ഒമർ അബ്ദുള്ള
2024 ഒക്ടോബർ 16 മുതൽ കേന്ദ്രഭരണ പ്രദേശമായ (union territory) ജമ്മു & കാശ്മീരിൻ്റെ ആദ്യ മുഖ്യമന്ത്രിയായി തുടരുന്ന ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടിയുടെ മുതിർന്ന നേതാവാണ് ഒമർ അബ്ദുള്ള (10 മാർച്ച് 1970) ആദ്യ തവണ 2008 മുതൽ 2014 വരെ ജമ്മു & കാശ്മീർ സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായിരുന്നു. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും ലോക്സഭാംഗവുമായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ മകനാണ്. [1][2][3][4]. ജീവിതരേഖ1970 മാർച്ച് 10 ന് യു.കെ.യിലെ എസെക്സിലെ റോച്ച്ഫോർഡിലാൺ ഒമർ അബ്ദുല്ല ജനിച്ചു. ഷെയ്ഖ് അബ്ദുല്ലയുടെ ചെറുമകനും ഒരു ഡോക്ടറായ ഫാറൂഖ് അബ്ദുല്ലയുടെ ഏക പുത്രനുമാണ്. മൂന്ന് പേരും ജമ്മു കശ്മീർ മുഖ്യമന്ത്രി പദം വഹിച്ചിട്ടുണ്ട്.[5] അദ്ദേഹം രാഷ്ട്രീയത്തിൽ ചേരുന്നതിന് അനുകൂലമായിരുന്നില്ലെന്ന് ഇംഗ്ലീഷ് വംശജയും നഴ്‌സുമായ മാതാവ് മോളി പറഞ്ഞിരുന്നു.[6] ശ്രീനഗറിലെ സോൻവർ ബാഗിലുള്ള ബേൺ ഹാൾ സ്കൂളിലും തുടർന്ന് സനാവറിലെ ലോറൻസ് സ്കൂളിലും വിദ്യാഭ്യാസം ചെയ്തു.[7] സിഡൻഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്‌സിൽനിന്നുള്ള ബി.കോം ബിരുദധാരിയാണ്.[8] രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് 29 വയസ്സ് വരെ ഐടിസി ലിമിറ്റഡ്, ദി ഒബറോയ് ഗ്രൂപ്പ് എന്നിവയിൽ ജോലി ചെയ്തിരുന്നു.[9][10] റിട്ടയേർഡ് ആർമി ഓഫീസർ മേജർ ജനറൽ രാം നാഥിന്റെ മകളും ദില്ലി സ്വദേശിനിയായ പായൽ നാഥിനെ വിവാഹം കഴിച്ചു.[11][12][13][14] 2011 സെപ്റ്റംബറിൽ താനും ഭാര്യയും വേർപിരിഞ്ഞതായി ഒമർ സ്ഥിരീകരിച്ചു. ഇളയ സഹോദരി സാറാ പൈലറ്റ് രാജേഷ് പൈലറ്റിന്റെ മകൻ സച്ചിൻ പൈലറ്റിനെ വിവാഹം കഴിച്ചു. അന്താരാഷ്ട്ര ഭീകരതയെ അടിസ്ഥാനമാക്കി സംവിധായകൻ അപൂർവ ലഖിയയുടെ മിഷൻ ഇസ്താംബുൾ (2008) എന്ന സിനിമയിൽ അദ്ദേഹത്തിന് ഒരു വേഷം ഉണ്ടായിരുന്നു.[15][16] രാഷ്ട്രീയ ജീവിതം1998-ൽ ശ്രീനഗർ മണ്ഡലത്തിൽ നിന്നും ലോക്സഭമായതോടെയാണ് ഒമറിൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1999-ലും 2004-ലും ശ്രീനഗറിൽ നിന്ന് വീണ്ടും ലോക്സഭയിലെത്തിയ ഒമർ 2001 മുതൽ 2002 വരെ കേന്ദ്ര വിദേശകാര്യ വകുപ്പിൻ്റെ സംസ്ഥാന ചുമതലയുള്ള സഹ മന്ത്രിയായിരുന്നു. 2002-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗന്ധർബൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗന്ധർബൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു. നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യം 2008-ലെ നിയമസഭയിൽ ഭൂരിപക്ഷം നേടിയതിനെ തുടർന്ന് ആദ്യമായി ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി. 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബീർവ മണ്ഡലത്തിൽ നിന്ന് ജയിച്ച ഒമർ 2014 മുതൽ 2018 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2018-ൽ ബിജെപി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭരണത്തിൻ കീഴിലായ ജമ്മു കാശ്മീർ നിയമസഭയുടെ ആർട്ടിക്കിൾ 370 ആം വകുപ്പ് 2019 ഓഗസ്റ്റ് 5ന് കേന്ദ്ര സർക്കാർ റദ്ദാക്കി. തുടർന്ന് ജമ്മു കാശ്മീർ , ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറി. സംസ്ഥാന പദവി 2019 മുതൽ നിലവിൽ ഇല്ല. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബാരാമുള്ളയിൽ നിന്ന് മത്സരിച്ചെങ്കിലും വിഘടന വാദി നേതാവ് എൻജിനീയർ റഷീദിനോട് പരാജയപ്പെട്ടു. 2024-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗന്ധർബൽ, ബഡ്ഗാം മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച ഒമർ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യത്തിന് നിയമസഭയിൽ ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് നിയമസഭാ കക്ഷി നേതാവായി ഒമർ അബ്ദുള്ളയെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയായതിനെ തുടർന്ന് ഗന്ധർബൽ സീറ്റ് നിലനിർത്തി ബഡ്ഗാം സീറ്റ് രാജിവച്ചു. ജമ്മു & കാശ്മീർ നിയമസഭ തിരഞ്ഞെടുപ്പ് 2024 90 അംഗ നിയമസഭ 5 പേരെ ഗവർണർ നോമിനേറ്റ് ചെയ്യുന്നു അംഗബലം : 95
അവലംബം
|
Portal di Ensiklopedia Dunia