കോന്യതുർക്കിയിൽ മദ്ധ്യഅനറ്റോളിയയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കോന്യ. 2010-ലെ കണക്കനുസരിച്ച് 10,36,027 ജനസംഖ്യയുള്ള[1] ഈ നഗരം, കോന്യ പ്രവിശ്യയുടെ തലസ്ഥാനവുമാണ്. നാലു സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള പുരാതന ആവാസകേന്ദ്രമാണ് ഈ പട്ടണം. ലത്തീൻ ഭാഷയിൽ ഐക്കോണിയം (iconium) എന്നും ഗ്രീക്കിൽ ഐക്കോണിയൻ എന്നും ഇവിടം അറിയപ്പെട്ടിരുന്നു. ബൈബിളിലെ നടപടിപ്പുസ്തകം അനുസരിച്ച്, പൗലോസ് അപ്പസ്തോലൻ കോന്യ സന്ദർശിച്ചിട്ടുണ്ട്. ബൈസാന്റൈൻ കാലഘട്ടത്തിൽ വാണിജ്യസംഘങ്ങൾക്കു വേണ്ടിയുള്ള വഴിത്താവളമായാണ് ഈ നഗരം വികസിച്ചത്. അക്കാലത്ത്, അറബ് സേനകളുടെ പതിവ് ആക്രമണലക്ഷ്യങ്ങളിലൊന്നായിരുന്നു ഇവിടം. 1097 മുതൽ 1243 വരെ റൂമിലെ സെൽജ്യൂക്ക് സുൽത്താനത്തിന്റെ തലസ്ഥാനമായിരുന്നു കോന്യ. ഈ കാലയളവിൽ 1134-ലാണ് കോന്യ എന്ന പേര് സിദ്ധിച്ചത്. ![]() അസംഖ്യം മുസ്ലീം പള്ളികളുള്ള ഈ നഗരം, ഇസ്ലാമിന്റെ കോട്ട എന്നപേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. തുർക്കിയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി മദ്യം കോന്യയിൽ പൊതുസ്ഥലത്ത് വിളമ്പാനാവില്ല. എങ്കിലും മറ്റിടങ്ങളേക്കാൽ അധികമായി റാകി ഇവിടെ രഹസ്യമായി ഉപയോഗിക്കുന്നുണ്ട്. നിരവധി ബഹുനിലക്കെട്ടിടങ്ങളും മറ്റുനിർമ്മിതികളുമുള്ള കോന്യ വികസനോന്മുഖമായ ഒരു നഗരമാണ്. കോന്യയിലെ തദ്ദേശീയ ബസുകളിൽ "തുർക്കി മുഴുവനും കോന്യയെപ്പോലെയാകണം" എന്ന മുദ്രാവാക്യവും കാണാം. പ്രസിദ്ധനായ സൂഫി പണ്ഡിതനും കവിയുമായിരുന്ന മൗലാന ജലാലുദ്ദീൻ മുഹമ്മദ് റൂമി വസിച്ചിരുന്നത് കോന്യയിലാണ്. അദ്ദേഹത്തിന്റെ ശവകുടീരവും ഇവിടെ സ്ഥിതി ചെയ്യുന്നു.[2] അവലംബം
|
Portal di Ensiklopedia Dunia