എട്ടാം ദലായ് ലാമ
ജാംഫെൽ ഗ്യാറ്റ്സോ (1758–1804) ടിബറ്റിലെ എട്ടാമത്തെ ദലായ് ലാമയായിരുന്നു. 1758-ൽ തെക്കുപടിഞ്ഞാറൻ ടിബറ്റിലെ ലാറി ഗാങ് (ടോബ്ർഗ്യാൽ ലാറി ഗാങ്) എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. സോനം ധാർഗ്യേ എന്നായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര്. ഫുൺട്സോക് വാങ്മോ എന്നായിരുന്നു അമ്മയുടെ പേര്. ഇവരുടെ രണ്ടാളിന്റെയും സ്വദേശം ഖാം ആയിരുന്നു.[1] ഗേസർ ഇതിഹാസത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പരമ്പരയിൽ പെട്ടവരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ.[2] പരമ്പരാഗത ചരിത്രംജാംഫെൽ ഗ്യാറ്റ്സോയുടെ അമ്മ ഗർഭിണിയായപ്പോൽ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ നല്ല വിളവ് ലഭിച്ചു. ഓരോ ബാർലിച്ചെടിയിലും മൂന്നോ നാലോ അഞ്ചോ കതിരുകളുണ്ടായത്രേ. ഇങ്ങനെയൊരു വിളവ് ഇതിനു മുൻപ് ടിബറ്റിൽ കാണപ്പെട്ടിട്ടില്ല. ജാംഫെലിന്റെ അമ്മ ഫുൺട്സോക് വാങ്മോയും ഒരു ബന്ധുവും ഉദ്യാനത്തിൽ രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു വലിയ മഴവില്ല് പ്രത്യക്ഷപ്പെടുകയും അതിന്റെ ഒരറ്റം അമ്മയുടെ തോളിൽ സ്പർശിക്കുകയും ചെയ്തു എന്നും വിശ്വാസമുണ്ട്. ഒരു വിശുദ്ധൻ ജനിക്കുമ്പോൾ ഇത് സംഭവിക്കുമത്രേ. ജനനശേഷം ഫയർ ബുൾ വർഷത്തിന്റെ ആറാം മാസം (1758), കുട്ടി ധ്യാനത്തിലെന്ന പോലെ ആകാശത്തേയ്ക്ക് നോക്കിയിരിക്കാൻ ശ്രമിക്കുമായിരുന്നു. ആറാമത്തെ പഞ്ചൻ ലാമയായ ലോബ്സാങ് പാൽഡൻ യേഷി ഈ ബാലനെക്കുറിച്ച് കേട്ടപ്പോൾ ഇദ്ദേഹം ഇതാണ് ദലായ് ലാമയുടെ പുനരവതാരം എന്ന് പ്രഖ്യാപിച്ചു. രണ്ടര വയസ്സ് പ്രായത്തിൽ ജാംഫെലിനെ ലാമമാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു വലിയ സംഘം ഷിഗാറ്റ്സെയിലെ തഷിൽഹുൺപോ സന്യാസാശ്രമത്തിലേയ്ക്ക് കൊണ്ടുപോയി. ഒരു മതപരമായ ചടങ്ങിലൂടെ ഇദ്ദേഹത്തെ പുനർജനിച്ച ദലായ് ലാമയായി വാഴിച്ചു.[2] ഇദ്ദേഹത്തെ ലാസയിലേയ്ക്ക് കൊണ്ടുപോയി ടിബറ്റൻ ജനതയുടെ നേതാവാക്കി പൊടാല കൊട്ടാരത്തിൽ വാഴിച്ചത് വാട്ടർ ഹോഴ്സ് വർഷത്തിന്റെ (1762) ഏഴാം മാസമാണ്. ബാലന് അഞ്ച് വയസ്സുള്ളപ്പോഴായിരുന്നു ഇത്. ഡെമോ ടുൽകു ജാംഫെൽ യേഷി എന്ന റീജന്റായിരുന്നു ഈ ചടങ്ങിന് നേതൃത്വം വഹിച്ചത്.[3] പൊടാലയിലെ ക്ഷേത്രത്തിൽ വച്ചാായിരുന്നു ഈ ചടങ്ങ് നടന്നത്.