എന്റമ്മേടെ ജിമിക്കി കമ്മൽ
2017-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ഒരു ഗാനമാണ് എന്റമ്മേടെ ജിമിക്കി കമ്മൽ.[1] ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ, രഞ്ജിത്ത് ഉണ്ണി എന്നിവർ ചേർന്നാണ്.[2] മലയാള കവി അനിൽ പനച്ചൂരാനാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. ചില നാടൻ പാട്ടുകളിൽ നിന്നും ഈ ഗാനത്തിലെ വരികൾ കടമെടുത്തിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും യൂട്യൂബിൽ ആരാധകർ ഗാനത്തിന്റെ നൃത്താവിഷ്കാരം ചേർക്കുകയും ചെയ്തതോടെ ഈ ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.[3][4][5][6] ജിമിക്കി കമ്മൽ എന്ന പേരിലാണ് ഈ ഗാനം കൂടുതലായും അറിയപ്പെട്ടത്. മോഹൻലാൽ, അനൂപ് മേനോൻ, ശരത് കുമാർ, അന്ന രേഷ്മ രാജൻ എന്നിവരാണ് വെളിപാടിന്റെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാതാവ്. നിർമ്മാണംവെളിപാടിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലം, ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാൻ റഹ്മാന് ജിമിക്കി കമ്മലിന്റെ ആദ്യത്തെ നാല് വരികൾ നൽകുകയും അതിന് സമാനമായ ഗാനത്തിന് ഈണം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈണം നൽകിയതിനു ശേഷം ഗാനരചയിതാവ് അനിൽ പനച്ചൂരാനും ഷാൻ റഹ്മാനും ആദ്യ നാല് വരികൾ അതേപോലെ ഉപയോഗിക്കാൻ തീരുമാനിച്ചു. വെളിപാടിന്റെ പുസ്തകത്തിന്റെ സംവിധായകൻ ലാൽ ജോസ് ഈ നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. തുടർന്ന് അനിൽ പനച്ചൂരാൻ സമാനമായ വരികൾ ഗാനത്തോടൊപ്പം കൂട്ടിച്ചേർക്കുകയുണ്ടായി.[7] മലയാള ചലച്ചിത്ര നടനും സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. റിലീസും പ്രതികരണങ്ങളും2017 ഓഗസ്റ്റ് 17ന് വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിന്റെ ഒരു പ്രോമോ വീഡിയോയായാണ് ഈ ഗാനം പുറത്തിറക്കിയത്. തുടർന്ന് ഗാനം ഹിറ്റായി മാറുകയും ഗാനത്തിന്റെ പല നൃത്ത വീഡിയോകളും യൂട്യൂബ്, ഫെയ്‌സ്ബുക്ക് എന്നിവയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.[8] ഇവയിൽ പല നൃത്താവിഷ്കാരങ്ങളും വൈറലായി മാറി. കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സംഘം അവതതരിപ്പിച്ച നൃത്തത്തിന്റെ വീഡിയോയാണ് ഇത്തരത്തിൽ വളരെവേഗം പ്രശസ്തമായവയിലൊന്ന്.[9][10] ഈ നൃത്ത വീഡിയോയിലെ പ്രധാന നർത്തകരായിരുന്ന ഷെറിൽ ജി കടവൻ, അന്ന ജോർജ്ജ് എന്നിവരും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഷെറിൽ ജി. കടവന് പല ചലച്ചിത്രങ്ങളിലും അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്യപ്പെട്ടു.[11][12] പിന്നീട് അമേരിക്കൻ മാധ്യമ പ്രസിദ്ധീകരണ കമ്പനിയായ ന്യൂസ് കോർപ് ഈ ഗാനം അന്താരാഷ്ട്രമായി പ്രദർശിപ്പിക്കാനുള്ള അവകാശങ്ങൾ കരസ്ഥമാക്കുകയുണ്ടായി. [13] കൂടാതെ മുംബൈയിലെ ടീം നാച്ച് എന്ന നൃത്തസംഘത്തിലുള്ളവരുടെ നൃത്ത വീഡിയോയും ശ്രദ്ധിക്കപ്പെട്ടു. നിക്കോൾ, സൊനാൽ എന്നിവരായിരുന്നു ഈ നൃത്താവിഷ്കാരം അവതരിപ്പിച്ചത്. മലയാള ചലച്ചിത്ര അഭിനേതാവും നിർമ്മാതാവുമായ വിജയ് ബാബു, തന്റെ അടുത്ത ചലച്ചിത്രമായ ആട് 2-ൽ ഒരു ഗാനരംഗത്തിൽ സൊനാലും നിക്കോളും അഭിനയിക്കുമെന്ന് അറിയിച്ചിരുന്നു.[14] ഇത്തരത്തിൽ പ്രശസ്തമായ മറ്റൊരു വീഡിയോ ആദി എന്ന ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടേതായിരുന്നു. പ്രണവ് മോഹൻലാൽ, അനുശ്രീ, അദിതി രവി, ലിന്റ ജിത്തു എന്നിവരായിരുന്നു ഈ വീഡിയോയിൽ നൃത്തം ചെയ്തത്. [15] അമേരിക്കൻ ചലച്ചിത്ര നടനും ടെലിവിഷൻ അവതാരകനുമായ ജിമ്മി കിമ്മൽ താൻ ഈ ഗാനത്തെ വളരെയധികം സ്നേഹിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തിരുന്നു.[16] അവലംബം
|
Portal di Ensiklopedia Dunia