എട്ടാം നൂറ്റാണ്ടിലെ ഒരു ഇസ്‌ലാമികപണ്ഡിതനും സാമ്പത്തികവിദഗ്ദനുമായിരുന്നു യഅ്ഖൂബ് ബിൻ ഇബ്റാഹിം അൽ-അൻസാരി ( അറബി:يعقوب بن إبراهيم الأنصاري ) എന്ന അബൂ യൂസുഫ് (അറബി:أبو يوسف) (d.798). അബൂഹനീഫയുടെ ശിഷ്യനായിരുന്ന അദ്ദേഹം[1] ഹനഫി മദ്‌ഹബിന്റെ വികാസത്തിൽ വലിയ പങ്കുവഹിച്ചു. ഖലീഫ ഹാറൂൻ റഷീദിന്റെ കാലത്ത് ന്യായാധിപനായി സേവനമനുഷ്ഠിച്ച അബൂ യൂസഫ് രാഷ്ട്രത്തിന്റെ നികുതിവ്യവസ്ഥയെ കുറിച്ച് കിതാബ് അൽ ഖറാജ് എന്ന ഗ്രന്ഥം രചിച്ചത് വിഖ്യാതമായിത്തീർന്നു.
ജീവിതരേഖ
എട്ടാം നൂറ്റാണ്ടിൽ ഇറാഖിലെ കൂഫയിലും ബഗ്ദാദിലുമായി ജീവിച്ചിരുന്ന അബു യൂസഫ്, പ്രവാചകൻ മുഹമ്മദിന്റെ കാലത്ത് മദീനയിലുണ്ടായിരുന്ന സാദ് ഇബ്ൻ ഹബ്തയുടെ വംശാവലിയിലാണ് ജനിച്ചത്[2]. ദരിദ്രമായ കുടുംബ പശ്ചാത്തലം കാരണം, തന്റെ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ ഉപജീവനമാർഗ്ഗങ്ങൾ തേടാൻ അബൂ യൂസഫ് നിർബന്ധിതനായി എന്നാണ് പറയപ്പെടുന്നത്. തയ്യൽക്കാരനായി ജോലിചെയ്യുമ്പോഴും അദ്ദേഹം പഠനം തുടർന്നു എന്നാണ് ചരിത്രം[3]. പഠനത്തോട് അബൂ യൂസഫിന്റെ പ്രതിപത്തി തിരിച്ചറിഞ്ഞ[3] ഗുരു അബൂ ഹനീഫ, തന്റെ പ്രിയശിഷ്യന്മാരിൽ അബൂ യൂസഫിനെ ചേർക്കുകയായിരുന്നു. വ്യത്യസ്ഥങ്ങളായ അവലംബങ്ങൾ പ്രകാരം, അബൂ ഹനീഫ, മാലിക് ഇബ്ൻ അനസ്, ലൈഥ് ഇബ്ൻ സഅദ് തുടങ്ങിയവരിൽ നിന്നായി കൂഫയിലും മദീനയിലുമായി വിദ്യാഭ്യാസം നേടി.[4]
731-ൽ ഇറാക്കിൽ ജനിച്ചു. ഹനഫീമദ്ഹബു എന്ന ചിന്താസരണിയുടെ ഉപജ്ഞാതാവായ ഇമാം, അബുഹനീഫയുടെ മുഖ്യ ശിഷ്യനായിരുന്നു. ഈ ചിന്താസരണിയുടെ വികാസത്തിനും പ്രചാരണത്തിനുംവേണ്ടി അബൂ യൂസഫ് വഹിച്ച പങ്ക് ഗണനീയമാണ്. പല അബ്ബാസിയാ ഖലീഫമാരുടെയും കീഴിൽ ഖാളി (ന്യായാധിപൻ) ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹത്തെ ഹാറൂൻ റഷീദ്, ബാഗ്ദാദിൽ മുഖ്യ ന്യായാധിപനായി നിയമിച്ചു. ഖലീഫയുടെ വിശ്വസ്ത സുഹൃത്തും നിയമോപദേഷ്ടാവും കൂടിയായിരുന്നു അബൂ യൂസുഫ്. മതസംബന്ധമായി ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത് കിതാബുൽ ഖറാജ് എന്ന ഭൂനികുതിനിയമഗ്രന്ഥമാണ്. ചാണക്യന്റെ കൃതിക്കുശേഷം പൌരസ്ത്യലോകത്ത് രചയിതമായ ആദ്യത്തെ അർഥശാസ്ത്രഗ്രന്ഥമാണിത്. കൃഷിക്കാരുടെമേലുള്ള അമിതമായ നികുതിഭാരം കാർഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും തരിശുഭൂമിയുടെ ഉടമാവകാശം അത് കൃഷിയോഗ്യം ആക്കിയവനാണെന്നും അബൂ യൂസുഫ് ഈ കൃതിയിൽ സിദ്ധാന്തിച്ചിട്ടുണ്ട്. ഇദ്ദേഹം 798-ൽ ബാഗ്ദാദിൽ നിര്യാതനായി.