ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയം
![]() രണ്ടാംലോകമഹായുദ്ധകാലത്തെ ജർമൻ നിയന്ത്രിത യൂറോപ്പിലെ ഏറ്റവും വലിയ നാസി തടങ്കൽപാളയമായിരുന്നു ഓഷ്‌വിറ്റ്സ്. തെക്കൻ പോളണ്ടിൽ സ്ഥിതി ചെയ്യുന്ന ഈ പാളയത്തിനു പേര് ലഭിച്ചത് അടുത്തുള്ള ഓഷ്‌വിറ്റ്സ് പട്ടണത്തിൽ നിന്നാണ്. ഉന്മൂലനക്യാമ്പുായും പ്രവർത്തിച്ചിരുന്ന തെക്കൻ പോളണ്ടിലെ ക്രാക്കൊവ് പട്ടണത്തിൽ നിന്നും 50 കിലോമീറ്റർ ദൂരെയുള്ള ഈ തടങ്കൽപാളയം, യുദ്ധകാലത്ത് ഹിറ്റ്‌ലറുടെ സേനയായ എസ്.എസിന്റെ നിയന്ത്രണത്തിലായിരുന്നു. ഓഷ്വിസിമിലെ പ്രധാന ക്യാമ്പായ (സ്റ്റാംലാഗർ) ഓഷ്വിറ്റ്സ് I, ഓഷ്വിറ്റ്സ് II-ബിർകെനൗ (ഗ്യാസ് ചേമ്പറുകളുള്ള തടങ്കൽപാളയവും ഉന്മൂലനക്യാമ്പും), കെമിക്കൽ കമ്പനിയായ ഐജി ഫാർബന്റെ ലേബർ ക്യാമ്പായിരുന്ന ഓഷ്‌വിറ്റ്‌സ് III-മോണോവിറ്റ്‌സ് എന്നിവയായിരുന്നു ഓഷ്‌വിറ്റ്സിലെ പ്രധാനകാമ്പ്യുകൾ. പിന്നെ ഡസൻ കണക്കിന് സബ്ക്യാമ്പുകളും അതിൽ ഉൾപ്പെട്ടിരുന്നു.[1] യഹൂന്മാരെക്കുറിച്ചുള്ള പ്രശ്നത്തിനെക്കുറിച്ചുള്ള നാസികളുടെ അന്തിമപരിഹാരത്തിന്റെ പ്രധാന സ്ഥലമായി ഈ ക്യാമ്പുകൾ മാറി. 1939 സെപ്തംബറിൽ പോളണ്ടിനെ ആക്രമിച്ചുകൊണ്ട് ജർമ്മനി രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമിട്ടപ്പോൾ ഷുട്സ്റ്റാഫൽ (എസ്എസ്) സൈനിക ബാരക്കായിരുന്ന ഓഷ്വിറ്റ്സ് I-നെ യുദ്ധത്തടവുകാരുടെ ക്യാമ്പാക്കി മാറ്റി.[2] ഓഷ്വിറ്റ്സിലെ ആദ്യത്തെ രാഷ്ട്രീയത്തടവുകാർ പോളണ്ടുകാരായിരുന്നു. 1940 മെയ് മാസത്തിൽ, നാസി ജർമ്മനി ജർമ്മൻ കുറ്റവാളികളെ ക്യാമ്പിലേക്ക് ഉദ്യോഗസ്ഥരായി നിയമിച്ചു. ഇതോടെ ക്യാമ്പ് സാഡിസത്തിനു കുപ്രസിദ്ധി നേടി. നിസ്സാരകാരണങ്ങളുടെ പേരിൽ തടവുകാരെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. സോവിയറ്റ്, പോളിഷ് തടവുകാരുടെ മേലുള്ള ആദ്യത്തെ വിഷവാതകപ്രയോഗം നടന്നത് 1941 ആഗസ്‌റ്റിൽ ഓഷ്‌വിറ്റ്‌സ് I-ൽ വച്ചാണ്. ഓഷ്‌വിറ്റ്‌സ് മേധാവിയായിരുന്ന റുഡോൾഫ് ഹോസ് തന്റെ നിയന്ത്രണകാലഘട്ടത്തിൽ 30 ലക്ഷം പേരെ ഇവിടെ കൊല ചെയ്തുവെന്നു ന്യുറംബെർഗ് വിചാരണാവേളയിൽ മൊഴി നൽകിയിട്ടുണ്ട്.