മലയാളത്തിലെ പ്രമുഖ ചലച്ചിത്രനിരൂപകനും എഴുത്തുകാരനുമാണ് ഐ. ഷണ്മുഖദാസ്.
ജീവിതരേഖ
ഒറ്റപ്പാലത്ത് ജനനം. ഇപ്പോൾ തൃശൂരിൽ സ്ഥിരതാമസം. ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബോംബെയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കേരള സർക്കാർ സർവ്വീസിൽ വിവിധ കോളേജുകളിൽ ഇംഗ്ളീഷ് അധ്യാപകനായി ജോലി ചെയ്തു. തൃശൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ നിന്ന് അധ്യാപകനായി വിരമിച്ചു. വിദ്യാർത്ഥിജീവിതകാലം മുതൽ തന്നെ ഫിലിം സൊസൈറ്റി അംഗമാകുകയും പിന്നീട് ഫിലിം സൊസൈറ്റി പ്രവർത്തങ്ങളുടെ ഭാഗമാകുകയും ചെയ്തു. എഴുപതുകളുടെ അവസാനം മുതൽ ചലച്ചിത്രസംബന്ധിയായ ലേഖനങ്ങൾ എഴുതുവാൻ തുടങ്ങി. ദൃശ്യകലാപഠനത്തിന് മുൻതൂക്കം നൽകിയ ദൃശ്യകല, ദർശി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.