സപുഷ്പികളിലെ ഒരു കുടുംബമായ ഡയസ്‌കൊറിയേസീയിലെ, 600 -ലേറെ സ്പീഷിസുകൾ ഉള്ള ഒരു ജനുസ് ആണ് ഡയസ്‌കൊറിയ (Dioscorea) അഥവാ കാച്ചിലുകൾ. മധ്യരേഖാ - ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്. ഭൂരിഭാഗവും ഉഷ്ണമേഖലാപ്രദേശങ്ങളിൽത്തന്നെ കണ്ടുവരുന്നു.[1][2][3][4] പുരാതന ഗ്രീക്ക് ഡോക്ടറും സസ്യശാസ്തകരനുമായ പെഡാനിയസ് ഡയകൊറിയഡ്‌സിന്റെ പേരിലാണ് ഈ ജനുസ് അറിയപ്പെടുന്നത്.
വിവരണം
ബഹുവർഷികളായ കിഴങ്ങുകളുള്ള 2 മുതൽ 12 വരെ മീറ്റർ ഉയരത്തിൽ വളരുന്ന ചെടികളാണ് ഇവ. ഇലകൾ സ്പൈറൽ രീതിയിൽ വിന്യസിച്ചിരിക്കുന്നു, വലിയ ഇലകൾ മിക്കവയ്ക്കും ഹൃദയാകാരമായിരിക്കും.[5][6]
കൃഷിയും ഉപയോഗങ്ങളും
കാച്ചിൽ പോലെയുള്ള പല സ്പീഷിസുകളും ഭക്ഷ്യപരമായി പ്രാധാന്യം അർഹിക്കുന്നവയാണ്. പലതും വിഷമയമായതാണെങ്കിലും വിഷം മാറ്റി ഭക്ഷിക്കാൻ കഴിയുന്നതാണ്. ആഫ്രിക്കയിലും, ഏഷ്യയിലും, ഓഷ്യാനിയയിലുമെല്ലാം ഇവ പ്രധാന ഭക്ഷ്യവിഭവങ്ങളാണ്.
ഔഷധമായും ഗർഭനിരോധനത്തിനുള്ള മരുന്നായും ഇവയിലെ ചില രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്.
വയനാട്ടിൽ
വയനാട്ടിൽ ഡയസ്‌കൊറിയയുടെ പതിനഞ്ചിലേറെ സ്പീഷിസുകൾ ഇപ്പോഴും കാട്ടുനായ്‌കർ ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഓരോ സ്പീഷിസിന്റെയും രുചി. നിറം, ഗുണം, ഭക്ഷ്യയോഗ്യത, വലിപ്പം, വളരുന്ന രീതി, നൂറിന്റെ അളവ്, കിഴങ്ങിന്റെ വലിപ്പം എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തി വേർതിരിച്ചിരിക്കുന്നു. കാട്ടുനായ്‌ക്കർ ഇവയെ എല്ലാം പൊതുവേ കലശ് എന്നാണു വിളിക്കുന്നത്. അവർക്ക് 12 സ്പീഷിസുകളെപ്പറ്റി അറിയാം. വെന്നിക്കലശ്, ഹെക്കുക്കലശ്, കവലക്കലശ് എന്നിവയെല്ലാം നിത്യഹരിതവനങ്ങളുടെയും ഇലപൊഴിയും കാടുകളുടെയും ഉൾപ്രദേശങ്ങളിൽ കണ്ടുവരുമ്പോൾ എറക്കലശ് കല്ലുകളുള്ള പുൽമേടുകളിലാണു കാണുന്നത്. നൂറക്കലശ് (അല്ലെങ്കിൽ നല്ലനൂറ), നരക്കലശ്, ഹെൻഡിരിടക്കലശ് എന്നിവ വഴിയോരങ്ങളിലെ പൊന്തകളിലും ബൂജിക്കവലക്കലശ് ചതുപ്പുപ്രദേശങ്ങളിലും കാണുന്നു. ഇത്തരം എല്ലാ പ്രദേശങ്ങളിൽ നിന്നും കാട്ടുനായ്‌ക്കർ കാച്ചിലുകൾ ശേഖരിക്കാറുണ്ടെങ്കിലും കാടുകളിൽ നിന്നും വെറുതേ കിടക്കുന്ന സ്ഥലങ്ങളിൽ നിന്നുമാണ് അവർ പ്രധാനമായും കിഴങ്ങുകൾ ശേഖരിക്കുന്നത്. പലതും ഉപയോഗിക്കുന്നുണ്ടെങ്കിലും നല്ലനൂറയാണ് ഏറ്റവും കൂടുതലായി ഇവർ ഉപയോഗിക്കുന്ന കിഴങ്ങ്. പേരുസൂചിപ്പിക്കുന്നതുപോലെ നല്ല എന്നു പറഞ്ഞാൽ തിന്നുവാൻ യോഗ്യമായത് എന്നാണ്. ഒറ്റയായി ഉണ്ടാകുന്ന ഇതിന്റെ കിഴങ്ങ് നാരുകുറഞ്ഞതും പാചകം ചെയ്തുകഴിഞ്ഞാൽ പൊടിപോലെയാകുന്നതും നല്ല രുചിയുള്ളതും ആണ്. ഇലപൊഴിയുംകാടുകളുടെ ഓരങ്ങളിലാണ് നല്ലനൂറ കണ്ടുവരുന്നത്. വയനാട്ടിലെ ആദിമനിവാസികളുടെ ഇടയിൽ പ്രസിദ്ധമായ മറ്റൊരു കാച്ചിൽ ഇനമാണ് കവലക്കലശ്. കാട്ടുനായ്ക്കർ ജീവിക്കുന്ന കാടുകളിലെല്ലാം കാണുന്ന ഈ കാച്ചിലിനും വളരെനല്ല രുചിയാണ്. കൊഴുപ്പുകൂടിയ ഇനമായതിനാൽ സാളുകക്കലശ് സാധാരണ തിന്നാറില്ലെങ്കിലും വറുതിയുടെ കാലത്ത് അതും ഭക്ഷ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഇത്തരം മിക്ക കിഴങ്ങുകൾക്കും ഒരു തരം ചൊറിച്ചിൽ ഉള്ളതുകൊണ്ട്, പ്രത്യേകിച്ചും കുട്ടികളിൽ, മറ്റു പല ഗോത്രവർഗ്ഗക്കാരും ഇത്തരം കിഴങ്ങുകൾ ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല. പലതരം കാച്ചിലുകളിൽ വെന്നിക്കലശ്, കവലക്കലശ്, നല്ലനൂറ എന്നിവയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. കുടിലുകളിൽ തുറസ്സായ ഇടങ്ങളിലാണ് ശേഖരിച്ച കിഴങ്ങുകൾ സൂക്ഷിച്ചുവയ്ക്കുന്നത്. പാചകത്തിനു പലതരം രീതികൾ ഉപയോഗിക്കുന്നുണ്ട്. കൊട്ടുനൂറയുടെ കിഴങ്ങ് ഉപയോഗത്തിനു മുൻപ് അരിഞ്ഞ് വെള്ളത്തുണിയിൽ കെട്ടി ഒഴുകുന്നവെള്ളത്തിൽ ഒരു ദിവസത്തോളം താഴ്‌ത്തിയിടുന്നു. വിഷമുണ്ടെന്ന് കരുതപ്പെടുന്ന ഈ ഇനം മറ്റൊരു വിഭാഗവും ഉപയോഗിക്കാറില്ല.[7]
സ്വീകൃതമായ സ്പീഷിസുകൾ 613 എണ്ണമാണ്, കൂടാതെ ഉപസ്പീഷിസുകളും, വേരിയന്റുകളും