അരൂബ
തെക്കൻ കരീബിയൻ കടലിലെ ലെസ്സർ ആന്റില്ലസ് മേഖലയുടെ ഭാഗമായ ഒരു ദ്വീപാണ് അരൂബ (/əˈruːbə/ ə-ROO-bə; Dutch pronunciation: [aˈruba]). 30 കിലോമീറ്ററാണ് ഈ ദ്വീപിന്റെ നീളം. ഇത് വെൻസ്വേലൻ തീരത്തുനിന്നും 27 കിലോമീറ്റർ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. ബോണൈർ കുറകാവോ എന്നീ ദ്വീപുകൾക്കൊപ്പം അരൂബയെ ലീവാഡ് ആന്റില്ലീസിലെ എ.ബി.സി. ദ്വീപുകൾ എന്നുവിളിക്കാറുണ്ട്. അരൂബയെയും ആന്റില്ലസിലെ മറ്റു ഡച്ചു ദ്വീപുകളെയും ചേർത്ത് നെതർലാന്റ്സ് ആന്റില്ലസ് അല്ലെങ്കിൽ ഡച്ച് ആന്റില്ലസ് എന്നു വിളിക്കാറുണ്ട്. കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ നാലു രാജ്യങ്ങളിലൊന്നാണ് അരൂബ. നെതർലാന്റ്സ്, കുറകാവോ സിന്റ് മാർട്ടൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെയെല്ലാം ജനങ്ങൾക്കും ഡച്ച് പൗരത്വമാണുള്ളത്. അരൂബയ്ക്ക് ഭരണപരമായ വിഭജനങ്ങളൊന്നുമില്ല. സെൻസസിന്റെ സൗകര്യത്തിനായി രാജ്യത്തെ എട്ടു പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്. ഒറാൻജെസ്റ്റഡ് ആണ് തലസ്ഥാനം. കരീബിയനിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി അരൂബയിൽ താരതമ്യേന വരണ്ട കാലാവസ്ഥയാണുള്ളത്. കള്ളിമുൾച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളാണിവിടെ. ഈ കാലാവസ്ഥ വിനോദസഞ്ചാരത്തെ സഹായിക്കുന്നുണ്ട്. 179 ചതുരശ്ര കിലോമീറ്ററാണ് ദ്വീപിന്റെ വിസ്തീർണ്ണം. ഉയർന്ന ജനസാന്ദ്രതയാണിവിടെ ഉള്ളത്. 2010-ലെ സെൻസസ് അനുസരിച്ച് 101,484 ആൾക്കാരാണ് ഇവിടെ താമസിക്കുന്നത്. ഹരിക്കേയ്ൻ ബെൽറ്റിനു വെളിയിലാണ് ഈ ദ്വീപ്. ജനകീയ തിരഞ്ഞെടുപ്പിലൂടെ നിലവിൽ വരുന്ന സ്റ്റാറ്റൻ ആണ് നിയമനിർമ്മാണസഭ. 21 അംഗ സഭ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു. നെതർലാന്റ്സ് രാജാവിന്റെ പ്രതിനിധിയായ ഗവർണറാണ് രാഷ്ട്രത്തലവന്റെ ചുമതല നിർവഹിക്കുന്നത്. സ്വർണ്ണഖനനം, പെട്രോളിയം, ടൂറിസം എന്നിവയാണ് പ്രധാന വരുമാനമാർഗ്ഗങ്ങൾ. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾAruba എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia