ക്ലാര സെത്കിൻ
ക്ലാര സെത്കിൻ (1857 ജൂലൈ 5 – 1933 ജൂൺ 20) വിപുലമായ സ്വാധീനശക്തിയുണ്ടായിരുന്ന ജർമ്മൻ സോഷ്യലിസ്റ്റ് നേതാവും സ്ത്രീവിമോചനപ്പോരാളിയുമായിരുന്നു. 1910 -ൽ ആദ്യ സാർവ്വദേശീയ വനിതാദിനം സംഘടിപ്പിക്കുന്നത് ക്ലാരസെത്കിന്റെ നേതൃത്വത്തിലായിരുന്നു. റോസാ ലക്സംബർഗ്ഗിന്റെ ദീർഘകാല സഹായിയായി സ്പാർട്ടാസിസ്റ്റ് പ്രസ്ഥാനവും ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.[1] ജർമ്മനിലെ സാക്സോണിയിലുള്ള വീഡേരോ (Wiederau)എന്ന കാർഷിക ഗ്രാമത്തിൽ, പ്രൊട്ടസ്റ്റന്റ് സഭാ പ്രവർത്തകനും സ്കൂൾ അധ്യാപകനുമായിരുന്ന ഗോഡ്ഫ്രൈഡ് എൽസനറിന്റെയും സമ്പന്നയായിരുന്ന ജോസഫൈൻ വിറ്റാലേ എൽസനേറിന്റേയും മകളായിട്ടാണ് ക്ലാര എൽസനേർ ജനിച്ചത്. അദ്ധ്യാപികയാവാൻ വേണ്ടി പഠിച്ച ക്ലാര പിന്നീട് ജർമ്മൻ വനിതാ പ്രസ്ഥാനവുമായും തൊഴിലാളി പ്രസ്ഥാനവുമായും അടുക്കുന്നതുവഴിയാണ് സോഷ്യലിസ്റ്റ് നേതാവായി ഉയർന്നത്. തന്റെ കാമുകനും ആദ്യകാല ജീവിത സഖാവുമായിരുന്ന റഷ്യൻ വിപ്ലവകാരി ഒസിപ്പ് സെത്കിന്റെ പേര് സ്വീകരിച്ചതിലൂടെയാണ് ക്ലാര എൽസനേർ ക്ലാര സെത്കിൻ ആയി മാറുന്നത്. ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ പത്രമായ ഇക്വാലിറ്റി (Die Gleichheit) യുടെ പത്രാധിപയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. സ്ത്രീകളുടെ വോട്ടവകാശം, തുല്യതയ്ക്കുള്ള അവകാശം തുടങ്ങിയവയ്കായി സാർവ്വദേശീയ തലത്തിലുള്ള ഇടപെടലുകൾക്ക് നേതൃത്വം നൽകി. ലെനിന്റെ സ്ത്രീ പ്രശ്നം സംബന്ധിച്ച നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ സജീവമായി ഇടപെട്ടു. ജർമ്മനിയിലെ പാർലമെന്റായ റെയ്ഷ്റ്റാഗിൽ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധീകരിച്ചു. ഹിറ്റ്ലർ പാർട്ടിയെ നിരോധിച്ചതിനെ തുടർന്ന് സോവിയറ്റ് യൂണിയനിലേക്ക് പലായനം ചെയ്യുകയും 76 -ാമത്തെ വയസ്സിൽ അവിടെവെച്ച് അന്തരിക്കുകയും ചെയ്തു.[2] അവലംബം |
Portal di Ensiklopedia Dunia