കോമാട്ടിൽ അച്യുതമേനോൻനിയമജ്ഞനും ചരിത്രകാരനുമായിരുന്നു കോമാട്ടിൽ അച്യുതമേനോൻ (1887 - 1963). തൃശൂർ പട്ടണത്തിലുളള കോമാട്ടിൽകുടുംബത്തിൽ 1887-ൽ ജനിച്ചു. ആദ്യകാലവിദ്യാഭ്യാസം തൃശൂർ ഗവൺമെന്റ് ഹൈസ്കൂളിലായിരുന്നു. എറണാകുളം മഹാരാജാസ് കോളജിലും മദ്രാസ് പ്രസിഡൻസി കോളജിലും അധ്യയനം തുടർന്നു. 1907-ൽ ബി.എ.യും തുടർന്ന് ബി.എൽ. ബിരുദവും നേടിയശേഷം തൃശൂർ കോടതികളിൽ പ്രാക്ടീസ് ആരംഭിച്ചു (1909). ഇക്കാലത്ത് തൃശൂർ നഗരസഭാധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗവ. വക്കീൽ, സെഷൻസ് ജഡ്ജി, സ്പെഷ്യൽ പ്യൂണി ജഡ്ജി, ചീഫ് സെക്രട്ടറി എന്നീ പല പദവികളും വഹിച്ചശേഷം ആർ.കെ. ഷണ്മുഖം ചെട്ടി ദിവാൻ സ്ഥാനത്തു നിന്ന് വിരമിച്ചപ്പോൾ കുറച്ചുകാലം ആ പദവിയും വഹിച്ചു. 1942 മുതൽ ഏതാനും വർഷങ്ങൾ ഇദ്ദേഹം ഭക്ഷ്യോത്പാദന കമ്മീഷണറായും സേവനം അനുഷ്ഠിച്ചു. തൃശൂർ കേരളവർമ കോളജ്, കൊച്ചിൻ നായർ ബാങ്ക്, കേരള ബാങ്കേഴ്സ് അസോസിയേഷൻ, എറണാകുളം ലോട്ടസ് ക്ളബ്ബ്, തൃശൂർ വിവേകോദയ സമാജം, കൊച്ചിൻ ഒളിമ്പിക് അസോസിയേഷൻ, തൃശൂർ ബാനർജി ക്ളബ്ബ് എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ മേനോൻ മുൻകൈ എടുത്തിരുന്നു. ഇദ്ദേഹം കലാമണ്ഡലം മാനേജിങ് കമ്മിറ്റി ചെയർമാനും കൊച്ചി നായർ മഹാസമാജം അധ്യക്ഷനും തൃശൂർ ഗാനസമാജസ്ഥാപകനുമായിരുന്നു. ഇദ്ദേഹത്തിന്റെ പത്നി തെക്കെകുറുപ്പത്ത് മാളികയിൽ നാരായണി അമ്മ ഒരു സംഗീതവിദുഷിയായിരുന്നു. തിരു-കൊച്ചി|തിരു-കൊച്ചിയിലെ]] ഭൂമികുടിയായ്മ സമിതി അധ്യക്ഷൻ, കേരള ഔദ്യോഗിക ഭാഷാക്കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും മേനോൻ സേവനം അനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ പൊതുപ്രവർത്തനങ്ങളുടെ അംഗീകാരമായി ബ്രിട്ടിഷ് ഗവ. റാവുസാഹിബ് സ്ഥാനവും കൊച്ചിമഹാരാജാവ് വീരശൃംഖലയും നല്കി. കേരള ഇതിഹാസസമിതിയുടെ സ്ഥാപകരിൽ ഒരാളായ മേനോന് ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതാനും പ്രസംഗിക്കാനും കഴിയുമായിരുന്നു. കൊച്ചിയിലെ സ്ഥലനാമങ്ങൾ, തെക്കേ ഇന്ത്യയും ചീനയും എന്നീ ഗ്രന്ഥങ്ങൾ ഇദ്ദേഹത്തിന്റെ ചരിത്രപാണ്ഡിത്യത്തെ കുറിക്കുന്നു. ഒട്ടേറെ ലേഖനങ്ങളും ഏൻഷ്യന്റ് കേരള എന്നൊരു ഇംഗ്ളീഷ് കൃതിയും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. ചരിത്രഗവേഷണത്തിൽ അതീവതത്പരനായിരുന്ന അച്യുതമേനോൻ 1963 മാർച്ച് 8-ന് തൃശൂരിൽവച്ച് അന്തരിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമത്തിൽ സ്ഥാപിച്ച ഇതിഹാസ സമിതിയാണ് പില്ക്കാലത്ത് കേരള ഹിസ്റ്ററി അസോസിയേഷൻ ആയി രൂപാന്തരം പ്രാപിച്ചത്.
|
Portal di Ensiklopedia Dunia