കാർത്തിക (താരവ്യൂഹം)
ഇടവം രാശിയിലെ ഒരു താരവ്യൂഹമാണ് കാർത്തിക. നഗ്നനേത്രങ്ങൾ കൊണ്ട് ഈ തുറന്ന താരവ്യൂഹം വളരെ എളുപ്പത്തിൽ കാണാനാകും. M45 എന്ന മെസ്സിയർ സംഖ്യയുള്ള ഇത് ഭൂമിയോട് ഏറ്റവുമടുത്തുള്ള താരവ്യൂഹങ്ങളിലൊന്നാണ്. വിവിധ ദേശങ്ങളിലെ പുരാണങ്ങളിലും ഈ താരവ്യൂഹത്തിന് പ്രധാന സ്ഥാനമുണ്ട്[4]. ഉദാഹരണമായി, ഭാരതീയ പുരാണമനുസരിച്ച് സുബ്രഹ്മണ്യനെ വളർത്തിയത് കാർത്തികയിലെ ഏഴ് സഹോദരിമാരാണ്. പ്രായം കുറഞ്ഞതും ചൂടേറിയതുമായ നീല നക്ഷത്രങ്ങളാണ് ഈ താരവ്യൂഹത്തിലധികവും. ഇതിലെ നക്ഷത്രങ്ങളെല്ലാം തന്നെ കഴിഞ്ഞ പത്തുകോടി വർഷത്തിനുള്ളിൽ ജനിച്ചവയാണ്. നക്ഷത്രങ്ങളുടെ ചുറ്റുമുള്ള പൊടിയിൽ തട്ടി വിസരിതമാകുന്ന പ്രകാശം ഇതിന് ഒരു നീഹാരികയുടെ രൂപസാദൃശ്യം നൽകുന്നു. നക്ഷത്രരൂപവത്കരണത്തിനു ശേഷം ബാക്കിയായ പൊടിയാണ് ഇത് എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ പൊടി നിറഞ്ഞ ഒരു ഭാഗത്തിലൂടെ ഈ താരവ്യൂഹം നീങ്ങിക്കൊണ്ടിരിക്കുന്നതിനാലാണ് ഇത് എന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഏകദേശം 25 കോടി വർഷങ്ങൾ കൂടി ഈ താരവ്യൂഹം നിലനിൽക്കും. അതിനുശേഷം ചുറ്റുമുള്ള നക്ഷത്രങ്ങളിലും മറ്റും നിന്നുള്ള ഗുരുത്വാകർഷണബലം മൂലം ഇതിലെ നക്ഷത്രങ്ങൾ താരവ്യൂഹത്തിൽ നിന്ന് വേർപെട്ടുപോകുമെന്ന് കരുതപ്പെടുന്നു. പ്രായവും പരിണാമവുംതാരവ്യൂഹത്തിലെ നക്ഷത്രങ്ങളുടെ ഹെർട്സ്പ്രങ്-റസ്സൽ ആരേഖവും നക്ഷത്രപരിണാമത്തെക്കുറിച്ചുള്ള സൈദ്ധാന്തികമാതൃകകളും താരതമ്യം ചെയ്ത് കാർത്തികയിലെ നക്ഷത്രങ്ങളുടെ പ്രായനിർണ്ണയം നടത്താനാകും. ഇങ്ങനെ നിർണ്ണയിക്കപ്പെട്ട പ്രായം ഏഴരക്കോടി വർഷത്തിനും പതിനഞ്ച് കോടി വർഷത്തിനും ഇടയിലാണ്. ഇതിനു പുറമെ തവിട്ടുകുള്ളന്മാരിലെ ലിഥിയത്തിന്റെ അളവുപയോഗിച്ചും താരവ്യൂഹത്തിന്റെ പ്രായനിർണ്ണയം നടത്താം. ഈ രീതിയുപയോഗിച്ച് ലഭിക്കുന്ന പ്രായം പതിനൊന്നരക്കോടി വർഷമാണ്. കാർത്തികയുടെ ചലനം മൂലം ആയിരക്കണക്കിന് വർഷങ്ങൾക്കു ശേഷം അതിന്റെ സ്ഥാനം ശബരൻ രാശിയിലേക്ക് മാറും. നക്ഷത്രങ്ങളുടെ സമാഗമവും പുറമെനിന്നുള്ള ഗുരുത്വാകർഷണവും മൂലം ഇതിലെ നക്ഷത്രങ്ങൾ ഇന്നത്തെ ഗുരുത്വബന്ധിതമായ അവസ്ഥയിൽനിന്ന് മാറി താരവ്യൂഹത്തിന് പുറത്താകും. ഏകദേശം 25 കോടി വർഷത്തിനുള്ളിലാണ് താരവ്യൂഹത്തിന്റെ അവസാനം കുറിക്കുന്ന ഈ പരിണാമം പൂർണ്ണമാവുക എന്ന് കരുതപ്പെടുന്നു. പ്രധാന നക്ഷത്രങ്ങൾഈ താരവ്യൂഹത്തിലെ പ്രകാശമേറിയ നക്ഷത്രങ്ങൾക്ക് തനതുനാമങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് പുരാണത്തിലെ ഏഴ് സഹോദരിമാരുടെയും അവരുടെ മാതാപിതാക്കളുടെയും പേരുകളാണിവ. നക്ഷത്രങ്ങളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു.
അവലംബം
|
Portal di Ensiklopedia Dunia