കർത്തൃപ്രാർത്ഥന![]() ക്രൈസ്തവലോകത്തെ ഏറ്റവും പേരുകേട്ട പ്രാർത്ഥനയാണ് കർത്തൃപ്രാർത്ഥന(ഇംഗ്ലീഷ്:Lord's Prayer). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നും അറിയപ്പെടുന്ന ഈ പ്രാർത്ഥന, 2007-ആം ആണ്ടിലെ ഉയിർപ്പുഞായറാഴ്ച വിവിധക്രിസ്തീയവിഭാഗങ്ങളിൽ ഉൾപ്പെട്ടവരായ ഇരുനൂറുകോടിയോളം മനുഷ്യർ നൂറുകണക്കിന് ഭാഷകളിൽ ചൊല്ലിയതായി കണക്കാക്കപ്പെട്ടു.[1] ക്രിസ്തുമതത്തിലെ വിവിധവിഭാഗങ്ങളെ, ദൈവശാസ്ത്രപരവും അചാരാനുഷ്ഠാനപരവുമായ വ്യത്യാസങ്ങളെ മറികടന്ന് ഒന്നിപ്പിക്കുന്ന ചരടാണ് ഈ പ്രാർത്ഥനയെന്നുപോലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്."[1]
വ്യത്യസ്തപാഠങ്ങൾപലതര ഉരുവുകൾ
ഈ നാലു പാഠങ്ങളും മത്തായിയുടെ സുവിശേഷത്തെ പിന്തുടരുന്നു. മത്തായി 6:12-ൽ 'കടങ്ങൾ' എന്ന വാക്കാണ് കാണുന്നതെങ്കിലും കർത്തൃപ്രാർത്ഥനയുടെ പഴയ ഇംഗ്ലീഷ് പാഠങ്ങളിൽ 'അതിക്രമങ്ങൾ' (trespasses) എന്നും സഭാവിഭാഗങ്ങളുടെ പൊതു ഉപയോഗത്തിനായി ഇറക്കുന്ന 'എക്യൂമെനിക്കൽ' പരിഭാഷകളിൽ 'പാപങ്ങൾ' (sins) എന്നുമാണ്. 'പാപങ്ങൾ' ലൂക്കായുടെ സുവിശേഷത്തിലെ പാഠത്തെ പിന്തുടർന്നാണ്(11:4). മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ഡ്രിയയിലെ ഒരിജൻ 'അതിക്രമങ്ങൾ' എന്ന വാക്ക് ഈ പ്രാർത്ഥനയിൽ ഉപയോഗിച്ചിട്ടുണ്ട്. പടിഞ്ഞാറൻ യൂറോപ്പിൽ ഉപയോഗിച്ചിരുന്ന ലത്തീൻ പാഠത്തിൽ 'കടങ്ങൾ' (debita) എന്നായിരുന്നെങ്കിലും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ക്രിസ്തീയവിഭാഗങ്ങൾ മിക്കവയും 'അതിക്രമങ്ങൾ' (trespasses) ആണുപയോഗിച്ചത്. മത്തായി/ലൂക്കാ പാഠങ്ങൾമത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിൽ കർത്തൃപ്രാർത്ഥന അടങ്ങുന്ന ഭാഗങ്ങൾ ഓശാന മലയാളം ബൈബിളിൽ ഇപ്രകാരമാണ്:
വിശകലനം![]() "സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ""ഞങ്ങളുടെ പിതാവേ" എന്നത് ദൈവത്തിന്റെ സംബോധനയായി പുതിയ നിയമത്തിൽ മറ്റു പലയിടങ്ങളിലും ബൈബിളിൽ ഉൾപ്പെടാത്ത യഹൂദരചനകളിലും കാണാം. മത്തായിയുടെ സുവിശേഷത്തിലെ പാഠത്തിൽ കർത്തൃപ്രാർത്ഥന തുടങ്ങുന്നത് 'ഞങ്ങൾ' എന്ന ബഹുവചനസർവ്വനാമത്തിലായതിനാൽ, സ്വകാര്യപ്രാർത്ഥനക്കെന്നതിനുപകരം സാമൂഹ്യമായ ആരാധനയിൽ ഉപയോഗിക്കാൻ വേണ്ടി നൽകപ്പെട്ടതാണിതെന്ന് അനുമാനിക്കാം. "നിന്റെ നാമം പൂജിതമാകണമേ"ദൈവത്തെ സംബോധനചെയ്തശേഷം പ്രാർത്ഥന തുടങ്ങുന്നത് സിനഗോഗുകളിലെ ദൈനംദിനപ്രാർത്ഥനയായ കാദിഷിനെപ്പോലെ ദൈവനാമത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടാണ്. യഹൂദമതത്തിൽ ദൈവത്തിന്റെ പേര് സർവ്വപ്രധാനവും അതിനെ പ്രകീർത്തിക്കുന്നത് മുഖ്യഭക്തിസാധനയുമാണ്. പേരുകൾ കേവലം ലേബലുകളായിരിക്കാതെ പരാമർശിക്കുന്ന വ്യക്തിയുടേയോ വസ്തുവിന്റെയോ ഗുണങ്ങളെ പ്രതിഫലിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ദൈവത്തിന്റെ നാമം പൂജിതമാകണം എന്ന അപേക്ഷയുടെ അർത്ഥം, ദൈവം പൂജിതനാകണം എന്നു തന്നെയാണ്. 'പൂജിതമാകണം' എന്ന കർമ്മണിപ്രയോഗത്തിൽ ആരാണ് പൂജിക്കുന്നത് എന്നതിന്റെ സൂചനയില്ല. ദൈവനാമത്തെ പുകഴ്ത്താൻ വിശ്വാസികളോടുള്ള ആഹ്വാനമാണ് അതെന്നാണ് ഒരു വ്യാഖ്യാനം. കർത്തൃപ്രാർത്ഥനയെ യുഗാന്തപ്രതീക്ഷയുടെ (eschatological) പ്രാർത്ഥനയായി കരുതുന്നവർ, "നിന്റെ നാമം പൂജിതമാകണമേ" എന്നതിനെ, ദൈവം സർവരാലും പുകഴ്ത്തപ്പെടുന്ന അന്തിമയുഗത്തിന്റെ വരവിനുവേണ്ടിയുള്ള അപേക്ഷയായി കരുതുന്നു. ഇതിന്റെ സുറിയാനിയിൽനിന്നുള്ള പരിഭാഷ നിന്റെ നാമം പരിശുദ്ധമാക്കപ്പെടണമേ എന്നാകുന്നു. ദൈവത്തിന്റെ തിരുനാമം തന്നെ ആരാധിക്കുന്നവരാൽ പരിശുദ്ധമാക്കപ്പെടണമെ എന്നർത്ഥമാകുന്നു. "നിന്റെ രാജ്യം വരണമേ"യഹൂദവംശജനായ ഒരു രക്ഷകൻ (മിശിഹാ) മൂലം ദൈവരാജ്യത്തിന്റെ വരവുണ്ടാകുമെന്ന പ്രതീക്ഷ(messianic expectation) ഇസ്രായേലിൽ വ്യാപകമായിരുന്ന കാലത്തായിരുന്നു കർത്തൃപ്രാർത്ഥനയുടെ രചന. "നിന്റെ രാജ്യം വരണമേ" എന്നതിനെ ആ പ്രതീക്ഷയുമായി ബന്ധപ്പെടുത്തിയാണ് സാധാരണ വ്യാഖ്യാനിക്കാറ്. ദൈവരാജ്യത്തെ മനുഷ്യന്റെ നേട്ടമായെന്നതിനുപകരം പ്രാർത്ഥനയിൽ അപേക്ഷിക്കാവുന്ന ദൈവികദാനമായാണ് ഇവിടെ കാണുന്നത്.