കോബോൾ എന്നത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയാണ്. Common Business Oriented Language എന്നതിന്റെ ചുരുക്കപ്പേരാണ് കോബോൾ.വാണിജ്യരംഗത്ത് വളരെയധികം ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. ബാങ്കിംഗ്,ഇൻഷുറൻസ് മേഖലകളിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
ചരിത്രം
1959 ൽ അമേരിക്കയിലെ ഒരുസംഘം ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തത്. ഗ്രേസ് ഹോപ്പറിന്റെ ഫ്ലോമാറ്റിക് ഭാഷയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെടുത്തിയ മാനദണ്ഡങ്ങളാണ് കോബോളിന്റെ രൂപപ്പെടലിനുകാരണമായത്. 1959 സെപ്റ്റംബർ 18 ന് കോബോൾ എന്ന പേര് നിലവിൽ വന്നു. ഗ്രേയ്സ് ഹോപ്പർ, വില്യം സെൽഡൻ തുടങ്ങിയവരുടെ നിസ്സീമപ്രവർത്തനങ്ങൾ കോബോളിന് വ്യവസായ സമൂഹത്തിൽ വൻപ്രാധാന്യം നേടിക്കൊടുത്തു.
പ്രോഗ്രാം ഭാഗങ്ങൾ
കോബോൾ പ്രോഗ്രാമിന് പൊതുവെ 4 ഡിവിഷനുകളുണ്ട്.
ഐഡന്റിഫിക്കേഷൻ ഡിവിഷൻ- ഇത് പ്രോഗ്രാം രചിക്കുന്ന ആളിനെ സൂചിപ്പിക്കുന്നു.
എൻവയോൺമെന്റൽ ഡിവിഷൻ- ഇത് പ്രോഗ്രാം പ്രവർത്തിക്കുന്ന കമ്പ്യൂട്ടറിനെക്കുറിച്ചുള്ള വിവരണമാണ്.
ഡേറ്റാ ഡിവിഷൻ-ഫയലുകളുടെ ഘടനയും ഉപയോഗിക്കപ്പെടുന്ന ഡേറ്റയുടെ വിവരണങ്ങളും ഉൾക്കൊള്ളുന്ന ഭാഗമാണിത്.
പ്രൊസീജിയർ ഡിവിഷൻ- പ്രോഗ്രാം വഴി ചെയ്യേണ്ട പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്.
പ്രോഗ്രാം ഘടന
പ്രോഗ്രാം- ഡിവിഷൻ- സെക്ഷൻ-പാരഗ്രാഫ്- സ്റ്റേറ്റ്മെന്റ്-വേർഡ്സ്- ക്യാരക്ടർ ഇങ്ങനെ പ്രോഗ്രാം ഘടനയെ സൂചിപ്പിക്കാം. ധാരാളം വ്യാകരണനിയമങ്ങളുള്ള, വളരെ ദീർഘങ്ങളായ വാക്കുകളും വാചകങ്ങളും പ്രോഗ്രാമിൽ നിരന്തരം ഉപയോഗിക്കപ്പെടുന്നു.