[3] സോവിയറ്റുകാർ നൽകിയ കണക്കനുസരിച്ച് ഇവിടത്തെ മൊത്തം മരണസംഖ്യ 40 ലക്ഷമാണ്. അതുകൊണ്ട്, ഓഷ്‌വ്വിറ്റ്‌സ്-ബിർകെനൗ സ്മാരക മ്യൂസിയത്തിൽ ആധികാരികമായി മുൻപ് രേഖപ്പെടുത്തിയത് 40 ലക്ഷം എന്നായിരുന്നു. പിന്നീട് 1990-ൽ മ്യൂസിയം കണക്കുകൾ പുനപരിശോധന ചെയ്യുകയും മരണസംഖ്യ 11 ലക്ഷമാക്കി മാറ്റുകയും ചെയ്തു. ആ കാലഘട്ടത്തിൽ യൂറോപ്പിൽ ഉണ്ടായിരുന്ന ജൂതന്മാരുടെ 90 ശതമാനത്തോളം ആണിത്. വിഷപ്പുകയേൽപ്പിക്കൽ, പട്ടിണിക്കിടൽ, നിർബന്ധിതജോലി, ചികിത്സ നിഷേധിക്കൽ, തൂക്കിക്കൊല്ലൽ, മെഡിക്കൽ പരീക്ഷണങ്ങൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് ഇത്രയും പേരെ കൊല ചെയ്തത്. കാംപുകൾഓഷ്വിറ്റ്സ് 1![]() ഓഷ്വിറ്റ്സ് സമുച്ചയത്തിന്റെ അധികാരകേന്ദ്രമായിരുന്നു ഓഷ്‌വിറ്റ്‌സ് 1. പോളണ്ട് പട്ടാളബാരക്കുകളുടെ മാതൃകയിൽ ഉള്ള ഓഷ്‌വിറ്റ്സ് 1 തുടങ്ങിയത് 1940 മേയ് 20-നാണ്. ആദ്യതടവുകാരായ് ഇവിടെ എത്തപ്പെട്ടത് 728 പോളിഷ് രാഷ്ട്രീയതടവുകാരായിരുന്നു. ഇവരെക്കൂടാതെ സോവിയറ്റ് യുദ്ധതടവുകാരും സാധാരണ ജർമൻ കുറ്റവാളികളും ഇവിടെ തടവിലിടപ്പെട്ടിട്ടുണ്ട്. 1942-ൽ ഇവിടത്തെ അംഗസംഖ്യ 20000 കടന്നിരുന്നു. തടവുകാരെ നിയന്ത്രിക്കാനായി സാധാരണ ജർമ്മൻ കുറ്റവാളികളെ തിരഞ്ഞെടുത്തിരുന്നു. കാപ്പോ എന്നാണിവർ അറിയപ്പെട്ടിരുന്നത്. തടവുകാരെ തിരിച്ചറിയാനായി വസ്‌ത്രങ്ങളിൽ പ്രത്യേക അടയാളങ്ങൾ സൃഷ്ടിച്ചിരുന്നു. ക്യാമ്പിനോടനുബന്ധിച്ചുള്ള ആയുധശാലയിൽ എല്ലാവരെയും നിർബന്ധിതമായി തൊഴിലെടുപ്പിച്ചിരുന്നു. കഠിനമായ ജോലിയും, ഭക്ഷണമില്ലായ്മയും വൃത്തിഹീനമായ ചുറ്റുപാടുകളും ഇവിടത്തെ മരണനിരക്ക് കൂടാൻ കാരണമായി. നിയമം തെറ്റിക്കുന്നവരെ തടവറക്കുള്ളിലെ തടവറയായിരുന്ന ബ്ലോക്ക് 11-ൽ ആയിരുന്നു താമസിപ്പിച്ചത്. കഠിനമായ ശിക്ഷാരീതികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പകൽസമയങ്ങളിലെ നിർബന്ധിതജോലിക്ക് ശേഷം രാത്രിമുഴുവൻ 1.5 മീ. നീളവും വീതിയും ഉള്ള സെല്ലിനുള്ളിൽ നാലു പേരെ വീതം രാത്രി മുഴുവൻ നിർത്തുകയായിരുന്നു ഒരു രീതി. പട്ടിണിക്കിടുന്ന അറയ്ക്കുള്ളിൽ ആളുകളെ മരണം വരെ ഇടുകയായിരുന്നു മറ്റൊരു രീതി. സ്റ്റാർവേഷൻ സെൽ എന്നറിയപ്പെടുന്ന ബേസ്മെന്റിലുള്ള ഈ അറയ്ക്കു ചേർന്നാണു ഇരുട്ടറകളുണ്ടായിരുന്നത്. ഇതിനു വളരെ ചെറിയ ഒരു ജാലകം മാത്രമാണുള്ളത്. തടവുപുള്ളികളെ ശ്വാസം മുട്ടിച്ച് കൊല്ലാനായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്. ഇതിനുള്ളിലെ ഓക്സിജൻ അളവ് പെട്ടെന്നു കുറക്കാൻ വേണ്ടി മെഴുകുതിരികൾ കത്തിച്ചുവെയ്ക്കുന്ന പതിവും ഉണ്ടായിരുന്നു. തടവുകാരുടെ ചുമലെല്ലുകൾ തെറ്റുന്ന വിധത്തിൽ കൈകൾ പിന്നിൽ കെട്ടി ദിവസങ്ങളോളം തൂക്കിയിടുമായിരുന്നു. ബ്ലോക്ക് 10-നും 11-നും ഇടയ്ക്കായിരുന്നു എക്സിക്യൂഷൻ യാർഡ്. ചുമരിനോട് ചേർത്ത് നിർത്തി വെടിവെച്ച് കൊല്ലുന്നതും തൂക്കിക്കൊല്ലുന്നതും ആയിരുന്നു ഇവിടത്തെ രീതി. വിഷവാതകോപയോഗം ആദ്യമായി നടത്തിയത് 1941 സെപ്റ്റംബർ മാസം ബ്ലോക്ക് 11-ൽ വച്ചായിരുന്നു. 850-ഓളം പോളണ്ടുകാരും സോവിയറ്റുകാരും ആയിരുന്നു ഇവിടത്തെ ആദ്യ ഇരകൾ. സൈക്ലോൺ ബി എന്നറിയപ്പെടുന്ന സൈനൈഡ് മിശ്രിതം ആയിരുന്നു ഇതിനുപയോഗിച്ചത്. തുടർന്ന് 1941-42 വർഷങ്ങളിൽ ഇവിടെ 60000-ഓളം പേരെ വിഷപ്പുകയേൽപ്പിച്ച് കൊന്നു. കുറച്ചുകാലത്തേക്ക് ഇതൊരു ബോംബ് ഷെൽറ്റർ ആയി എസ്.എസ്. ഉപയോഗിച്ചിരുന്നു. ഇവിടെ സ്‌ത്രീതടവുകാരെ അതികഠിനമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഗൈനക്കോളജിസ്റ്റുകൾ സ്റ്ററിലൈസേഷൻ പരീക്ഷണങ്ങൾ ജൂതസ്‌ത്രീകളിൽ നടത്തിയിരുന്നു. വിവിധ രാസകങ്ങൾ ഗർഭപാത്രത്തിലുണ്ടാക്കുന്ന മാറ്റങ്ങളെപറ്റിയുള്ള പഠനങ്ങളായിരുന്നു മിക്കതും. ക്രൂരമായ ഈ പഠനങ്ങൾ മിക്കവരുടേയും അന്ത്യത്തിനു വഴിയൊരുക്കി. ഓഷ്‌വിറ്റ്‌സ് 2 (ബിർകെനൗ)![]() ഓഷ്വിറ്റ്സ് 1-ലെ തിരക്ക് കുറയ്ക്കാനായി രണ്ടാം ക്യാമ്പ് നിർമ്മാണം 1941 ഒക്ടോബർ മാസം തുടങ്ങി. പലവിധമുള്ള തടവുകാരെ പാർപ്പിക്കാനുള്ള മാതൃകയിലായിരുന്നു ഇതിന്റെ നിർമ്മണം. എസ്.എസിന്റെ മേധാവി ആയിരുന്ന എച്ച്.എച്ച്. ഹിംലെറുടെ ജൂതവംശനശീകരണപരിപാടിയ്ക്കായി ഒരു എക്സ്‌ടെർമിനേഷൻ കാംപും ഇതിന്റെ കൂടെ ഉണ്ടായിരുന്നു. ഓഷ്‌വിറ്റ്സ് ഒന്നിനേക്കാളും വലുതായിരുന്നു ഓഷ്‌വിറ്റ്സ് രണ്ട്. 10 ലക്ഷം പേരോളം ഇവിടെ വിഷവാതകത്താൽ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും ജൂതരും ശേഷിച്ചവർ പോളണ്ടുകാരും ജിപ്സികളും യഹോവയുടെ സാക്ഷികളും ആയിരുന്നു. ബിർകെനൗവിൽ വിഷവാതകഷവറുകളുള്ള നാലു ഗ്യാസ് ചേംബറുകളും നാലു ക്രിമറ്റോറിയങ്ങളും ഉണ്ടായിരുന്നു. ജർമ്മൻ അധിനിവേശയൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസേനെയെന്നോണം തടവുകാരെ റെയിൽ വഴി ഇവിടെ എത്തിച്ചിരുന്നു. ഇവരെ നാലു ഗ്രൂപ്പുകളായി വേർതിരിച്ചിരുന്നു.
തടവുകാരിൽനിന്നുതന്നെയാണു ക്യാമ്പ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്. ഇവരെ രണ്ടായി തരംതിരിച്ചിരുന്നു. കാപ്പോകളും സോണ്ടർകമാണ്ടോകളും. ഇവരെ നിരീക്ഷിക്കാനായി എസ്.എസുകാരുമുണ്ടായിരുന്നു. ഏകദേശം 6000-ത്തിനടുത്ത് എസ്.എസുകാർ ഓഷ്‌വിറ്റ്‌സിൽ ഉണ്ടായിരുന്നു. ബാരക്കുകളിലെ ആളുകളെ നിയന്ത്രിച്ചിരുന്നത് കാപ്പോകളായിരുന്നു. ഗാസ് ചേംബറിലേക്കുള്ളവരെ ഒരുക്കുകയും, മരണശേഷം ഗാസ് ചേംബറിലുള്ള മൃതദേഹങ്ങളെ ക്രെമറ്റോറിയത്തിലേക്ക് മാറ്റുന്ന ജോലിയുമായിരുന്നു സോണ്ടർകമാണ്ടോകളുടേത്. നാസികളുടെ കൊലപാതകരീതിയെല്ലാം അറിയുന്ന ഈ രണ്ടു ഗ്രൂപ്പുകാരേയും പതിവായി കൊലപ്പെടുത്തുമായിരുന്നു. വിവരങ്ങൾ പുറംലോകമറിയാതിരിക്കാനാണു ഇങ്ങനെ ചെയ്തിരുന്നത്. പുതുതായി വരുന്ന സോണ്ടർകമാണ്ടോകളുടെ ആദ്യജോലി പഴയവരുടെ മൃതദേഹങ്ങൾ നീക്കം ചെയ്യലായിരുന്നു. 1943-ഓടെ നിരവധി ഗ്രൂപ്പുകൾ ഇവിടെ രൂപപ്പെടുകയും ഇത്തരം ഗ്രൂപ്പുകളുടെ സഹായത്താൽ കുറച്ചുപേർ രക്ഷപ്പെടുകയും ചെയ്തു. കാംപുകളിൽ നടക്കുന്ന കൂട്ടക്കൊലയെപ്പറ്റി പുറംലോകമറിയുന്നത് ഇവരിലൂടെയാണ്. രക്ഷപ്പെടുന്ന തടവുകാരുടെ ബ്ലോക്കുകളിൽ നിന്നും തിരഞ്ഞെടുത്ത കുറച്ചുപേരെ കൊല്ലുന്നതും സാധാരണമായിരുന്നു. ഓഷ്വിറ്റ്സ് 3 മോണോവിറ്റ്സ്മോണോവൈസ് എന്ന പോളണ്ട് ഗ്രാമത്തിന്റെ പേരാണു ഓഷ്‌വിറ്റ്‌സ് 3 കാംപിന്റെ പേരിനാധാരം. അനുബന്ധവ്യവസായശാലകളിലെ നിർബന്ധിതതൊഴിലാളികളെ ആയിരുന്നു ഈ കാംപിൽ താമസിപ്പിച്ചിരുന്നത്. ഓഷ്‌വിറ്റ്‌സ് 2-ലെ ഡോക്ട്‌ർമാർ ഇവിടെ സ്ഥിരമായി സന്ദർശിച്ച് രോഗികളേയും ശാരീരികമായി തളർന്നവരേയും മാറ്റുകയും പിന്നീട് ഓഷ്‌വിറ്റ്‌സ് 2-ലെ ഗ്യാസ് ചേംബറിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. സഖ്യകക്ഷികൾക്ക് ഈ ക്യാമ്പുകളെപ്പറ്റിയെല്ലാം വളരെകുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഓഷ്‌വ്വിറ്റ്‌സിൽനിന്നും രക്ഷപ്പെട്ടവർ നൽകിയ വിവരങ്ങൾ ആദ്യകാലഘട്ടങ്ങളിൽ ആരും കണക്കിലെടുത്തിരുന്നില്ല. ബ്രിട്ടീഷ് കൊളംബിയൻ യൂനിവേർസിറ്റി പ്രൊഫസ്സർ ആയിരുന്ന റുഡോൾഫ് വെർബയുടെയും സ്ലൊവാക്യൻ ജൂതനായിരുന്ന ആൽഫ്രെഡ് വെസ്ലറുടെയും രക്ഷപ്പെടലിനു ശേഷമാണു പുറംലോകം കൂട്ടക്കൊലകളെപറ്റി ബോധവാന്മാരായത്. പടിഞ്ഞാറൻ ലോകം ആധികാരികമായി സ്വീകരിച്ചത് ഇവർ രണ്ടുപേരും ചേർന്ന് എഴുതിയ വെർബ-വെസ്ലർ റിപ്പോർട്ട് എന്ന് പിന്നീടറിയപ്പെട്ട 32 പേജുകളോളം വരുന്ന രേഖകളായിരുന്നു. ബിർകെനൗ കലാപം1944 ഒക്ടോബർ 7ന് സോണ്ടർകമാൻഡോകളുടെ നേതൃത്ത്വത്തിൽ ബിർകെനൗവിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. പണിയായുധങ്ങളും കാംപിനുള്ളിൽതന്നെ നിർമ്മിച്ച ഗ്രനേഡുകളുമായി ഇവർ നാസി സൈനികരെ ആക്രമിച്ചു. സ്‌ത്രീതടവുകാർ ആയുധനിർമ്മണശാലയിൽനിന്നും കടത്തിക്കൊണ്ടുവന്ന സ്ഫോടകശേഖരമുപയോഗിച്ച് ഇവർ ക്രിമറ്റോറിയം നശിപ്പിച്ചു. നൂറുകണക്കിന്‌പേർ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കലാപം അടിച്ചമർത്തപ്പെടുകയും എല്ലാവരും വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. തടവുചാടൽ ശ്രമങ്ങൾ![]() 1941-44 കാലഘട്ടത്തിൽ ഏതാണ്ട് 700-ഓളം തടവുചാടൽശ്രമങ്ങൾ ഇവിടെ നടന്നു. ഇതിൽ 300-ഓളം പേർ രക്ഷപ്പെടുകയും ശേഷിച്ചവർ വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. തടവുചാടാൻ ശ്രമിച്ചവർക്കുള്ള ശിക്ഷ പട്ടിണിക്കിട്ട് കൊലപ്പെടുത്തലായിരുന്നു. വിജയകരമായി രക്ഷപ്പെട്ടവരുടെ ബന്ധുക്കളെ പരസ്യമായി ശിക്ഷിക്കാറുണ്ടായിരുന്നു. രക്ഷപ്പെട്ടവരുടെ ബ്ലോക്കിലുള്ള ഏതാനും പേരെ തിരഞ്ഞെടുത്ത് പരസ്യമായി കൊലപ്പെടുത്താറുണ്ടായിരുന്നു. തുടർന്നുള്ള ശ്രമങ്ങൾ നിരുത്സാഹപ്പെടുത്താനായിരുന്നത്രെ ഇത്. തടവുകാരെയെല്ലാം മൃഗതുല്യരായി കണക്കാക്കിയിരുന്ന നാസികൾ തടവുകാരുടെ അതിജീവനകാംക്ഷയെ അങ്ങേയറ്റം കുറ്റകരമായി കണക്കാക്കിയിരുന്നു. 1943-ൽ കൂട്ടായ്മകൾ രൂപവത്കരിച്ച് കാംപിനെപ്പറ്റിയുള്ള വിവരങ്ങൾ പുറംലോകത്തെയറിയിക്കാൻ വേണ്ട ശ്രമങ്ങൾ തുടങ്ങി. വിവരങ്ങളടങ്ങിയ തുണ്ടുകൾ കാംപിന്റെ വിവിധ ഭാഗങ്ങളിൽ കുഴിച്ചുമൂടുകയും ഗ്യാസ് ചേംബറിന്റേയും ക്രിമറ്റോറിയത്തിന്റേയും ഫോട്ടോകൾ പുറംലോകത്ത് കടത്തുകയും ചെയ്തിരുന്നു. 1944 നവംബർ മാസം നാസികൾ ഗാസ് ചേംബറുകൾ ബോംബിട്ട് തകർത്തു. മുന്നേറിക്കൊണ്ടിരിക്കുന്ന സോവിയറ്റ് സേനയിൽനിന്നും വിവരങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമായിരുന്നു ഇത്. 1945 ജനുവരി 17ന് ജർമൻ സേന ഔഷ്‌വിറ്റ്‌സിൽനിന്നും പിൻവാങ്ങിത്തുടങ്ങി. 60000-ഓളം വരുന്ന തടവുപുള്ളികളെ 35 മൈൽ അകലെയുള്ള പട്ടണത്തിലേക്ക് മാർച്ച് ചെയ്യിക്കുകയും പിന്നീട് റെയിൽ വഴി മറ്റു കാംപുകളിലേക്ക് മാറ്റുകയും ചെയ്തു. 15000-ഓളം പേരാണ് ഇതിനിടെ കൊല്ലപ്പെട്ടത്. അതേവർഷം ജനുവരി 27ന് സോവിയറ്റ് ചെമ്പടയുടെ 32-മത് റൈഫ്‌ൾ ഡിവിഷൻ ഇവിടെ എത്തിച്ചേരുകയും ശേഷിച്ച 7500 പേരെ സ്വതന്ത്രരാക്കുകയും ചെയ്തു. ഓഷ്വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പ് ചിത്രശാല![]() ![]() ![]() അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
![]() വിക്കിചൊല്ലുകളിലെ ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്: Auschwitz concentration camp എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia