുമെന്നതിനാലാണ് ഈ വാദത്തിന് കാരണം.[122][123] സെർപെന്റൈനൈസേഷൻ പോലെയുള്ള അഗ്നിപർവ്വത അല്ലെങ്കിൽ ഭൂമിശാസ്ത്ര പ്രവർത്തനങ്ങൾ വഴിയും ഇവയുടെ പുനരുല്പാദനം നടക്കാൻ സാധ്യതയുണ്ട്.[100] പര്യവേഷണംഗ്രഹത്തിന്റെ ഉപരിതലം കാലാവസ്ഥ, ഭൂമിശാസ്ത്രം തുടങ്ങിയവയെ കുറിച്ച് പഠിക്കുന്നതിനായി ഓർബിറ്ററുകൾ, ലാൻഡറുകൾ, റോവറുകൾ എന്നിങ്ങനെ ധാരാളം പര്യവേഷണ വാഹനങ്ങൾ ചൊവ്വയെ ലക്ഷ്യമാക്കി സോവിയേറ്റ് യൂണിയൻ, അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, ജപ്പാൻ എന്നിവർ അയച്ചിട്ടുണ്ട്. ചൊവ്വയിലേക്ക് വസ്തുക്കൾ എത്തിക്കുന്നതിന് നിലവിൽ കിലോഗ്രാം പ്രതി 309,000 അമേരിക്കൻ ഡോളർ ചെലവു വരും.[124] അയച്ച മൂന്നിൽ രണ്ട് ഭാഗം പേടകങ്ങളും തുടക്കത്തിൽ തന്നെയോ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് മുൻപ് ആയി പരാജയപ്പെടുകയാണുണ്ടായിട്ടുള്ളത്. കൂടുതലും സാങ്കേതിക പ്രശ്നങ്ങളാണ് ഈ ഉയർന്ന നിരക്കിലുള്ള പരാജയത്തിന് കാരണം, തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള ആശയവിനിമയ സംവിധാനം തകരാറിലായതുമൂലമാണ് കൂടുതലും പരാജയപ്പെട്ടിട്ടുള്ളത്. ഭൂമിയിൽ നിന്നും ചൊവ്വയിലേക്കുള്ള വഴിയിലുള്ള "ബെർമുഡ ത്രികോണം", "വമ്പൻ താരാപഥ ഭീകരജീവി" എന്നിങ്ങനെ ശാസ്ത്രഞർ ഈ പരാജയങ്ങളെ കളിയായി പറയുന്നു.[125]
കഴിഞ്ഞ ദൗത്യങ്ങൾ1964 ൽ വിക്ഷേപിച്ച നാസയുടെ മാരിനർ 4 ആണ് ആദ്യമായി ചൊവ്വയുടെ സമീപത്തുകൂടി സഞ്ചരിക്കുന്നതിൽ വിജയിച്ച ബഹിരാകാശ പേടകം. 1971 നവംബർ 14 ന് മാരിനർ 9 ചൊവ്വയുടെ ചുറ്റിമുള്ള പരിക്രമണ പാതയിൽ സഞ്ചരിക്കുന്ന ആദ്യത്തെ വാഹനമായി, ആദ്യമായി മറ്റൊരു ഗ്രഹത്തെ മനുഷ്യ നിർമ്മിത വാഹനം പരിക്രമണം നടത്തിയ സംഭവമായിരുന്നു ഇത്.[127] 1971 ൽ വിക്ഷേപിച്ച സോവിയേറ്റ് യൂണിയന്റെ മാർസ് 2, മാർസ് 3 എന്നിവയാണ് ചൊവ്വോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തുക്കൾ, രണ്ടു പേടകവുമായുള്ള ആശയവിനിമയം ഇറങ്ങിലിന് ഏതാനും നിമിഷങ്ങൾക്കു ശേഷം നഷ്ടമാവുകയാണുണ്ടായത്. അതിനുശേഷം 1975 ലാണ് നാസ വൈക്കിങ്ങ് ദൗത്യം ആരംഭിച്ചത്, രണ്ട് പരിക്രമണ വാഹനങ്ങൾ അടങ്ങിയതായിരുന്നു അത്, ഒരോ വാഹനത്തിലും ഒരു ലാൻഡറും ഉണ്ടായിരുന്നു; 1976 ൽ രണ്ട് ലാൻഡറുകളും ചൊവ്വോപരിതലം സ്പർശിക്കുന്നതിൽ വിജയിച്ചു. വൈക്കിങ്ങ് 1 ആറുവർഷക്കാലവും വൈക്കിങ്ങ് 2 മൂന്നുവർഷക്കാലവും പ്രവർത്തനത്തിലുണ്ടായിരുന്നു. വൈക്കിങ്ങ് ലാൻഡറുകൾ ചൊവ്വയിലെ പനോരമചിത്രങ്ങൾ അയച്ചുതരികയുണ്ടായി,[128] പരിക്രമണ പേടകങ്ങൾ വളരെ നന്നായിത്തന്നെ ചൊവ്വോപരിതലത്തെ മാപ്പ് ചെയ്യുകയും ചെയ്തു, ഈ ചിത്രങ്ങൾ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്. 1988 ൽ സോവിയേറ്റ് യൂണിയൻ ഫോബോസ് 1, ഫോബോസ് 2 പേടകങ്ങൾ അയക്കുകയുണ്ടായി, ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളെ കുറിച്ച് പഠിക്കുന്നതിനായിരുന്നു അത്. ഫോബോസ് 1 മായുള്ള ആശയവിനിമയം ചൊവ്വയിലേക്കുള്ള വഴിയേ തന്നെ നഷ്ടമായി. ചൊവ്വയുടേയും ഫോബോസിന്റേയും ചിത്രങ്ങൾ പകർത്തുന്നതിൽ ഫോബോസ് 2 വിജയിച്ചെങ്കിലും, ഫോബോസിന്റെ ഉപരിതലത്തിലേക്ക് രണ്ട് ലാൻഡറുകളെ വിടുന്നതിനു മുൻപ് പരാജയപ്പെടുകയുണ്ടായി.[129] 1992 ലെ മാർസ് ഒബ്സേർവർ മോണിറ്ററിന്റെ പരാജയത്തെ തുടർന്ന് നാസ 1996 ൽ മാർസ് ഗ്ലോബൽ സർവേയർ വിക്ഷേപിക്കുകയുണ്ടായി. പൂർണ്ണമായും വിജയിച്ച സംരംഭമായിരുന്നു അത്, 2001 ന്റെ തുടക്കത്തോടെ തന്നെ പ്രാഥമിക മാപ്പിങ്ങ് ലക്ഷ്യങ്ങൾ അത് പൂർത്തിയാക്കിയിരുന്നു. പിന്നീട് 2006 കൂടുതലായി നടത്താൻ തീരുമാനിച്ച ഒരു കാര്യത്തിനിടെ പേടകവുമായുള്ള ബന്ധം നഷ്ടമാവുന്നതുവരെ കൃത്യമായി പത്തുവർഷക്കാലം അത് പ്രവർത്തനനിരതമായിരുന്നു. മാർസ് ഗ്ലോബൽ സർവേയറിന്റെ വിക്ഷേപണത്തിന്റെ ഒരു മാസത്തിനു ശേഷം തന്നെ നാസ മാർസ് പാത്ത്ഫൈൻഡറും വിക്ഷേപിക്കുകയുണ്ടായി, റോബോട്ടിക്ക് പര്യവേഷണ വാഹനമായ സോജേർണറിനേയും (Sojourner) വഹിച്ചുകൊണ്ടായിരുന്നു പാത്ത്ഫൈൻഡർ വിക്ഷേപിക്കപ്പെട്ടത്. 1997 ലെ വേനലിൽ ചൊവ്വയിൽ എയ്റിസ് വാലിസിൽ അത് ഇറങ്ങുകയും ചെയ്തു. ഈ ദൗത്യം വലിയ വിജയമായിരുന്നു, വളരെയധികം ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചതിനാൽ തന്നെ വലിയ ലോക ശ്രദ്ധയും ഈ ദൗത്യത്തിന് ലഭിക്കുകയുണ്ടായി.[130] ഏറ്റവും അവസാനം പൂർത്തിയാക്കിയ ചൊവ്വാ ദൗത്യമാണ് നാസയുടെ ഫീനിക്സ് മാർസ് ലാൻഡർ, 2007 ഓഗസ്റ്റ് 4 നാണ് അത് വിക്ഷേപിക്കപ്പെട്ടത്, ചൊവ്വയുടെ ഉത്തരധ്രുവ മേഖലയിൽ 2008 മേയ് 25 ന് എത്തിച്ചേരുകയും ചെയ്തു.[131] 2.5 മീറ്റർ വരെ എത്തുന്നതും ചൊവ്വയുടെ മണ്ണിൽ ഒരു മീറ്റർ വരെ കുഴിക്കാൻ കഴിവുള്ളതുമായ യന്ത്രക്കൈ അതിനുണ്ടായിരുന്നു. മനുഷ്യരോമത്തിന്റെ ആയിരത്തിലൊന്നു ഭാഗം വരെ വ്യക്തമായി കാണിക്കാൻ തക്ക കഴിവുള്ള സൂക്ഷ്മതല ഛായാഗ്രാഹിയും പേടകത്തിലുണ്ടായിരുന്നു, പേടകം ഇറങ്ങിയ സ്ഥലത്ത് 2008 ജൂൺ 15 ന് ഒരു പദാർത്ഥം അത് കണ്ടെത്തുകയുണ്ടായി, ജൂൺ 20 ന് അത് ജലത്തിന്റെ ഹിമമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.[132][133] എൻജിനീയർമാർക്ക് പേടകവുമായി ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് 2008 നവംബർ 10 ന് ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.[134] വർത്തമാനകാല ദൗത്യങ്ങൾ2001 ൽ നാസ മാർസ് ഒഡീസ്സി പരിക്രമണപേടകം വിക്ഷേപിച്ചിരുന്നു, ഡിസംബർ 2009 പ്രകാരം അതിപ്പോഴും പരിക്രമണപഥത്തിൽ തന്നെയാണുള്ളത്, 2010 സെപ്റ്റംബർ വരെ അതിന്റെ കാലാവധി നീട്ടിയിരുന്നു.[135] ഒഡീസ്സിയുടെ ഗാമ റേ സ്പെക്ട്രോമീറ്റർ ചൊവ്വയുടെ റീഗോലിത്തിന്റെ ഉപരിഭാഗത്ത് വലിയ അളവിൽ ഹൈഡ്രജൻ കണ്ടെത്തിയിട്ടുണ്ട്. വലിയ തോതിലുള്ള ജലഹിമത്തിന്റെ നിക്ഷേപമാണ് ഈ അളവിൽ ഹൈഡ്രജൻ ഉണ്ടായിരിക്കാനുള്ള കാരണമായി കരുതുന്നത്.[136] 2003 ൽ മാർസ് എക്സ്പ്രസ്സ് ഓർബിറ്ററും ബീഗിൾ 2 ഉം അടങ്ങുന്ന മാർസ് എക്സ്പ്രസ്സ് പേടകം യൂറോപ്യൻ ബഹിരാകാശ ഏജൻസി വിക്ഷേപിക്കുകയുണ്ടായി. ഇറങ്ങലിനിടെ ബീഗിൾ 2 പരാജയപ്പെടുകയും 2004 ഫെബ്രുവരിയിൽ അത് നഷ്ടമായതായും അറിയിക്കപ്പെട്ടു.[137] 2004 തുടക്കത്തിൽ പ്ലാനെറ്ററി ഫൊറിയർ സ്പെക്ട്രോമീറ്റർ സംഘം ചൊവ്വയുടെ അന്തരീക്ഷത്തിൽ മീഥെയ്ന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി അറിയിച്ചു. 2006 ജൂണിൽ ചൊവ്വയിലെ ധ്രുവദീപ്തി കണ്ടെത്തിയതായും ഏജൻസി അറിയിക്കുകയുണ്ടായി.[138] 2003 ഓഗസ്റ്റിൽ നാസ സ്പിരിറ്റ് (MER-A), ഓപ്പർച്യുനിറ്റി (MER-B) എന്നീ ഇരട്ട മാർസ് എക്സ്പ്ലോറേഷൻ റോവറുകൾ വിക്ഷേപിച്ചു. രണ്ട് പേടകങ്ങളും 2004 ജനുവരിയിൽ വിജയകരമായി ഇറങ്ങുകയും അവ ലക്ഷ്യം പൂർത്തീകരിക്കുകയോ ലക്ഷ്യത്തിനപ്പുറമുള്ള പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തു. ഇറങ്ങിയ രണ്ട് സ്ഥലങ്ങളിലും ഭൂതകാലത്ത് ദ്രവജലം നിലനിന്നിരുന്നു എന്നതാണ് ലഭിച്ച വിവരങ്ങളിൽ പ്രധാനപ്പെട്ടത്. ഇടയ്ക്കിടെ ഉണ്ടായ ചൊവ്വയിലെ ഭീമൻ മണൽകാറ്റുകളും കൊടുങ്കാറ്റുകളും പേടകങ്ങളുടെ സോളാർ പാനലുകൾ വൃത്തിയാക്കുന്നതിന് സഹായിച്ചതിനാൽ അവയുടെ ദൗത്യകാലം വർദ്ധിപ്പിച്ചു കിട്ടുകയും ചെയ്തു.[139] 2005 ഓഗസ്റ്റ് 12 ന് നാസ ഗ്രഹത്തെ ലക്ഷ്യമാക്കി മാർസ് റീകണൈസൻസ് ഓർബിറ്റർ വിക്ഷേപിക്കുകയുണ്ടായി, അത് 2006 മാർച്ച് 10 ന് എത്തിച്ചേരുകയും ചെയ്തു, രണ്ട് വർഷത്തെ ശാസ്ത്രവിവരശേഖരണം ലക്ഷ്യമാക്കിയുള്ളതായിരുന്നു ഇതിന്റെ വിക്ഷേപണം. ചൊവ്വയുടെ ഉപരിതലം മാപ്പ് ചെയ്യുക ഭാവി പദ്ധതികൾക്കനുയോജ്യമായ ഇറങ്ങൽ സ്ഥാനങ്ങൾ കണ്ടെത്തുക തുടങ്ങിയവ അതിന്റെ ദൗത്യങ്ങളിൽപ്പെട്ടതായിരുന്നു. കുറേക്കൂടി മെച്ചപ്പെട്ടതും മുൻപ് നടത്തിയ ദൗത്യങ്ങളിലെല്ലാം ഉപയോഗിക്കപ്പെട്ട ആശയവിനിമയ സംവിധാനങ്ങൾ കൂടിച്ചേർന്നാലുള്ളതിനേക്കാൾ കൂടുതൽ ബാൻഡ് വിഡ്തുള്ളതുമായ ടെലികമ്മ്യൂണിക്കേഷൻ സംവിധാനവും അതിൽ ഉൾപ്പെടുത്തിയിരുന്നു. 2008 മാർച്ച് 3 ന് ഉത്തരധ്രുവത്തിനു സമീപം സജീവമായ ഹിമപാതത്തിന്റെ ചിത്രങ്ങൾ മാർസ് റീകണൈസൻസ് ഓർബിറ്റർ പകർത്തിയെന്ന് ശാസ്ത്രജ്ഞർ അറിയിക്കുകയുമുണ്ടായി.