[5] "ദൈവരാജ്യം വരണമേ" എന്ന അപേക്ഷക്ക് ക്രിസ്തുമതത്തേക്കാൾ പഴക്കമുണ്ടെന്നും വിശേഷമായ ഒരു ക്രിസ്തീയ വ്യാഖ്യാനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല അതെന്നും കരുതുന്ന പണ്ഡിതന്മാരുണ്ട്. സുവിശേഷപ്രഘോഷണ വിഭാഗങ്ങളിൽ പലതിന്റേയും വീക്ഷണം ഇതിനു നേർവിപരീതമാണ്. ക്രിസ്തുമത പ്രചാരണത്തിനുള്ള ആജ്ഞയായി അവർ ഈ അപേക്ഷയെ കാണുന്നു. "നിൻതിരുവിഷ്ടം നിറവേറണം"ദൈവത്തിന്റെ ഇഷ്ടം നിറവേറാനുള്ള പ്രാർത്ഥനയെ ഭൂമിയിൽ ദൈവത്തിന്റെ വാഴ്ച നിലവിൽ വരണമെന്നോ മനുഷ്യർക്ക് ദൈവഹിതത്തിന് വഴങ്ങാനും ദൈവകല്പനകൾ അനുസരിക്കാനും മനസ്സുകൊടുക്കണമെന്നോ ഉള്ള അപേക്ഷയായി കാണാം. സുവിശേഷങ്ങളിലെ പാഠത്തിൽ "സ്വർഗത്തിലെപ്പോലെ ഭൂമിയിലും" എന്നുള്ളതിന്റെ അർത്ഥം ദൈവേഷ്ടത്തിന്റെ കാര്യത്തിൽ ഭൂമി സ്വർഗത്തെപ്പോലെ ആകണമെന്നോ, ഭൂമിയിലും സ്വർഗത്തിലും ദൈവേഷ്ടം നിറവേറണമെന്നോ ആകാം. ഭൂമി സ്വർഗത്തെപ്പോലെ ആകണമെന്നാണ് സാധാരണ വ്യാഖ്യാനം. "അന്നന്നെയപ്പം തരുക"അന്നന്നുവേണ്ട ആഹാരം എന്നത് മരുഭൂമിയിലെ പ്രയാണത്തിനിടെ യഹൂദജനത്തിന് ഭക്ഷണമായി ദൈവം മന്ന നൽകിയ രീതിയെ പരാമർശിക്കുന്നതായി കരുതണം.[6] ഓരോ ദിവസവും അന്നന്നേക്കു വേണ്ട മന്ന മാത്രമാണ് ഭക്ഷണത്തിനായി ശേഖരിക്കാൻ ദൈവം അനുവദിച്ചിരുന്നത്. അതിനാൽ ഓരോ പുതിയ ദിവസവും ഭക്ഷണം അന്നത്തെ ദൈവകാരുണ്യത്തെ ആശ്രയിച്ചായി.
"...ഞങ്ങളോടും ക്ഷമിക്ക"അപ്പത്തിനുവേണ്ടിയുള്ള അപേക്ഷയ്ക്കുശേഷം മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങളിൽ ചെറിയ ഭിന്നത കാണാം. സ്വന്തം കടക്കാരോട് അവർ ക്ഷമിക്കുന്നതുപോലെ മനുഷ്യരുടെ കടങ്ങൾ അവരോടും ക്ഷമിക്കണമെന്ന പ്രാർത്ഥനയാണ് മത്തായിയുടെ പാഠത്തിൽ. പരസ്പരം കടങ്ങൾ പൊറുക്കുന്നതുപോലെ മനുഷ്യരുടെ പാപങ്ങൾ ദൈവം പൊറുക്കണമെന്നാണ് ലൂക്കായുടെ പാഠത്തിൽ. കടങ്ങൾ എന്നതിന്റെ ക്രിയാരൂപം(ὀφείλετε) റോമാക്കാർക്കെഴുതിയ ലേഖനം 13:8-ലും മറ്റും ഉപയോഗിച്ചിരിക്കുന്നതിൽ നിന്ന്, ആ വാക്കിന് (ὀφειλήματα) എല്ലായ്പോഴും സാമ്പത്തികമായ അധമർണ്ണത എന്ന് അർത്ഥം വേണമെന്നില്ല എന്നു മനസ്സിലാക്കാം. അരമായ ഭാഷയിൽ 'കടം' എന്ന വാക്ക് പാപത്തെ സൂചിപ്പിക്കാനും ഉപയോഗിക്കാറുണ്ട്. ഈ പ്രാർത്ഥനയുടെ മൂലഭാഷ അരമായ അയിരുന്നിരിക്കാം എന്നതുതന്നെ ഇവിടെ മത്തായിയുടേയും ലൂക്കായുടേയും പാഠങ്ങൾ തമ്മിലുള്ള വ്യത്യാസത്തിന് വിശദീകരണമാണ്.
"പ്രലോഭനത്തിൽ അകപ്പെടുത്തരുതേ"പ്രാർത്ഥനയുടെ അവസാനത്തേതിനു മുൻപത്തെ ഈ അപേക്ഷ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. പ്രലോഭനങ്ങൾ എന്ന് സാധാരണ പരിഭാഷപ്പെടുത്താറുള്ള peirasmos(പെയ്റാസ്മോസ്) (πειρασμός) എന്ന വാക്കിന്റെ അർത്ഥതലങ്ങളെക്കുറിച്ച് പുതിയനിയമ ഗ്രീക്ക് ശബ്ദകോശം പ്രതിപാദിക്കുന്നുണ്ട്.[9] വ്യത്യസ്ത സന്ദർഭങ്ങളിൽ അതിന് പ്രലോഭനം, പരീക്ഷ, പരിശോധന, പരീക്ഷണം എന്നൊക്കെ അർത്ഥമാകാം. അതിന്റെ പരമ്പരാഗത പരിഭാഷ പ്രലോഭനം എന്നാണ്. "ഞങ്ങളെ ഞങ്ങൾ തന്നെയോ സാത്താനോ പരീക്ഷണങ്ങളിൽ എത്തിക്കാൻ ഇടയാക്കരുതെ" എന്നാകാം ഇവിടെ അപേക്ഷ. അന്നന്നെ അപ്പത്തിനുവേണ്ടിയുള്ള അപേക്ഷക്ക് തൊട്ടുപിന്നാലെ വരുന്ന ഈ അഭ്യർത്ഥന, ഭൗതികസുഖങ്ങളുടെ ബന്ധനത്തിൽ പെടാതിരിക്കാനുള്ള പ്രാർത്ഥനയുമാകാം. യുഗസമാപ്തിയിൽ കഠിനമായ നിത്യശിക്ഷക്ക് വിധിക്കപ്പെടരുതേ എന്നാണ് ഇതിനർത്ഥമെന്ന് ഒരു വ്യാഖ്യാനമുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നവിധം കഠിനതരമായ പരീക്ഷകൾക്കെതിരായുള്ള അപേക്ഷയാണതെന്നാണ് മറ്റൊരു വ്യാഖ്യാനം.[10] "തിന്മയിൽ നിന്ന് രക്ഷിക്കുക"അവസാനത്തെ അപേക്ഷ സാത്താനെ സംബന്ധിക്കുന്നതോ തിന്മയെ പൊതുവായി പരമർശിക്കുന്നതോ എന്ന കാര്യത്തിൽ പരിഭാഷകർക്കും പണ്ഡിതന്മാർക്കും ഇടയിൽ അഭിപ്രായൈക്യമില്ല. ഗ്രീക്ക് മൂലത്തിലും ലത്തീൻ പരിഭാഷയിലും ഉപയോഗിച്ചിരിക്കുന്ന പദം കേവലമായ തിന്മ എന്ന അർത്ഥം കിട്ടും വിധമുള്ള നപുംസകലിംഗമോ സാത്താനെ സൂചിപ്പിക്കുന്ന പുല്ലിംഗമോ ആകാം. ഗിരിപ്രഭാഷണവിവരണത്തിലെ കർത്തൃപ്രാർത്ഥനക്കുമുൻപുള്ള ഭാഗങ്ങളിൽ, സമാനപദം തിന്മയെ പൊതുവേ പരാമർശിക്കാനാണ് മത്തായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ സുവിശേഷം സൂചിപ്പിക്കുന്നത് സാത്താനെയാണ്. തിന്മ എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന കാര്യത്തിൽ അവ്യക്തതയുണ്ടെന്ന് സമ്മതിച്ച ജോൺ കാൽവിൻ, സാധ്യമായ അർത്ഥങ്ങൾ രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും അവ ഈ പ്രാർത്ഥനയുടെ വ്യാഖ്യാനത്തിൽ അപ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. തിന്മയിൽ നിന്ന് രക്ഷിക്കണം എന്ന അപേക്ഷക്ക് യോഹന്നാന്റെ സുവിശേഷത്തിലേയും (17:15) പൗലോസ് തെസ്സലോനിക്കർക്കെഴുതിയ രണ്ടാം ലേഖനത്തിലേയും ചില വാക്യങ്ങളോട് സാമ്യമുണ്ട്.(3:3)[11] "രാജ്യവും ശക്തിയും മഹത്ത്വവും നിന്റേതാകുന്നു"കർത്തൃപ്രാർത്ഥനയിലെ ഈ സമാപനസ്തുതി(Doxology) മത്തായിയുടെ സുവിശേഷത്തിന്റെ ബൈസാന്തിയൻ പാഠം പിന്തുടരുന്ന കൈയെഴുത്തുപ്രതികളിൽ മാത്രമാണുള്ളത് ലൂക്കായുടെ സുവിശേഷത്തിലെ പാഠത്തിലോ, മത്തായിയുടെ സുവിശേഷത്തിന്റെ തന്നെ അലക്സാൻഡ്രിയൻ പാഠം ഉൾക്കൊള്ളുന്ന ഏറ്റവും പഴയ കൈയെഴുത്തുപ്രതികളിലോ അതില്ല.[12] സമാപനസ്തുതി ദൈർഘ്യം കുറഞ്ഞ രൂപത്തിലാണെങ്കിലും("എന്തെന്നാൽ ശക്തിയും മഹത്ത്വവും എന്നേയ്ക്കും നിന്റേതാകുന്നു") ആദ്യം രേഖപ്പെടുത്തിക്കാണുന്നത്,[13]Didache എന്നറിയപ്പെടുന്ന പൗരാണികരേഖയിൽ (8:2) ആണ്. ഈ സ്തുതി അതിന്റെ അന്തിമരൂപം കൈവരിക്കുന്നതിനുമുൻപ് പത്തു വ്യത്യസ്ത രൂപങ്ങളിലൂടെയെങ്കിലും കടന്നുപോയെന്ന് മത്തായിയുടെ സുവിശേഷത്തിന്റെ പഴയ കൈയെഴുത്തുപ്രതികളിൽ നിന്ന് മനസ്സിലാക്കാം. പഴയ യഹൂദ പ്രാർത്ഥനകളിൽ സമാപനസ്തുതി സാധാരണമായിരുന്നു. സാമൂഹ്യ ആരാധനക്കായി കർത്തൃപ്രാർത്ഥനയോട് കൂട്ടിച്ചേർക്കപ്പെട്ടതാകാം അത്. അങ്ങനെയെങ്കിൽ അതിന് മാതൃകയായത് ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലെ 29:11 [ഗ] വാക്യമാകാം. മിക്കവാറും പണ്ഡിതന്മാർ സമാപനസ്തുതിയെ മത്തായിയുടെ സുവിശേഷത്തിന്റെ മൂലപാഠത്തിൽ ഉൾപ്പെടുന്നതായി കണക്കാക്കുകയോ പരിഭാഷകളിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നില്ല. അതിനെ അടിക്കുറിപ്പുകളിൽ ഒതുക്കുകയാണ് സാധാരണ പതിവ്. ലത്തീൻ ആരാധനാക്രമം പിന്തുടരുന്ന കത്തോലിക്കർ കർത്തൃപ്രാർത്ഥനയിൽ അത് ചൊല്ലാറില്ല. എന്നാൽ 1970-ലെ പരിഷ്കരിച്ച കത്തോലിക്കാ കുർബ്ബാനക്രമത്തിൽ കർത്തൃപ്രാർത്ഥനയുടെ ഭാഗമായല്ലാതെ അതിനെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബൈസാന്തിയൻ ആരാധനാക്രമം പിന്തുടരുന്നവ ഉൾപ്പെടെയുള്ള പൗരസ്ത്യസഭകളും, പൗരസ്ത്യകത്തോലിക്കാസഭകളും പ്രൊട്ടസ്റ്റന്റ് സഭകളും സമാപനസ്തുതിയെ കർത്തൃപ്രാർത്ഥനയുടെ ഭാഗമായി കണക്കാക്കുന്നു. ഭാഷാതാരതമ്യസാമഗ്രി![]() മിഷനറി പ്രവർത്തനം മൂലം, ഏറ്റവുമേറെ ഭാഷകളിൽ നേരത്തേ പരിഭാഷകളുണ്ടായ കൃതി ബൈബിളാണെന്നു വന്നു. [ഘ] ഇതും, ആദ്യകാല ഭാഷാശാസ്ത്രജ്ഞന്മാർ മിക്കവരും ക്രിസ്ത്യാനികളായിരുന്നുവെന്നതും, ഭാഷകളുടെ താരതമ്യപഠനത്തിൽ, ഏറെ പ്രചാരമുള്ളതും അനായാസം ലഭിക്കുന്നതുമായ ബൈബിൾ പാഠങ്ങങ്ങളിലൊന്നായ കർത്തൃപ്രാർത്ഥന മാതൃകയായുപയോഗിക്കാൻ ഇടയാക്കി.
കുറിപ്പുകൾക. ^ യെരുശലെമിലെ ഒലിവുമലയിൽ യേശു കർത്തൃപ്രാർത്ഥന പഠിപ്പിച്ചതെന്നുകരുതപ്പെടുന്ന സ്ഥലത്തുള്ള പേറ്റർ നോസ്റ്റർ പള്ളിക്കടുത്ത്, ആ പ്രാർത്ഥന ഒട്ടേറെ ഭാഷകളിൽ എഴുതി വച്ചിരിക്കുന്നു. റോമൻ ലിപിയിലുള്ള ഈ മലയാളം പാഠത്തിനു മുകളിൽ, അതിന്റെ ഭാഷയുടെ പേര് കൊടുത്തിരിക്കുന്നത് സംസ്കൃതമെന്നാണ്. മലയാളം ലിപിയിലുള്ള മറ്റൊരു പാഠം രേഖപ്പെടുത്തിയ മാർബിൽ ഫലകം 2005-ൽ അവിടെ സ്ഥാപിച്ചു. [14]
അവലംബം
|
Portal di Ensiklopedia Dunia