ഐതിഹ്യമാല
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന പല ഐതിഹ്യങ്ങൾ സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യവിദ്യാർത്ഥികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒന്നു പോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്. [1] ഐതിഹ്യമാലയെക്കുറിച്ച് അതിന്റെ അവതാരികയിൽ മലയാളത്തിലെ കഥാസരിത്‌സാഗരം എന്നാണ് അമ്പലപ്പുഴ രാമവർമ്മ വിശേഷിപ്പിച്ചത്. ഉള്ളടക്കംഅക്കാലത്തെ മലയാളത്തിൽ ചരിത്രവും പുരാണവും ചൊൽക്കേൾവിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൗതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. എന്നിരുന്നാലും വെറും സങ്കല്പകഥകൾക്കപ്പുറം ഐതിഹ്യമാലയിൽ ചരിത്രം, വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. പൊതുവേ ചരിത്രരചനാശീലമില്ലായിരുന്ന കേരളീയസമൂഹത്തിൽ ഈ ഗ്രന്ഥം ഇപ്പോഴും ചരിത്രവിദ്യാർത്ഥികൾക്ക് തള്ളിക്കളയാനാവാത്ത ഒരു അവലംബ ഉപാധിയാണു്. എന്നാൽ ഇതിലെ കെട്ടുകഥകൾ പലതും ചരിത്രമോ ശാസ്ത്രമോ ആയി ബന്ധമില്ലാത്തതാണെങ്കിലും പലരും ഈ കഥകളെ തെറ്റായ അവലംബങ്ങൾ ആയി മറ്റിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയൽ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാർക്കിടയിലേക്കു കൊണ്ടുവരാൻ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്. പിൽക്കാലത്ത് മലയാളത്തിൽ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കിൽ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ ‘പന്തിരു‘നായകന്മാരും കേരളത്തിൽ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെത്തന്നെയാണ് ‘കടമറ്റത്തു കത്തനാർ‘, ‘കായംകുളം കൊച്ചുണ്ണി‘, ‘കുളപ്പുറത്തു ഭീമൻ’, എന്നീ വീരനായകന്മാരും ‘പാഴൂർ പടിപ്പുര’, ‘കല്ലൂർ മന’, ‘പാണ്ടൻപുറത്തെ ഉപ്പുമാങ്ങ’ തുടങ്ങിയ സ്ഥല,സാമഗ്രികളും പ്രാദേശികഭേദമന്യേ മലയാളികൾക്ക് പരിചിതമായി തീർന്നത്.
ഐതിഹ്യമാലയുടെ പ്രസാധനചരിത്രംമലയാളമനോരമ, ഭാഷാപോഷിണി തുടങ്ങിയ പത്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ടത്തിൽ വറുഗീസുമാപ്പിളയും കൊട്ടാരത്തിൽ ശങ്കുണ്ണിയും സുഹൃത്തുക്കളോടൊപ്പം എന്നും വൈകീട്ട് മനോരമ ആപ്പീസിൽ ഒത്തുകൂടാറുണ്ടായിരുന്നു. ആ അവസരങ്ങളിൽ, നേരമ്പോക്കുകൾ പറയുന്നതിനിടയിൽ ശങ്കുണ്ണി ധാരാളം ഐതിഹ്യങ്ങളും പറഞ്ഞുകേട്ട ചരിത്രകഥകളും ഉദ്ധരിക്കാറുമുണ്ടായിരുന്നു. ക്രമേണ ശങ്കുണ്ണിയുടെ കഥാകഥനം ഈ സദസ്സുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായിത്തീർന്നു. അങ്ങനെയിരിക്കുമ്പോൾ ഒരു നാൾ വറുഗീസു മാപ്പിള ശങ്കുണ്ണിയോട് ഇക്കഥകളെല്ലാം ഉപന്യാസങ്ങളായി എഴുതി മനോരമയിലും ഭാഷാപോഷിണിയിലും പ്രസിദ്ധീകരിക്കാവുന്നതാണല്ലോ എന്നു നിർദ്ദേശിച്ചു. അതനുസരിച്ച് ശങ്കുണ്ണി അത്തരം ഐതിഹ്യോപന്യാസങ്ങൾ എഴുതിത്തയ്യാറാക്കാനും തുടങ്ങി. ഭാഷാപോഷിണി ത്രൈമാസികത്തിന്റെ കൊ.വ.1073 കുംഭം-മീനം-മേടം (ക്രി.വ. 1898) പതിപ്പിൽ ഐതിഹ്യമാലയിലെ ആദ്യലേഖനമായ ‘പറയി പെറ്റ പന്തിരുകുലം’ അച്ചടിച്ചുവന്നു. തുടർന്ന് ശങ്കുണ്ണി എഴുതിയ ഉപന്യാസങ്ങളെല്ലാം തന്നെ വായനക്കാർക്ക് അത്യന്തം ആസ്വാദ്യജനകമായി മാറി. ആനുകാലികങ്ങളിലേക്ക് വേണ്ടി തയ്യാറാക്കുമ്പോൾ ഇത്തരം കഥകളുടെ പുഷ്ടി മുഴുവനും ആ ലേഖനങ്ങളിൽ സന്നിവേശിപ്പിക്കുവാൻ കഴിയുന്നില്ലെന്ന് വറുഗീസു മാപ്പിള സങ്കടപ്പെട്ടു. ഇവയെല്ലാം അല്പം കൂടി വിപുലീകരിച്ച് എഴുതുകയും പിന്നീട് എല്ലാം ചേർത്ത് ഒരു പുസ്തകമായി ഇറക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം ശങ്കുണ്ണിയോട് നിർദ്ദേശിച്ചു. അതനുസരിച്ച് പിന്നീടുള്ള ഉപന്യാസങ്ങൾ ശങ്കുണ്ണി കൂടുതൽ ഗൗരവത്തോടെ എഴുതുവാനും ശേഖരിച്ചുവെക്കാനും തുടങ്ങി. എന്നിരുന്നാലും വറുഗീസ് മാപ്പിളയുടെ ആകസ്മികമായ മരണത്തിനു ശേഷം, ഒട്ടൊക്കെ നൈരാശ്യത്തോടെ, അദ്ദേഹം ഐതിഹ്യമാലയുടെ രചന നിർത്തിവെച്ചു. കൊ.വ.1084 മകരമാസത്തിൽ (ക്രി.വ.1909 ജനുവരി-ഫെബ്രുവരി) ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ മാനേജരായിരുന്ന വെള്ളായ്ക്കൽ നാരായണമേനോൻ അദ്ദേഹം തയ്യാറാക്കുന്ന ‘ലക്ഷ്മീഭായി ഗ്രന്ഥാവലി’യിലേക്ക് ഐതിഹ്യമാല ഒരു പുസ്തകമായി ചേർക്കുവാൻ ശങ്കുണ്ണിയോട് സമ്മതം ചോദിച്ചു. ശങ്കുണ്ണി സസന്തോഷം അതു സമ്മതിക്കുകയും അതുവരെ തയ്യാറാക്കിയിട്ടുണ്ടായിരുന്ന 21 കഥകളും അയച്ചുകൊടുക്കുകയും ചെയ്തു. (21-ാമത്തെ ‘കിടങ്ങൂർ കണ്ടങ്കോരൻ’ എന്ന ആനക്കഥ മാത്രം ‘വിദ്യാവിനോദിനി’ എന്ന മാസികയിൽ 1074 തുലാമാസത്തിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്.) ഏറെ താമസിയാതെ ‘ലക്ഷ്മീഭായി’ മാസിക അടച്ചുപൂട്ടുകയും തൃശ്ശൂരിലെ മംഗളോദയം അച്ചുകൂടം കമ്പനി ഐതിഹ്യമാലയുടെ തുടർന്നുള്ള പ്രകാശനം ഏറ്റെടുക്കുകയും ചെയ്തു. 1973ൽ മംഗളോദയം മൃതപ്രായമാവുന്നതുവരേയ്ക്കും അവരായിരുന്നു ഐതിഹ്യമാലയുടെ പ്രസാധകർ. പ്രസിദ്ധീകരണ ചരിത്രംമൊത്തം എട്ടുഭാഗങ്ങളിലായി പൂർത്തീകരിച്ച ഈ മഹത്സമ്പാദനം 1974 മുതൽ ‘കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി’ ഏറ്റെടുത്ത് രണ്ടു ഭാഗങ്ങളാക്കി പുനപ്രസിദ്ധീകരിച്ചു. വിതരണം നാഷണൽ ബുക്സ് ആയിരുന്നു. 1978 മുതൽ സമിതിക്കുവേണ്ടി ‘കറന്റ് ബുക്സ്‘ സമ്പൂർണ്ണ ഐതിഹ്യമാല ഒറ്റ ഭാഗമായി പ്രസിദ്ധീകരണം തുടർന്നു. 1974 മുതലുള്ള കണക്കു് അനുസരിച്ച് മാത്രം ഐതിഹ്യമാലയുടെ രണ്ടുലക്ഷത്തിലധികം കോപ്പികൾ അച്ചടിച്ചിറങ്ങിയിട്ടുണ്ട്. മലയാളപുസ്തകങ്ങളിൽ ഇത്രയും പതിപ്പുകളിലൂടെ ഏറ്റവും കൂടുതൽ പ്രതികളിറങ്ങിയിട്ടുള്ള ചുരുക്കം പുസ്തകങ്ങളേ ഉള്ളൂ.
ഗ്രന്ഥം 1
ഗ്രന്ഥം 2
ഗ്രന്ഥം 3
ഗ്രന്ഥം 4
ഗ്രന്ഥം 5
ഗ്രന്ഥം 6
ഗ്രന്ഥം 7
ഗ്രന്ഥം 8
1974 നു ശേഷമുള്ള പ്രസിദ്ധീകരണ ചരിത്രം
"ഐതിഹ്യമാല, ദ ഗ്രേറ്റ് ലജൻഡ്സ് ഓഫ് കേരള (Aithihyamala, the great legends of Kerala)" എന്ന പേരിൽ മാതൃഭൂമി ബുക്സ് ഐതിഹ്യമാലയുടെ ഒരു ഇംഗ്ലീഷ് വിവർത്തനം, 2010 ഏപ്രിൽ മാസത്തിൽ പ്രകാശനം ചെയ്തു. രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം, ശ്രീകുമാരി രാമചന്ദ്രനാണ് വിവർത്തനം ചെയ്തിരിക്കുന്നത്.[2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല എന്ന താളിലുണ്ട്.
കുറിപ്പുകൾ |
Portal di Ensiklopedia Dunia