ചന്ദ്രഗുപ്ത മൗര്യൻ
ചന്ദ്രഗുപ്തൻ എന്നും അറിയപ്പെട്ട ചന്ദ്രഗുപ്ത മൗര്യൻ (സംസ്കൃതം: चन्द्रगुप्त मौर्य) (ജനനം: ക്രി.മു. 340, ഭരണകാലം ക്രി.മു. 320[1] – ക്രി.മു. 298 [2]) മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഒരുമിപ്പിച്ചു. തത്‌ഫലമായി ഇന്ത്യയെ ആദ്യമായി ഒരുമിപ്പിച്ചയാൾ ചന്ദ്രഗുപ്തനാണെന്ന് കരുതുന്നു. ഇന്ത്യയുടെ ആദ്യത്തെ യഥാർത്ഥ ചക്രവർത്തിയായും ചന്ദ്രഗുപ്തനെ കരുതുന്നു.[3] ഗ്രീക്ക്, ലാറ്റിൻ വിവരണങ്ങളിൽ ചന്ദ്രഗുപ്തൻ അറിയപ്പെടുന്നത് സാന്ദ്രകുപ്തോസ് (Σανδρόκυπτος), സാന്ദ്രോകൊത്തോസ് (Σανδρόκοττος), ആൻഡ്റോകോട്ടസ് എന്നിങ്ങനെയാണ്.[4] ചന്ദ്രഗുപ്തൻ അധികാരം കേന്ദ്രീകരിക്കുന്നതിന് മുമ്പ്, വടക്കുകിഴക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം ഭരിച്ചിരുന്നത് പല ചെറുരാജ്യങ്ങളായിരുന്നു. സിന്ധൂ ഗംഗാ സമതലം നന്ദ രാജവംശത്തിന്റെ അധീനതയിലുമായിരുന്നു.[5] ചന്ദ്രഗുപ്തന്റെ സൈനിക വിജയങ്ങൾക്കു ശേഷം മൗര്യ സാമ്രാജ്യം കിഴക്ക് ബംഗാൾ, ആസ്സാം എന്നിവിടങ്ങൾ മുതൽ[6] പടിഞ്ഞാറ് അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവിടങ്ങൾ വരെയും വടക്ക് കാശ്മീർ, നേപ്പാൾ എന്നിവിടങ്ങൾ വരെയും[7], തെക്ക് ഡെക്കാൻ പീഠഭൂമി വരെയും വ്യാപിച്ചു.[8] നേട്ടങ്ങൾഅലക്സാണ്ടറിന്റെ മാസിഡോണിയൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പല പ്രവിശ്യകളൂം പിടിച്ചെടുത്തതും, തനിക്ക് 20 വയസ് മാത്രം പ്രായമുള്ളപ്പോൾ നന്ദ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയതും, സെലൂക്കസ് നിക്കറ്റോറിനെ പരാജയപ്പെടുത്തിയതും, തെക്കേ ഏഷ്യയിലെമ്പാടും കേന്ദ്രീകൃത ഭരണം ഏർപ്പെടുത്തിയതും ഉൾപ്പെടെയുള്ള ചന്ദ്രഗുപ്ത മൗര്യന്റെ നേട്ടങ്ങൾ ഇന്ത്യൻ ചരിത്രത്തിൽ പ്രശസ്തമാണ്. ചന്ദ്രഗുപ്തന്റെ രാജ്യഭരണത്തെക്കുറിച്ച് വിശാഖദത്തന്റെ മുദ്രാരാക്ഷസം എന്ന നാടകത്തിൽ വിശദമാക്കുന്നുണ്ട്[9]. ചന്ദ്രഗുപ്തനുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട സെല്യൂക്കസിന് ഇദ്ദേഹവുമായി ഒരു സന്ധിയിൽ ഏർപ്പെടേണ്ടി വന്നു. ബി.സി.ഇ. 303-ലെ ഈ സന്ധിയനുസരിച്ച് 500 ആനകൾക്ക് പകരമായി ഗാന്ധാരം, പാരോപനിസഡെ (ഇന്നത്തെ കാബൂൾ മേഖല), അറാകോസിയ (ഇന്നത്തെ കന്ദഹാർ മേഖല), ഗെദ്രോസിയ എന്നീ പ്രദേശങ്ങൾ (ഏറിയയും - ഇന്നത്തെ ഹെറാത്ത് പ്രദേശം - ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്ന് അഭിപ്രായങ്ങളുണ്ട്) ചന്ദ്രഗുപ്തന് അടിയറ വെക്കെണ്ടിവന്നു. എന്നാൽ പൗരസ്ത്യദേശത്ത് സെല്യൂക്കസ് തന്റെ അധികാരം പിടീമുറൂക്കുന്നതിനിടയിൽ ഈജിപ്തിലെ ടോളമിയും അനറ്റോളീയയിലെ ആന്റിഗണസും പടിഞ്ഞാറു നിന്ന് ഭീഷണീയുയർത്തിയതിനാൽ സെല്യൂക്കസിന് പടീഞ്ഞാറോട്ട് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നതുകൊണ്ടാണ് ചന്ദ്രഗുപ്തമൗര്യനുമായി ഉടമ്പടിയിൽ ഏർപ്പെട്ടതെന്നും കരുതപ്പെടുന്നുണ്ട്[10].
ജീവിതരീതിചന്ദ്രഗുപ്തന്റെ കാലത്ത് പാടലീപുത്രം സന്ദർശിച്ച മെഗസ്തനീസിന്റെ വിവരണങ്ങൾ പ്രകാരം ചക്രവർത്തി ജനങ്ങൾക്കു മുന്നിലെത്തുന്ന വേളകൾ ആഘോഷമായി കൊണ്ടാടിയിരുന്നു. സ്വർണ്ണപ്പല്ലക്കിലേറിയായിരുന്നു അദ്ദേഹം ജനങ്ങൾക്കു മുന്നിലെത്തിയിരുന്നത്. സ്വർണ്ണവും വെള്ളിയും കൊണ്ടലങ്കരിച്ച ആനകളിലാണ് അംഗരക്ഷകർ എത്തിയിരുന്നത്. പരിശീലിപ്പിച്ച തത്തകൾ ചക്രവർത്തിയുടെ തലക്കു ചുറ്റും പ്രദക്ഷിണം വക്കുമായിരുന്നു. ചക്രവർത്തിക്കു തൊട്ടു ചുറ്റും ആയുധധാരികളായ സ്ത്രീകളാണ് നിലകൊണ്ടിരുന്നത്. ജീവഭയം മൂലം ഭക്ഷണം കഴിക്കുന്നതിനു മുൻപ് അവ രുചിച്ചു നോക്കുന്നതിന് പ്രത്യേകഭൃത്യർ ചക്രവർത്തിക്കുണ്ടായിരുന്നു. ഒരേ കിടപ്പുമുറിയിൽ ഇദ്ദേഹം തുടർച്ചയായി രണ്ടു ദിവസത്തിലധികം ഉറങ്ങാറുണ്ടായിരുന്നില്ല[11]. അവസാനകാലംബി.സി.ഇ. 298-ൽ ബിന്ദുസാരൻ, ചന്ദ്രഗുപ്തന്റെ പിൻഗാമിയായി. ശക്തമായ ഒരു ഭരണകൂടം സ്ഥാപിച്ച ചന്ദ്രഗുപ്തൻ, പിൽക്കാലത്ത് നാട്ടിൽ ക്ഷാമമുണ്ടായത് പരിഹരിക്കാനാവാതെ വ്യാകുലനായി കൊട്ടാരം വിട്ടിറങ്ങി. ജൈനസന്യാസിയായി ജീവിച്ച അദ്ദേഹം മൈസൂരിലെ ശ്രാവണബെൽഗോളയിലെ ജൈനക്ഷേത്രത്തിൽ വെച്ച് ഉപവാസം അനുഷ്ടിച്ച് ദേഹത്യാഗം നടത്തി എന്ന് ജൈനകൃതികളിൽ വിവരിക്കുന്നു. [12]ശ്രാവണബെൽഗോളക്കടുത്ത് ഇദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ചന്ദ്രഗിരി എന്ന കുന്നും അവിടെ ചന്ദ്രബസ്തി എന്ന ഒരു ദേവാലയവും ഉണ്ട്. ദക്ഷിണേന്ത്യയിലേക്കുള്ള ചന്ദ്രഗുപ്തന്റെ യാത്രയിൽ അദ്ദേഹം തിരുനെൽവേലി, കൊങ്കൺ, കൊങ്കു, കണ്ണൂരിനു വടക്കുള്ള കുന്നുകൾ എന്നിവിടങ്ങളിലും എത്തിയിട്ടുണ്ട്[9]. അവലംബം
പുറത്തുനിന്നുള്ള കണ്ണികൾChandragupta Maurya എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia