അബ്ദുല്ല ഇബ്നു മസൂദ്
മുഹമ്മദ് നബിയുടെ ശിഷ്യഗണങ്ങളിൽ പ്രധാനിയും ആദ്യകാലവിശ്വാസികളിലൊരാളുമായിരുന്നു അബ്ദുല്ല ഇബ്നു മസൂദ് (അറബി: عبدالله بن مسعود). വളരെ ചെറുപ്പത്തിൽ തന്നെ നബിയെ ശുശ്രൂഷിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം അബ്ദുല്ല വസിച്ചുവന്നു. ഇതിനാൽ ഇദ്ദേഹം നബികുടുംബത്തിലെ ഒരംഗമാണെന്നുപോലും സംശയിക്കപ്പെട്ടിട്ടുണ്ട്. നബിയുടെ സന്തതസഹചാരി ആയിരുന്ന അബ്ദുല്ല, പ്രവാചകന്റെ നാവിൽനിന്നുതന്നെയാണ് പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയത്. ഇദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഖുർആൻപാരായണം നബിയുടെതന്നെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. നബിയുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നതുകൊണ്ട് നബിയുടെ ജീവിതചര്യയെക്കുറിച്ച് മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ ഇദ്ദേഹത്തിന് അറിയാമായിരുന്നു. ഖുർആനിലും സുന്നത്തിലും ഉണ്ടായിരുന്ന പാണ്ഡിത്യം മൂലം ഖലീഫാ ഉമറിന്റെ കാലത്ത് അബ്ദുല്ല കൂഫാക്കാർക്ക് മതകാര്യങ്ങൾ പഠിപ്പിക്കുവാൻ നിയുക്തനായി. ചുരുങ്ങിയ കാലംകൊണ്ട് കൂഫ ഒരു വിജ്ഞാനകേന്ദ്രമാക്കി മാറ്റുവാൻ ഇദ്ദേഹത്തിനു സാധിച്ചു. നബിയുമൊത്ത് മിക്ക യുദ്ധങ്ങളിലും ഈ ശിഷ്യനും പങ്കു വഹിക്കുകയും ധീരത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ല പ്രഗല്ഭനായ ഒരു ഹദീസ് ഉദ്ധാരകൻകൂടിയാണ്. ഇദ്ദേഹം എ.ഡി. 650-ൽ മദീനയിൽ നിര്യാതനായി. അവലംബം
|
Portal di Ensiklopedia Dunia