[140] വെസ്റ്റ, സീറെസ് എന്നിവയിലേക്കുള്ള യാത്രാമധ്യേ ഗുരുത്വാകർഷണ പിന്തുണക്കായി ഡോൺ പര്യവേഷണവാഹനം 2009 ഫെബ്രുവരിയിൽ ചൊവ്വയ്ക്ക് സമീപത്തുടെ സഞ്ചരിച്ചു.[141] ക്യൂരിയോസിറ്റി എന്ന് വിളിക്കുന്ന മാർസ് സയൻസ് ലബോറട്ടറി 2011 നവംബർ 26ന് വിക്ഷേപിച്ചു. 2012 ആഗസ്റ്റിൽ 6ന് ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങി[142][143] . മാർസ് എക്സ്പ്ലോറേഷൻ റോവറിനെക്കാൾ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ ഇതിനു കഴിയും. 13 മീറ്റർ അകലെയുള്ള പാറകളുടെ രാസഘടന മനസ്സിലാക്കാൻ സഹായിക്കുന്ന ലേസർ കെമിക്കൽ സാംപ്ലർ ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. ചൊവ്വയിലെ ജൈവസാന്നിദ്ധ്യം അന്വേഷിക്കുകയാണ് ഇതിന്റെ പ്രധാന ദൗത്യം.[144] ഭാവി ദൗത്യങ്ങൾ2009 ഒക്ടോബറിൽ വിക്ഷേപിക്കാനുദ്ദേശിച്ച റഷ്യൻ ചൈനീസ് സംയുക്ത സംരംഭമായ ഫോബോസ്-ഗ്രണ്ട് ദൗത്യം ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നതിനുദ്ദേശിച്ചുള്ളതായിരുന്നു, പക്ഷെ ദൗത്യം 2011 ലേക്ക് മാറ്റിവയ്ക്കപ്പെടുകയായിരുന്നു. 2008 സെപ്റ്റംബർ 15 ന് നാസ മാവെൻ (MAVEN) ദൗത്യത്തെ കുറിച്ച് പ്രഖ്യാപിച്ചു, 2013 വിക്ഷേപിക്കാനുദ്ദേശിക്കുന്ന ഇത് ചൊവ്വാന്തരീക്ഷത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുദ്ദേശിച്ചുള്ളതാണ്.[145] യൂറോപ്യൻ ബഹിരാകാശ ഏജൻസിയും അവരുടെ ആദ്യത്തെ റോവർ 2018 ൽ ചൊവ്വയിലേക്കയക്കാൻ ഉദ്ദേശിക്കുന്നുണ്ട്, എക്സോമാർസ് (ExoMars) എന്ന് നാമകരണം ചെയ്തിട്ടുള്ള അതിന് ജൈവതന്മാത്രകളെ കണ്ടെത്തുന്നതിനായി 2 മീറ്റർ വരെ കുഴിക്കാനുള്ള ശേഷിയുണ്ടായിരിക്കും.[146] ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഘടന, ഭൗതികത, കാലാവസ്ഥ തുടങ്ങിയവയെകുറിച്ച് മനസ്സിലാക്കുന്നതിനായി പത്തോളം പേടകങ്ങൾ ഉപരിതലത്തിൽ വിക്ഷേപിച്ച് ഉപരിതല നിരീക്ഷണശൃംഖല സ്ഥാപിക്കുന്നതിനുള്ളതാണ് ഫിനിഷ്-റഷ്യൻ നേതൃത്വത്തിലുള്ള മെറ്റ്നെറ്റ് എന്ന പദ്ധതി.[147] ഇതിനു മുന്നോടിയായി 2009 അല്ലെങ്കിൽ 2011 ൽ ഒന്നോ അതിലധികമോ പേടകങ്ങൾ വിക്ഷേപിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ടായിരുന്നു.[148] ഫോബോസ്-ഗ്രണ്ട് ദൗത്യത്തിന്റെ തുടർച്ചയായി ഇതുപയോഗിക്കാനുള്ള സാധ്യതയാണ് കാണുന്നത്.[148] മനുഷ്യരേയും വഹിച്ചുള്ള ദീർഘ വീക്ഷണത്തോടെയുള്ള പര്യവേഷണത്തെ കുറിച്ച് 2004 ൽ അന്നത്തെ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജോർജ്ജ് ബുഷ് പ്രഖ്യാപിക്കുകയുണ്ടായി.[149] ഇതിന് മുന്നോടിയായി നാസയും ലോഖീദ് മാർട്ടിനും (Lockheed Martin) ആദ്യം ക്രൂ എക്സ്പ്ലോറേഷൻ വെഹിക്കിൾ എന്ന് വിളിക്കപ്പെട്ടതും പിന്നീട് ഓറിയൺ സ്പേസ്ക്രാഫ്റ്റ് എന്ന് പേര് നൽകപ്പെട്ട മനുഷ്യരേയും വഹിച്ച് ചന്ദ്രനിലേക്കുള്ള ദൗത്യം 2020 ൽ നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. 2007 സെപ്റ്റംബർ 28 ന് നാസ അഡ്മിനിസ്ട്രേറ്ററായ മൈക്കൽ ഡി. ഗ്രിഫ്ഫിൻ 2037 ഓടുകൂടി ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാൻ പദ്ധതിയുണ്ടെന്ന് അറിയിക്കുകയുണ്ടായി.[150] 2030 നും 2035 നും ഇടയിൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ശ്രമിക്കുന്നുണ്ട്.[151] ഇതിനു മുന്നോടിയായി ചൊവ്വയിൽ പോയി തിരിച്ചുവരുന്നതിനുള്ള നാസ-യൂറോപ്യൻ ബഹിരാകാശ ഏജൻസി സംയുക്ത സംരംഭമായ എക്സോമാർസ്[152] പേടകത്തിന്റെ വിക്ഷേപണം മുതൽ വലിയ പേടകങ്ങൾ ഉപയോഗിച്ചു തുടങ്ങും.[153] മാർസ് സൊസൈറ്റിയുടെ ഡയറക്റ്ററായ ബോബ് സുബ്റിൻ മുന്നോട്ടു വച്ച വളരെ ചെലവുകുറഞ്ഞ പദ്ധതിയാണ് മാർസ് ഡയറക്റ്റ്, ഉയർന്ന ഉയർത്തൽ ശേഷിയുള്ള സാറ്റൺ V തരം റോക്കറ്റുകളാണ് ഇതിൽ ഉപയോഗിക്കുക. കുറച്ചുകൂടി വ്യത്യസ്തമായ മറ്റൊരു പദ്ധതിയാണ് "മാർസ് റ്റു സ്റ്റേയ്",[154] എത്തിച്ചേരുന്ന ബഹിരാകാശ യാത്രികരെ പെട്ടെന്നു തന്നെ തിരിച്ചുകൊണ്ടുവരാതെ നിർത്തുന്നതാണീ പദ്ധയിതിലെ ലക്ഷ്യം. നാലുമുതൽ ആറുവരെ യാത്രികരെ അയക്കുന്ന ചെലവ് ഒന്നുമുതൽ അത്രയ്ക്കും യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന്റെ അഞ്ചിലൊന്നുമാത്രമേ വരൂ എന്നാണ് ഡീൻ യൂണിക്കിന്റെ അഭിപ്രായം; അതായത് നാലുപേരേ തിരിച്ചുകൊണ്ടുവരുന്ന ചിലവിൽ ഇരുപത് പേരെ അവിടെയെത്തിക്കാനാവും.[155] ചൊവ്വോപരിതലത്തിലെ ജ്യോതിശാസ്ത്ര നിരീക്ഷണംചൊവ്വയിൽ വിവിധതരത്തിലുള്ള ഓർബിറ്ററുകൾ, ലാൻഡറുകൾ, റോവറുകൾ എന്നിവയെല്ലാം നിലവിലുണ്ട്, അതിനാൽ തന്നെ ചൊവ്വയിൽ നിന്നുള്ള ജ്യോതിശാസ്ത്രപഠനം സാധ്യമായ കാര്യമാണ്. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രൻ ദൃശ്യമാകുന്നതിന്റെ മൂന്നിലൊന്ന് കോണീയ വ്യാസത്തോടെ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിനെ മാതൃഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നും ദൃശ്യമാകുമെങ്കിലും ഡീമോസ് ചെറിയ നക്ഷത്രസമാന രൂപത്തിൽ വ്യക്തമായി പറഞ്ഞാൽ ഭൂമിയിൽ നിന്നും ശുക്രൻ ദൃശ്യമാകുന്നതിനേക്കാൾ കുറച്ചുകൂടി വലിപ്പത്തിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.[156] ഉൽക്കാവർഷങ്ങൾ, ധ്രുവദീപ്തികൾ തുടങ്ങി ഭൂമിയിൽ അനുഭവപ്പെടുന്ന വിവിധപ്രതിഭാസങ്ങൾ ചൊവ്വയിലും സംഭവിക്കുന്നുണ്ട്.[138] ചൊവ്വയിൽ നിന്നും വീക്ഷിക്കുമ്പോഴുള്ള ഭൂമിയുടെ സംതരണം ഇനി 2084 നവംബർ 10 സംഭവിക്കും.[157] ബുധൻ ശുക്രൻ എന്നീ ഗ്രഹങ്ങളുടെ സംതരണങ്ങളും ചൊവ്വയിൽ നിന്നും ദൃശ്യമാകും, വലിപ്പത്തിൽ ചെറുതായ ഫോബോസിന്റേയും ഡീമോസിന്റേയും സൂര്യന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച്ച ഭാഗിക സൂര്യഗ്രഹണങ്ങൾ മാത്രമാണ്, അവയ്ക്ക് സംതരണങ്ങൾ എന്ന വിശേഷണമാണ് കൂടുതൽ ചേരുക.[158][159] നിരീക്ഷണംനഗ്നനേത്രങ്ങൾകൊണ്ടുള്ള നിരീക്ഷണങ്ങളിൽ മറ്റേത് ഗ്രഹത്തിൽനിന്നും വ്യത്യസ്തമായി മങ്ങിയ മഞ്ഞ, ഓറഞ്ച്, ചുവപ്പ് തുടങ്ങിയ വർണ്ണങ്ങളിൽ ചൊവ്വ ആകാശത്ത് ദൃശ്യമാകുന്നു. യഥാർത്ഥത്തിൽ മങ്ങിയ ഓറഞ്ച് നിറമാണ് ചൊവ്വയുടേത്, അന്തരീക്ഷത്തിലെ പൊടികൾ കാരണമായാണ് ചുവപ്പുനിറം വരുന്നത്; സ്പിരിറ്റ് റോവർ പകർത്തിയ ചിത്രത്തിൽ ചുറ്റുപാടുകൾക്ക് പച്ചകലർന്ന തവിട്ടുനിറവും, ചെളിനിറവുമായിരുന്നു കൂടെ നീലയും ചാരവും കലർന്ന നിറത്തിലുള്ള പാറകളും, അങ്ങിങ്ങായി ഇളം ചുവപ്പ് നിറത്തിലുള്ള മണലും പശ്ചാത്തലത്തിലുണ്ടായിരുന്നു.[160] ഏറ്റവും അടുത്ത് വരുമ്പോൾ +1.8 മുതൽ വിപരീതവശത്തായിരിക്കുമ്പോൾ −2.91 വരെ ആയ ദൃശ്യകാന്തിമാനത്തോടെ ഗ്രഹം ദൃശ്യമാകുന്നു.[5] ഭൂമിയുമായി ഏറ്റവും അടുത്തുവരുമ്പോഴുള്ള ദൂരത്തിന്റെ ഏഴിരട്ടി അകലെയായിരിക്കും ഏറ്റവും അകലെയായിരിക്കുമ്പോഴുള്ള ഗ്രഹത്തിന്റെ ദൂരം. ഏറ്റവും അകലെയായിരിക്കുമ്പോൾ ഒരു മാസത്തോളം സൂര്യന്റെ പ്രഭയിൽ മുങ്ങുന്നതിനാൽ ദൃശ്യമാകുകയില്ല. 15-17 വർഷത്തെ ഇടവേളയിൽ ഗ്രഹം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നു, ഇത് എല്ലായിപ്പോഴും ജുലൈ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയത്തിനിടയിലായിരിക്കും സംഭവിക്കുക, ഈ അവസരങ്ങളിൽ ദൂരദർശിനികളിൽ കൂടി വീക്ഷിക്കുമ്പോൾ ഗ്രഹോപരിതലത്തിന്റെ പ്രത്യേകതകൾ വ്യക്തമായി ദർശിക്കാനാവും, ഇങ്ങനെ ദൃശ്യമാകുന്നവയിൽ ഏറ്റവും മുഖ്യമായത് അതിന്റെ ധ്രുവാവരണങ്ങളാണ്.[161] ഏറ്റവുമടുത്ത സമീപനങ്ങൾആപേക്ഷികമായ സമീപനംചൊവ്വ ഭൂമിയോട് അടുത്ത് വരുന്ന അവസ്ഥയെ വിയുതി (Opposition) എന്ന് വിളിക്കുന്നു. രണ്ട് വിയുതികൾ 780 ദിവസങ്ങൾ കൂടുമ്പോഴാണ് സംഭവിക്കുക. രണ്ട് ഗ്രഹങ്ങളുടെ പരിക്രമണപഥങ്ങളുടെ ഉത്കേന്ദ്രത നിമിത്തം വിയുതി നടക്കുന്ന സമയവും കുറഞ്ഞ അകലത്തിൽ വരുന്ന സമയവും തമ്മിൽ 8.5 ദിവസം വരെ സമയവ്യത്യാസം ഉണ്ടാവാം. ദീർഘവൃത്താകാര പരിക്രമണപാത കാരണം കുറഞ്ഞ അകലം 5.5 കോടി കിലോമീറ്റർ മുതൽ 10 കോടി കിലോമീറ്റർ വരെയായി വ്യത്യാസപ്പെടുന്നു,[5] ഇത് ഗ്രഹം ദൃശ്യമാകുന്ന കോണീയ വ്യാസത്തിലും കാര്യമായ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു.[162] ഏറ്റവും അവസാന വിയുതി 2010 ജനുവരി 29 നായിരുന്നു, അടുത്തത് 2012 മാർച്ച് 3 നും സംഭവിക്കും.[163] വിയുതിയോടടുക്കുമ്പോൾ ചക്രവാളത്തിൽ ചൊവ്വ പശ്ചാത്ഗതിയിലുള്ള ചലനം (retrograde motion) ആരംഭിക്കുന്നു, ചക്രവാളത്തിലെ ഒരു നക്ഷത്രത്തിനു ചുറ്റും ഒരു വളയത്തിൽ സഞ്ചരിക്കുന്നതാണ് ഈ ചലനം. ഇത് പൂർത്തിയാവാൻ 72 ദിവസം എടുക്കുന്നു, ഈ ചലനത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ചൊവ്വ അതിന്റെ ഏറ്റവും തിളക്കമുള്ള അവസ്ഥയിൽ കാണപ്പെടുന്നു.[164] സമ്പൂർണ്ണ സമീപനംഏതാണ്ട് 60,000 വർഷങ്ങൾ കൂടുമ്പോൾ ചൊവ്വ ഭൂമിയുമായി ഏറ്റവും അടുത്തത് വരുന്നു. ഭൂമിയുമായി അവസാനമായി ഏറ്റവും അടുത്ത് വന്നത് ബി.സി. 57,617 സെപ്റ്റംബർ 12 നായിരുന്നു, ഇനി ഏറ്റവും അടുത്തുവരിക 2287 ലായിരിക്കും.[165] അടുത്ത കാലത്ത് കുറഞ്ഞ അകലത്തിൽ വന്നത് 2003 ഓഗസ്റ്റ് 27 9:51:13 UT നായിരുന്നു, അന്ന് ഭൂമിയുമായി 55,758,006 (0.372719 AU) കിലോമീറ്റർ അകലവും ദൃശ്യകാന്തിമാനം -2.9 മായിരുന്നു ഗ്രഹത്തിനുണ്ടായിരുന്നത്, വിയുതിക്ക് ഒരു ദിവസവുമുള്ളപ്പോഴും ഉപസൗരത്തിലെത്താൻ മൂന്ന് ദിവസവുമുള്ളപ്പോഴായിരുന്നു അത്, ആ അവസരത്തിൽ ചൊവ്വയെ ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലായിരുന്നു. എങ്കിലും ഈ സമീപനം സമീപകാലഘട്ടങ്ങളിൽ നടന്ന സമീപനത്തേക്കാൾ അല്പം കൂടി അടുത്തു എന്നുമാത്രമേയുള്ളൂ. ഉദാഹരണത്തിന് 1924 ഓഗസ്റ്റ് 22 ന് 0.37285 സൗരദൂരത്തിൽ ചൊവ്വ അടുത്തിരുന്നു, അതുപോലെ 2208 ഓഗസ്റ്റ് 24 ന് 0.37279 സൗരദൂരം അകലത്തിലുമായിരിക്കും.[108] ചരിത്രത്തിലെ നിരീക്ഷണങ്ങൾചൊവ്വ വിയുതിയിലായിരിക്കുമ്പോഴാണ് കൂടുതലും നിരീക്ഷണങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്, ആ സന്ദർഭങ്ങളിൽ ഭൂമിയോട് അടുത്ത് വരുന്നതിനാൽ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെടുന്നതിനാലാണിത്, ഏതാനും വർഷങ്ങൾ കൂടുമ്പോൾ ചൊവ്വ ഈ രീതിയിൽ അടുത്തുവരും. ഉപസൗരത്തിലായിരിക്കുമ്പോഴുള്ള വിയുതികളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവ – 15 അല്ലെങ്കിൽ 17 വർഷം കൂടുമ്പോൾ അത് സംഭവിക്കുന്നുണ്ട്, ഉപസൗരത്തിലായിരിക്കുന്നതിനാൽ കൂടുതൽ പെട്ടെന്ന് മനസ്സിലാക്കാനും സാധിക്കും. ബി.സി. 1534 ൽ ഈജിപ്ത്യൻ ജ്യോതിജ്ഞർ രാത്രി ആകാശത്തിൽ അലഞ്ഞുനടക്കുന്ന ആകാശവസ്തുവായി ചൊവ്വയെ രേഖപ്പെടുത്തിയിട്ടുണ്ട്, ഗ്രഹത്തിന്റെ പശ്ചാത്ഗതിയെപ്പറ്റി അറിവുള്ളവരായിരുന്നു അവർ.[166] നവ ബാബിലോണിയൻ സാമ്രാജ്യകാലത്ത് ബാബിലോണിയയിലെ ജ്യോതിജ്ഞർ ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ നിശ്ചിത സമയങ്ങളിൽ രേഖപ്പെടുത്താറുണ്ടായിരുന്നു, അവയുടെ സ്വഭാവമനുസരിച്ചുള്ള നിരീക്ഷണങ്ങളും അവർ രേഖപ്പെടുത്തിവച്ചു. ചൊവ്വാ ഗ്രഹം 79 വർഷം കൂടുമ്പോൾ 37 തവണ വലംവെക്കുന്നതായും അവർക്കറിയാമായിരുന്നു. പ്രവചിക്കപ്പെട്ട ഗ്രഹത്തിന്റെ സ്ഥാനങ്ങളിൽ കൂടുതൽ കൃത്യത വരുത്തുന്നതിനുള്ള അങ്കഗണിത ക്രിയകളും അവർ കണ്ടെത്തി.[167][168] ബി.സി. നാലാം നൂറ്റാണ്ടിനുമുൻപ് ചൊവ്വയെ കുറിച്ച് ചൈനീസ് ജ്യോതിജ്ഞർക്ക് അറിവുണ്ടായിരുന്നില്ല എന്ന് പുരാതന രേഖകൾ വ്യക്തമാക്കുന്നു.[169] ബി.സി. മൂന്നാം നൂറ്റാണ്ടിൽ അരിസ്റ്റോട്ടിൽ ചൊവ്വ ചന്ദ്രനു പിറകിൽ മറയുന്നതായി കാണുകയും ഗ്രഹം കൂടുതൽ അകലത്തിലാണെന്ന് മനസ്സിലാക്കുകയും ചെയ്തു.[170] അഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യൻ ജ്യോതിശാസ്ത്ര ഗ്രന്ഥമായ സൂര്യസിദ്ധാന്തത്തിൽ ചൊവ്വയുടെ വ്യാസം കണക്കാക്കാൻ ശ്രമിച്ചതായി കാണാം.[171] എട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ജ്യോതിശാസ്ത്രജ്ഞനായ യഅ്ഖൂബ് ബിൻ താരിഖ് അദ്ദേഹത്തിന്റെ അസ്സിജ് അൽ മഹ്‌ലൂൽ മിൻ അസ്സിന്ദിദ് ലി-ദറജാത്ത് ദറജ എന്ന ഗ്രന്ഥത്തിൽ ചൊവ്വയും ഭൂമിയും തമ്മിലുള്ള ദൂരം കണക്കാക്കാൻ ശ്രമിച്ചിരുന്നു.[172] കെപ്ലർ ഗ്രഹങ്ങളുടെ ആപേക്ഷിക ദൂരം കണക്കാക്കാൻ ഉപയോഗിച്ച രീതിയാണ് പതിനേഴാം നൂറ്റാണ്ടിൽ ടൈക്കൊ ബ്രാഹെ ചൊവ്വയുടെ ഡൈയൂർണൽ പാരലാക്സ് കണ്ടെത്താൻ ഉപയോഗിച്ചത്.[173] ദൂരദർശിനികൾ ലഭ്യമായതോടെ സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം അറിയുന്നതിനായി ചൊവ്വയുടെ ഡൈയൂർണൽ പാരലാക്സ് വീണ്ടും കണക്കാക്കുകയുണ്ടായി. ഈ രീതി ആദ്യമായി ഉപയോഗിച്ച് 1672 ൽ ഗിയോവന്നി ഡൊമെനിക്കൊ കാസിനി ആയിരുന്നു. എങ്കിലും ആദ്യകാല ഉപകരണങ്ങളുടെ കുറഞ്ഞ ഗുണനിലവാരം ഇത്തരം പാരലാക്സ് മാപനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.[174] ശുക്രനു പിന്നിൽ ചൊവ്വ മറയുന്ന ഉപഗൂഹനം ഒരിക്കൽ മാത്രമാണ് നിരീക്ഷപ്പെട്ടിട്ടുള്ളത്, 1590 ഒക്ടോബർ 13 ന് മൈക്കൽ ഹൈഡെൽബെർഗായിരുന്നു അത് വീക്ഷിച്ചത്.[175] ചൊവ്വയെ ആദ്യമായി ദൂരദർശിനിയിലൂടെ വീക്ഷിച്ചത് ഗലീലിയൊ ആണ്.[176] ചൊവ്വയിലെ കനാലുകൾദൂരദർശിനികൾ കൂടുതൽ മെച്ചപ്പെട്ടതോടെ പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി ചൊവ്വയിലെ ഉപരിതല സവിശേഷതകൾ കൂടുതൽ വ്യക്തതയോടെ വീക്ഷിക്കാമെന്നു വന്നു. 1877 സെപ്റ്റംബർ 5 ന് ചൊവ്വയുടെ ഉപസൗരത്തിലുള്ള വിയുതി സംഭവിക്കുകയുണ്ടായി. അതേ വർഷം മിലാനിലെ ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗിയോവന്നി ഷിയാപെരേലി 22 സെന്റീമീറ്റർ ദൂരദർശിനിയുപയോഗിച്ച് ചൊവ്വയുടെ മാപ്പ് തയ്യാറാക്കി. ആ മാപ്പിൽ അദ്ദേഹം രേഖപ്പെടുത്തിയ പ്രധാനപ്പെട്ട സവിശേഷതകളായിരുന്നു കനാലി, പിൽക്കാലത്ത് അത് മായക്കാഴ്ചയിൽ പെട്ടതായിരുന്നുവെന്ന് തെളിയിക്കപ്പെടുകയുണ്ടായി. നീളമുള്ള രേഖകളാൽ സൂചിപ്പിക്കപ്പെട്ടിരുന്ന അവയ്ക്ക് അദ്ദേഹം ഭൂമിയിലെ പ്രധാന നദികളുടെ പേരുകൾ നൽകുകയും ചെയ്തു. അദ്ദേഹം "ചാലുകൾ" എന്നുദ്ദേശിച്ച സംജ്ഞ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോൾ തെറ്റായ രീതിയിൽ കനാലുകൾ എന്നായിത്തീർന്നു.[177][178] നിരീക്ഷണങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഓറിയന്റലിസ്റ്റായ പെർസിവൽ ലോവെൽ 300 ഉം 450 ഉം മില്ലീമീറ്റർ അളവിലുള്ള ദൂരദർശിനിയോടുകൂടിയ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുകയുണ്ടായി. 1894 ൽ ചൊവ്വ കൂടുതൽ മെച്ചപ്പെട്ട സ്ഥാനത്ത് വന്നപ്പോഴും അതിനു സമീപകാലത്ത് മെച്ചപ്പെട്ട് രീതിയിൽ ഗ്രഹം വന്നപ്പോഴും ഈ നിരീക്ഷണകേന്ദ്രം ഉപയോഗിക്കപ്പെട്ടിരുന്നു. അദ്ദേഹം ചൊവ്വയെ കുറിച്ചും അതിലെ ജീവനെ കുറിച്ചും ഏതാനും പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിരുന്നു, പൊതുജനങ്ങളെ കാര്യമായി സ്വാധീനിക്കാൻ ആ പുസ്തകങ്ങൾക്ക് കഴിഞ്ഞു.[179] ഹെൻറി ജോസഫ് പെറൊറ്റിൻ, നൈസിലെ ലൂയിസ് തോളൊൻ എന്നിവരും ആ കാലാത്തെ വലിയ ദൂരദർശിനികളിൽ കൂടി വീക്ഷിക്കുകയും കനാലി കണ്ടെത്തുകയും ചെയ്തു.[180][181] ചൊവ്വയിലെ വേനൽകാലത്ത് ഗ്രഹത്തിന്റെ ധ്രുവാവരണങ്ങൾ മങ്ങിവന്ന് ഇരുണ്ട നിറത്തിലുള്ള ഭാഗങ്ങൾ പ്രത്യക്ഷമാകുന്നതുൾപ്പെടെ ചൊവ്വയിൽ കാലികമായി സംഭവിക്കുന്ന മാറ്റങ്ങളും ഈ കനാലുകളും കൂടിയായപ്പോൾ ഗ്രഹത്തിലെ ജീവനെ കുറിച്ച് ഊഹാപോഹങ്ങൾ വർദ്ധിച്ചു, ചൊവ്വയിൽ കടലുകളുണ്ടെന്നും സസ്യങ്ങൾ വളരുന്നുണ്ടെന്നുമുള്ള വിശ്വാസം കുറേക്കാലം നിലനിൽക്കുകയും ചെയ്തു. കൂടുതൽ വ്യക്തത നൽകുന്ന ദൂരദർശിനികളുടെ അഭാവം ഇത്തരം ഊഹങ്ങളെ പിന്തുണ നൽകിയുമില്ല. ശേഷം കൂടുതൽ വണ്ണമുള്ളതും അല്പം നീളമുള്ളതുമായ ദൂരദശിനികളിൽ കൂടിയുള്ള നിരീക്ഷണത്തിൽ നീളത്തിലുള്ള കനാലി കാണാൻ സാധിച്ചു. പിന്നീട് 1909 ൽ 840 മില്ലീമീറ്റർ ദൂരദർശിനിയിലൂടെ ഫ്ലാമാരിയോൺ നടത്തിയ നിരീക്ഷണങ്ങളിൽ അനിയത പാറ്റേണുകൾ കാണാൻ കഴിഞ്ഞെങ്കിലും കാനാലിയൊന്നും ദർശിക്കാൻ സാധിച്ചില്ല.[182] 1960 കളിൽ പോലും ചൊവ്വയിലെ ജീവശാസ്ത്രത്തെ കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു, അവയിൽ ചൊവ്വയിലെ ഋതുമാറ്റത്തെ ഒഴിച്ചുള്ള മറ്റ് വിവരണങ്ങളെല്ലാം ഉൾപ്പെടുത്തപ്പെട്ടിരുന്നു. ജീവികളുടെ സഹവർത്തിത്വ ആവാസവ്യവസ്ഥയും ജൈവപ്രവർത്തങ്ങൾ, രാസചക്രങ്ങൾ തുടങ്ങിയവയും വിശദമായി പ്രതിപാദിക്കപ്പെട്ടു.[183] നാസയുടെ ചൊവ്വാ ദൗത്യമേറ്റെടുത്ത മാരിനർ സംരംഭങ്ങളിലെ ബഹിരാകാശവാഹനങ്ങൾ ഗ്രഹം സന്ദർശിച്ചതോടെ ഈ കെട്ടുകഥകൾക്ക് അറുതിവന്നു. ജീവനെ തേടിയുള്ള വൈക്കിങ്ങ് സംരംഭത്തിൽ നിന്നുള്ള ഫലങ്ങൾ കൂടി വന്നതോടെ ജീവസാന്നിദ്ധ്യമില്ലാത്ത നിർജീവമായ ഗ്രഹമാണെന്ന കാര്യം പൊതുവേ അംഗീകരിക്കപ്പെട്ടു.[184] ഈ സംരംഭങ്ങളിൽ നിന്നുള്ള വിവരങ്ങളുപയോഗിച്ച് ഏതാനും മാപ്പുകൾ തയ്യാറാക്കപ്പെട്ടിരുന്നുവെങ്കിലും 1996 ൽ വിക്ഷേപിക്കപ്പെട്ട മാർസ് ഗ്ലോബൽ സർവേയർ പദ്ധതിയോടെയാണ് വളരെയധികം വ്യക്തതയുള്ളതും വിശദവുമായ ചൊവ്വോപരിതല ഘടന, കാന്തിക മണ്ഡലം, ഉപരിതല ധാതുക്കൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.[185] ഇത്തരം വിവരങ്ങൾ നിലവിൽ ഗൂഗിൾ മാർസ് പോലെയുള്ള ഓൺലൈൻ സംരംഭങ്ങൾ വഴി ലഭ്യമാണ്. സംസ്കാരങ്ങളിൽറോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ചൊവ്വയ്ക്ക് നൽകിയിരിക്കുന്നത്. പല സംസ്കാരങ്ങളിലും പുരുഷത്വത്തിന്റേയും യുവത്വത്തിന്റേയും ലക്ഷണമായി ചൊവ്വയെ കണക്കാക്കുന്നു. ഒരു വൃത്തവും അതിനു മുകളിലെ വലത്തേ മൂലയിലേക്ക് ചൂണ്ടി നിൽക്കുന്ന അമ്പും കൂടിയതാണ് ചൊവ്വയെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം, ഈ ചിഹ്നം തന്നെ പുരുഷ ലിംഗത്വത്തെ കുറിക്കാനും ഉപയോഗിക്കുന്നു. ബുദ്ധിമാന്മാരായ ചൊവ്വ നിവാസികൾബുദ്ധിയുള്ള ജീവികൾ ചൊവ്വയിൽ വസിക്കുന്നു എന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ വ്യാപകമായി വിശ്വസിക്കപ്പെട്ടിരുന്നു. ഷിയപരേലിയുടെ "കനാലി" നിരീക്ഷണങ്ങളും പെർസിവൽ ലോവലിന്റെ ഈ വിഷയത്തിലുള്ള പുസ്തകങ്ങളും ഈ വിശ്വാസത്തെ വർദ്ധിപ്പിക്കുകയും ജലസേചനം നടത്തുന്ന പുരാതന രീതിയിലുള്ള നാഗരികത അവിടെയുണ്ടെന്നും വിശ്വസിപ്പിക്കുകയും ചെയ്തു.[186] ശ്രദ്ധേയ വ്യക്തികൾ നടത്തിയ നിരീക്ഷണങ്ങളും അതിനെ തുടന്നു നടത്തിയ പ്രഖ്യാപനങ്ങളും "ചൊവ്വയെ പേടി" എന്ന വിളിക്കപ്പെട്ട അവസ്ഥ സംജാതമാക്കി.[187] 1899 ൽ കൊളൊറോഡൊ സ്പ്രിങ്ങ്സ് ലാബിൽ അന്തരീക്ഷത്തിലെ റേഡിയോ സിഗ്നലുകളെക്കുറിച്ച് പഠിക്കുന്നതിനിടയിൽ നിക്കോള ടെസ്‌ല ആവർത്തകമായ സിഗ്നലുകൾ ലഭിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും അത് മറ്റൊരു ഗ്രഹത്തിലെ റേഡിയോ ആശയവിനിമയ സംവിധാനത്തിൽ നിന്നുള്ളതാണെന്നും, പ്രത്യേകിച്ച് ചൊവ്വയിൽ നിന്നായിരിക്കാമെന്നും നിരൂപിക്കുകമുണ്ടായി. ടെസ്‌ലയുടെ സിദ്ധാന്തങ്ങളെ പിന്തുണച്ച് ലോർഡ് കെൽവിൻ, ടെസ്‌ലയ്ക്ക് ലഭിച്ചത് ചൊവ്വയിൽ നിന്നും അമേരിക്കൻ ഐക്യനാടുകളിലേക്ക് അയച്ച സിഗ്നലുകളാണെന്ന് കരുതുന്നതായി 1902 ൽ അദ്ദേഹത്തിന്റെ അമേരിക്കൻ ഐക്യനാടുകളിലെ സന്ദർശനവേളയിൽ സംസാരിച്ചതായി രേഖപ്പെടുത്തപ്പെടുത്തിയിട്ടുണ്ട്.[188] എന്നാൽ അമേരിക്ക വിടുന്നതിന്റെ കുറച്ചുമുൻപ് അദ്ദേഹം പറഞ്ഞതങ്ങനെയല്ലെന്നും "ചൊവ്വവാസികൾ ഉണ്ടെങ്കിൽ അവർക്ക് ന്യൂയോർക്ക് നഗരത്തെ അതിന്റെ വെളിച്ചത്തിന്റെ പ്രഭയിൽ കാണാൻ കഴിയുന്നുണ്ടായിരിക്കും" എന്നാണ് പറഞ്ഞതെന്നും അവകാശപ്പെട്ടു.[189] ചൊവ്വവാസികൾ ഭൂമിയുമായി ആശയവിനിമയം നടത്തുവാൻ ശ്രമിക്കുന്നതായി ലോവെൽ ഒബ്സെർവേറ്ററി ഉറപ്പിച്ചതായി പറയുന്ന ടെലിഗ്രാം അവരിൽ നിന്ന് ലഭിച്ചതായി 1901 ൽ ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനത്തിൽ എഡ്വാർഡ് ചാൾസ് പിക്കെറിങ്ങ് പറയുന്നുണ്ട്.[190] കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിൽ മികച്ച ഫലം നൽകിയ മാർസ് ഗ്ലോബൽ സർവേയറടക്കമുള്ള പര്യവേഷണ വാഹനങ്ങളിൽ നിന്നുള്ള ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങളിൽ അവിടെയേതെങ്കിലും വിശേഷബുദ്ധിയുള്ള ജീവി ജീവിച്ചിരുന്നതിന് അടയാളമായി പ്രചരിപ്പിക്കപ്പെട്ട നിർമ്മിതികളുടെ അവശിഷ്ടങ്ങളൊന്നും ഇല്ലെന്ന് തെളിയിച്ചു, എങ്കിലും റിച്ചാർഡ് സി. ഹോഗ്‌ലാൻഡിനെ പോലെയുള്ളവർ വിശേഷബുദ്ധിയുള്ള ജീവൻ ചൊവ്വയിലുണ്ടെന്ന് വാദിക്കുന്നത് തുടർന്നു. പേടകങ്ങൾ പകർത്തിയ ചിത്രങ്ങളിലെ പിരമിഡുകൾ പോലെയുള്ള രൂപങ്ങളെ ചൂണ്ടിക്കാട്ടിയാണ് പിന്നീട് കുറേ ഊഹങ്ങൾ പ്രചരിച്ചത്. ഇതിനെ കുറിച്ച് "നമ്മുടെ ഭൗമികമായ പ്രത്യാശകളും ഭയങ്ങളും ചൊവ്വയെ ഒരു തരത്തിലുള്ള ഗൂഢമേഖലയാക്കി തീർത്തു" എന്നാണ് ജ്യോതിശാസ്ത്രജ്ഞനായ കാൾ സാഗൻ എഴുതിയത്.[178] പത്തൊൻപതാം ശാസ്ത്ര ഊഹാപോഹങ്ങളിൽ ചൊവ്വയെ ജീവനെ പ്രതികൂലമായി ബാധിക്കുന്ന ചുറ്റുപാടോടുകൂടിയതാണെന്നായിരുന്നു വിവരിച്ചിരുന്നത്.[191] അവയെ പിൻപറ്റി ചൊവ്വയിലെ ജീവികൾ അവരുടെ മരിക്കുന്ന ഗ്രഹത്തിൽ നിന്നും രക്ഷപ്പെടാൻ ഭൂമി പിടിച്ചെടുക്കുന്നതായി വിവരിച്ച് 1898 ൽ പ്രസിദ്ധീകരിച്ച എച്ച്.ജി. വെൽസിന്റെ "വാർ ഓഫ് ദി വേൾഡ്സ്" പോലെയുള്ള ശാസ്ത്രകഥകൾ ഇറങ്ങുകയും ചെയ്തു. ഓർസൺ വെൽസ് തയ്യാറാക്കിയ "വാർ ഓഫ് ദി വേൾഡ്സ്" ന്റെ വിവരണം തൽസമയ വാർത്താരൂപത്തിൽ 1938 ൽ ഒക്ടോബർ 30 ന് റേഡിയോ പ്രക്ഷേപണം നടത്തിയപ്പോൾ യഥാർത്ഥമെന്നു കരുതി ജനങ്ങൾ ഭീതിയിലാണ്ട സംഭവം വളരെയധികം കുപ്രസിദ്ധിയാർജ്ജിച്ചു.[192] റേ ബ്രാഡ്ബറീസിന്റെ 'ദി മാർഷിയൻ ക്രോണിക്കിൾസ്', എഡ്ഗാർ റൈസ് ബറോസിന്റെ ബാർസൂം പരമ്പര, സി.എസ്. ലൂയിസിന്റെ "ഔട്ട് ഓഫ് സൈലന്റ് പ്ലാനെറ്റ്" (1938),[193] കിം സ്റ്റാൻലി റോബിൻസണ്ണിന്റെ 'മാർസ് ട്രൈലോഗി', റോബെർട്ട് എ. ഹെയ്ൻലെയ്നിന്റെ ഏതാനും കൃതികൾ എന്നിവയെയെല്ലാം ഇത്തരത്തിൽ ചൊവ്വയെ കുറിച്ചുള്ള കഥകൾ നിറഞ്ഞ കൃതികളാണ്.[194] ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് ആസഫ് ഹാൾ അവയെ കണ്ടെത്തുന്നതിനും 150 വർഷങ്ങൾ മുൻപേ ജൊനാഥൻ സ്വിഫ്റ്റ് അദ്ദേഹത്തിന്റെ ഗള്ളിവറുടെ യാത്രകൾ എന്ന കൃതിയിലെ പത്തൊൻപതാമത്തെ അദ്ധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.[195] വാർണർ ബ്രദേർസ് 1948 അവതരിപ്പിച്ച ലൂണി ട്യൂൺസ് എന്ന കാർട്ടൂൺ പരമ്പരയിൽ മാർവിൻ ദി മാർഷിയൻ എന്ന ചൊവ്വവാസിയായ ഹാസ്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്, കഥാപാത്രത്തിന് നല്ല ജനപ്രീതി ലഭിക്കുകയും ചെയ്തു.[196] മാരിനർ, വൈക്കിങ്ങ് എന്നീ പേടകങ്ങൾ ജീവനില്ലാത്തതും, കനാലുകളില്ലാത്തതുമായ ചൊവ്വയുടെ യഥാർത്ഥ ചിത്രം അയച്ചുതന്നതോടെ ഇത്തരം ഊഹങ്ങളെ ഒഴിവാക്കേണ്ട സ്ഥിതി സംജാതമായി, പിന്നെ മനുഷ്യർ ചൊവ്വയിൽ താമസമുറപ്പിക്കുന്നതും അവിടെ കോളനികൾ സ്ഥാപിക്കുന്നതുമായി പ്രമേയങ്ങൾ, ഇതിൽ ഏറ്റവും പ്രസിദ്ധിയുള്ളതാണ് കിം സ്റ്റാൻലിയുടെ മാർസ് ട്രൈലജി. അതിനുശേഷവും ശാസ്ത്രരൂപേണയുള്ള ആശയങ്ങളും, ബഹിരാകാശ പേടകങ്ങൾ അയച്ചുതന്ന ചിത്രങ്ങളിലെ ഉപരിതലത്തിലെ ചില പ്രത്യേക ഭാഗങ്ങൾ സൂചിപ്പിക്കുന്നത് പ്രാകൃത നാഗരികതയുണ്ടെന്നതാണെന്ന് വ്യംഗ്യമാക്കിയുള്ള ശാസ്ത്രകഥകളും സിനിമകളും പുറത്തു വരികയുണ്ടായി.[197] ഭൂമിയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ചൊവ്വയിലെ കോളനികളുടെ കഥകളായിരുന്നു ഗ്രെഗ് ബിയറിന്റേയും കിം സ്റ്റാൻലി റോബിൻസണ്ണിന്റേയും നോവലുകളുടെ പ്രമേയം, ഫിലിപ്പ് കെ. ഡിക്കിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്രമായ "ടോട്ടൽ റീകോൾ", "ബാബിലോൺ 5" എന്ന ടെലിവിഷൻ പരമ്പര എന്നിവയും ഇതേ രീതിയിലുള്ളവയായിരുന്നു. "റെഡ് ഫാക്ഷൻ", സോൺ ഓഫ് ദി എൻഡേഴ്സ്' പരമ്പര തുടങ്ങിയ വീഡിയോ ഗെയിമുകളും സമാന പ്രമേയങ്ങളോടെയുള്ളവയായിരുന്നു. "ധൂം", "മാർഷിയൻ ഗോഥിക്ക്" എന്നീ പ്രസിദ്ധ വീഡിയോ ഗെയിമുകളിലേയും പശ്ചാത്തലം ചൊവ്വയും അവയുടെ ഉപഗ്രഹങ്ങളുമാണ്. കുറിപ്പുകൾഖ, ^ There are many serpentinization reactions. Olivine is a solid solution between forsterite and fayalite whose general formula is . The reaction producing methane from olivine can be written as: Forsterite + Fayalite + Water + Carbonic acid → Serpentine + Magnetite + Methane , or (in balanced form): → ഇതും കാണുകഅവലംബം
ഉദ്ധരിച്ചതിൽ പിഴവ്: <references> ആവശ്യത്തിനായി "barlow08" എന്ന പേരിൽ നിർവചിക്കപ്പെട്ട <ref> റ്റാഗിന് ഉള്ളടക്കമൊന്നുമില്ല.
|
Portal di Ensiklopedia Dunia