എസ്. രമേശൻ നായർ
മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്നു എസ്. രമേശൻ നായർ, (ജീവിതകാലം: 1948 മെയ് 3 - 2021 ജൂൺ 18). ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്[1], അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും[2] നാടക ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, വെണ്ണിക്കുളം സ്മാരക പുരസ്കാരവും[3] ആശാൻ പുരസ്കാരവും,ഇടശ്ശേരി അവാർഡ്, വെൺമണി അവാർഡ്, പൂന്താനം അവാർഡ്,തുടങ്ങി നിരവധി ബഹുമതികൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്[4][5]. 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഗുരുപൗർണ്ണമി എന്ന കാവ്യസമാഹാരത്തിനു ലഭിച്ചു. [6] 1948 മേയ് 3-ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ചു. പരേതരായ ഷഡാനനൻ തമ്പിയും പാർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. 1985-ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്രഗാനരംഗത്ത് രമേശൻ നായർ പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാനപ്രസിഡണ്ടായിരുന്നു ഇദ്ദേഹം. തൃശ്ശൂർ വിവേകോദയം സ്കൂൾ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്. പരേതയായ ഡോ. ഉമയാണ് (2021 മാർച്ച് 18-ന് അന്തരിച്ചു) മരുമകൾ. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ 2021 ജൂൺ 18-ന് എറണാകുളത്തെ ലക്ഷ്മി ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[7] 73 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. അർബുദസംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പച്ചാളം വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia