സൗജന്യമായി ചിത്രങ്ങളും വീഡിയോകളും (15 സെക്കന്റ് ദൈർഘ്യമുള്ള) പങ്കു വെയ്ക്കുന്നതിനു വേണ്ടി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ് ഇൻസ്റ്റാഗ്രാം. ഉപയോക്താക്കൾക്ക് ഫോട്ടോ എടുക്കുന്നതിനും, ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും, ഇൻസ്റ്റാഗ്രാമിന്റേതടക്കമുള്ള നിരവധി സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും[3].
ആദ്യം ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റാഗ്രാം പിന്തുണ ഉണ്ടായിരുന്നത്. 2012 ഏപ്രിൽ മാസത്തിൽ കമ്പനി ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) യോ അതിനു മുകളിലോ ഉള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലും ഇത് സജ്ജമാക്കി. ഐട്യൂൺസ് ആപ്പ് സ്റ്റോർ വഴിയും, ഗൂഗ്‌ൾ പ്ലേ വഴിയുമാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്[4].
2012 ഏപ്രിൽ 12-നു് ഈ കമ്പനിയെയും അതിലെ 13 ജീവനക്കാരെയും ഫേസ്ബുക്ക് സ്വന്തമാക്കി[5]. ഏതാണ്ട് 1 ബില്യൺ ഡോളറിനാണ് ഫേസ്ബുക്ക് ഈ കമ്പനിയെ സ്വന്തമാക്കിയത്. നിലവിൽ ഈ കമ്പനി പ്രത്യേകമായി പ്രവർത്തിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്[6].
ചരിത്രം
2010-2011: ആരംഭം
കെവിൻ സിസ്ട്രോമുംമൈക്ക് ക്രീഗറും ചേർന്ന് വികസിപ്പിച്ച ബർബൻ എന്ന മൊബൈൽ ചെക്ക്-ഇൻ ആപ്ലിക്കേഷനായാണ് സാൻ ഫ്രാൻസിസ്കോയിൽ ഇൻസ്റ്റഗ്രാമിന്റെ വികസനം ആരംഭിക്കുന്നത്.[7] 2010 മാർച്ച് 5ന് ബേസ്ലൈൻ വെഞ്ച്വർസിന്റെയും ആൻഡ്രീസൺ ഹോറോവിറ്റ്സിന്റെയും സഹായത്തോട് കൂടി സിസ്ട്രോം $500,000 മൂലധനം സമാഹരിച്ചു.[8][9] ഫോർസ്ക്വയർ എന്ന് പേരുള്ള മറ്റൊരു ആപ്ലിക്കേഷനുമായി വളരെ അധികം സാമ്യം ബർബൻ പുലർത്തിയിരുന്നു എന്ന് തിരിച്ചറിഞ്ഞ കെവിൻ സിസ്ട്രോമും മൈക്ക് ക്രീഗറും അവരുടെ അപ്ലിക്കേഷന്റെ പ്രവർത്തനത്തെ ചിത്രങ്ങൾ പങ്കുവെക്കുന്നതിലേക്ക് കേന്ദ്രീകരിച്ചു. അവർ ബർബനെ ഇൻസ്റ്റഗ്രാം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.[10]
2010 ജൂലൈ 16ന് മൈക്ക് ക്രീഗറാണ് ആദ്യമായി ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്.[11] 2010 ഒക്ടോബർ 6ന് ഇൻസ്റ്റഗ്രാമിന്റെ ഐ.ഒ.എസ് പതിപ്പ് ആപ്പ് സ്റ്റോറിൽ ഔദ്യോഗികമായി പുറത്തിറങ്ങി.[12]2011 ഡിസംബറിൽ 14 ദശലക്ഷത്തിൽ കൂടുതൽ ഉപയോക്താക്കളുണ്ടായിരുന്ന ഇൻസ്റ്റഗ്രാം ആ വർഷത്തെ ഏറ്റവും മികച്ച ഐഫോൺ അപ്ലിക്കേഷനായി തിരഞ്ഞെടുക്കപ്പെട്ടു.[13]
7 ദശലക്ഷം ഡോളർ സീരീസ് എ ധനസമാഹരണമായി ബെഞ്ച്മാർക്ക് ക്യാപിറ്റൽ, ജാക്ക് ഡോർസി, ക്രിസ് സാക്ക, ആഡം ഡി’ എഞ്ചലോ എന്നിങ്ങനെ പല നിക്ഷേപകരിൽ നിന്നും ഇൻസ്റ്റഗ്രാം സമാഹരിച്ചതായി 2012 ഫെബ്രുവരി മാസം റിപ്പോർട്ട് ചെയ്യപ്പെട്ടു.[14] 2012 ഏപ്രിൽ മാസം ഇൻസ്റ്റ്രാം സംരഭമുതലാളിമാരിൽ നിന്നും 50 ദശലക്ഷം ഡോളർ സമാഹരിക്കുകയും 500 ദശലക്ഷം ഡോളർ മൂല്യമുള്ള കമ്പനിയായി മാറുകയും ചെയ്തു.[15]
2012 ഏപ്രിൽ 3ന് ഇൻസ്റ്റഗ്രാമിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങുകയും[16] ഒരു ദിവസത്തിനുള്ളിൽ തന്നെ ദശലക്ഷത്തിൽ കൂടുതൽ തവണ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്തു.[17] 2012 ഏപ്രിൽ 9ന് 100 കോടി ഡോളറിന് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം സ്വന്തമാക്കി.[18][19] 2012 ഓഗസ്റ്റ് 14ന് ബ്രിട്ടന്റെ ഓഫീസ് ഓഫ് ഫെയർ ട്രേഡിങ്ങ് ഈ ഇടപാട് അംഗീകരിക്കുകയും[20] 2012 ഓഗസ്റ്റ് 22ന് യു.എസിലെ ഫെഡറൽ ട്രേഡ് കമ്മീഷൻ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്ത് ഈ ഇടപാട് തുടർന്ന് നടത്തുവാൻ അനുവദിച്ചു.[21] 2012 സെപ്റ്റംബർ 6ന് 300 ദശലക്ഷം ഡോളറും ബാക്കി സ്റ്റോക്കും വാങ്ങി ഫേസ്ബുക്ക് ഇൻസ്റ്റഗ്രാമുമായുള്ള ഇടപാട് പൂർത്തിയാക്കി.[22]
2015-2017: രൂപമാറ്റവും വിൻഡോസ് ആപ്ലിക്കേഷനും
2015 ജൂൺ മാസം ഇൻസ്റ്റഗ്രാമിന്റെ ഡെസ്ക്ടോപ്പ് വെബ്സൈറ്റ് മൊബൈൽ വെബ്സൈറ്റിന്റെ ഉപയോക്തൃസമ്പർക്കമുഖവുമായി സാദൃശ്യം പുലർത്തുവാൻ വേണ്ടി രൂപമാറ്റം ചെയ്യപ്പെട്ടു. ഓരോ വരിയിലും പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നിലേക്ക് മാറുകയും ചിത്രങ്ങളുടെ ഇടയിൽ കൂടുതൽ അകലം വരുകയും ചെയ്തു. അതുപോലെ മുൻപ് ഉണ്ടായിരുന്ന ചതുരാകൃതിയിലുള്ള പ്രൊഫൈൽ ചിത്രങ്ങൾ വൃത്താകൃതിയിലേക്ക് മാറി.[23]
2016 ഏപ്രിൽ മാസം ഇൻസ്റ്റഗ്രാം വിൻഡോസ് 10 മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഈ ആപ്ലിക്കേഷനിൽ വീഡിയോകൾക്കും ആൽബം പോസ്റ്റുകൾക്കും സന്ദേശങ്ങൾക്കും പിന്തുണയുണ്ടായിരുന്നു.[24] 2016 ഒക്ടോബർ മാസം പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ടാബ്ലറ്റുകൾക്കും വേണ്ടി ഒരു വിൻഡോസ് 10 ആപ്ലിക്കേഷനും ഇൻസ്റ്റഗ്രാം പുറത്തിറക്കിയിരുന്നു.[25][26]
2016 മെയ് 11ന് ഇൻസ്റ്റഗ്രാം അവരുടെ രൂപകൽപ്പന മാറ്റുന്നതിന്റെ ഭാഗമായി ലോഗോ കൂടുതൽ അബ്സ്ട്രാക്ടും വർണാഭവുമാക്കി മാറ്റുകയും ഇൻസ്റ്റഗ്രാം ആപ്ലിക്കേഷനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് തീം കൊണ്ടുവരുകയും ചെയ്തു.[27][28]
2016 ഡിസംബർ 6ന് കമന്റുകൾ ലൈക്ക് ചെയ്യാനും കമന്റ് ബോക്സ് പ്രവർത്തനരഹിതമാക്കാനുമുള്ള സൗകര്യം ഇൻസ്റ്റാഗ്രാമിൽ ലഭ്യമായി.[29][30]
2017 മെയ് മാസം ഇൻസ്റ്റഗ്രാമിന്റെ മൊബൈൽ വെബ്സൈറ്റിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും എക്സ്പ്ലോർ ടാബും ലഭ്യമായി.[31][32]