കേവലകാന്തിമാനം
ആകാശത്തു കാണുന്ന ഖഗോളവസ്തുക്കളെയെല്ലാം 10 പാർസെക് ദൂരത്തു ആണെന്നു സങ്കൽപ്പിച്ച് , അതിനെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ലഭിക്കുന്ന കാന്തിമാനം ആണു കേവല കാന്തിമാനം (Absolute Magnitude) എന്നു അറിയപ്പെടുന്നത്. കേവല കാന്തിമാനം ഖഗോള വസ്തുവിന്റെ തേജസ്സിന്റെ അളവുകോലാണ്. ഈ അളവുകോലിൽ എല്ലാ ഖഗോളവസ്തുക്കളും ഒരേ ദൂരത്ത് വച്ചിരിക്കുന്നത് കൊണ്ട് ദൂരവ്യത്യാസം കൊണ്ട് കാന്തിമാനത്തിൽ വ്യത്യാസം വരുന്നില്ല. ഈ അളവുകോൽ പ്രകാരം സൂര്യന്റെ കാന്തിമാനം + 4.86 ആണ്. അതായത് സൂര്യൻ 10 പാർസെക് ദൂരത്തായിരുന്നുവെങ്കിൽ അതിനെ കഷ്ടിച്ചു നഗ്ന നേത്രം കൊണ്ടു കാണാമായിരുന്നു എന്നർത്ഥം. ചന്ദ്രനേയും ശുക്രനേയും ഒന്നും ശക്തിയേറിയ ദൂരദർശിനി ഉപയോഗിച്ചാലും കാണാൻ പറ്റുകയുമില്ല. കേവല കാന്തിമാനം കണക്കാക്കാൻ നക്ഷത്രങ്ങളിലേക്കുള്ള ദൂരം നമുക്ക് അറിഞ്ഞിരിക്കണം. നക്ഷത്രങ്ങളുടെ കേവല താരതമ്യ പഠനത്തിനാണ് കേവല കാന്തിമാനം ഉപയോഗിക്കുന്നത്. സാധാരണ നക്ഷത്ര നിരീക്ഷണത്തിന് ഇതിന്റെ ആവശ്യമില്ല. കേവല കാന്തിമാനത്തെ M എന്ന അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്.
|
Portal di Ensiklopedia Dunia