[1] ഇതെത്തുടർന്ന് ഇദ്ദേഹത്തിന് സന്യാസ ദീക്ഷയും ജാംഫെൽ ഗ്യാറ്റ്സോ എന്ന പേരും നൽകപ്പെട്ടു. ലോബ്സാങ് പാൽഡൺ യേഷിയായിരുന്നു ഈ ചടങ്ങ് നടത്തിയത്. പൂർണ്ണ സന്യാസ ദീക്ഷ ലഭിച്ചത് 1777-ലായിരുന്നു.[2] ഇദ്ദേഹം യോൻറ്റ്സിൻ യെഷേ ഗ്യാൽറ്റ്സണിന്റെ (കുഷോക് ബകുല റിമ്പോച്ചെ) ശിഷ്യനായിരുന്നു.[4] 1784 വരെ രാജ്യം റീജന്റ് ഭരണത്തിൻ കീഴിലായിരുന്നു. അതിനുശേഷം റീജന്റിനെ ചൈനയിലേയ്ക്ക് ഒരു അംബാസഡറായി അയയ്ക്കുകയും ദലായ് ലാമ 1790 വരെ ഒറ്റയ്ക്ക് ഭരണം നടത്തുകയും ചെയ്തു. 1790-ൽ റീജന്റ് ഭരണത്തിൽ സഹായിക്കാനായി തിരികെ വന്നു. 1788-ൽ നേപ്പാളി കമ്പിളി വ്യാപാരികളുമായി ഒരു പ്രശ്നമുണ്ടാകുകയും ഗൂർഖകളുമായി ചെറിയ യുദ്ധമുണ്ടാവുകയും ചെയ്തു. 1790-ൽ ഗൂർഖകൾ തെക്കൻ റ്റിബറ്റ് ആക്രമിക്കുകയും ന്യാനാങ്, ക്യിഡ്രോങ് മുതലായ പല പ്രവിശ്യകളും പിടിച്ചെടുക്കുകയും ചെയ്തു. ഷിഗാറ്റ്സെ പട്ടണവും തഷിൽഹുൺപോ സന്യാസാശ്രമവും ഗൂർഖകൾ പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ക്വിങ് രാജവംശം ടിബറ്റിലേയ്ക്ക് സൈന്യത്തെ അയച്ചതിനെത്തുടർന്ന് 1791-ൽ ഗൂർഖ സൈന്യം നേപ്പാളിലേയ്ക്ക് തിരിച്ചോടി. 1796-ൽ ക്വിങ് രാജവംശവും ഗൂർഖകളും തമ്മിൽ ഒരു സമാധാന കരാർ ഉണ്ടായി. നോർബുലിൻഗ്ക ഉദ്യാനവും വേനൽക്കാല കൊട്ടാരവും മറ്റ് പ്രവർത്തനങ്ങളും1783-ൽ നോർബുലിങ്‌ഗ്ക ഉദ്യാനം പണികഴിപ്പിച്ചത് ഇദ്ദേഹമാണ്. ലാസയുടെ പ്രാന്തപ്രദേശങ്ങളിൽ വേനൽക്കാല കൊട്ടാരം പണിതതും ഇദ്ദേഹത്തിന്റെ കാലത്താണ്.[5] ദക്ഷിണ ടിബറ്റ് വാസികൾക്കായി ഇദ്ദേഹം ശ്രീ ബുദ്ധന്റെ ഒരു മികച്ച ചെമ്പ് പ്രതിമ പണിയുവാൻ നിർദ്ദേശം നൽകി. 1960-കളിൽ ഈ പ്രതിമ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരപ്പെട്ടു. ഇപ്പോൾ ഈ പ്രതിമ ധർമശാലയിലെ ലൈബ്രറി ഓഫ് ടിബറ്റൻ വർക്ക്സ് ആൻഡ് ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്നു.[6] പിൽക്കാല ജീവിതംഇദ്ദേഹം നാല്പത്തിയേഴ് വയസ്സുവരെ ജീവിച്ചിരുന്നുവെങ്കിലും ലൗകിക കാര്യങ്ങളിൽ വലിയ താല്പര്യമില്ലാത്തതും എപ്പോഴും ചിന്തയിൽ മുഴുകിയിരിക്കുന്നതുമായ ഒരു വ്യക്തിയായിരുന്നു. ജീവിതത്തിൽ മിക്ക സമയങ്ങളിലും ഭരണം ഒരു റീജന്റ് നടത്തുന്നതിൽ ഇദ്ദേഹത്തിന് പൂർണ്ണ തൃപ്തിയായിരുന്നു.[7] 1804-ൽ 47 വയസ്സ് പ്രായമുള്ളപ്പോൾ ഇദ്ദേഹം മരണമടഞ്ഞു.[8] അടിക്കുറിപ്പുകൾ
അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia